അഞ്ജലി c/o കോച്ച് ആൻസി; അനുജത്തി അഞ്ജലിയുടെ പരിശീലകയായി ആൻസി സോജൻ
Mail This Article
കൊച്ചി ∙ ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ സ്കൂൾ മീറ്റിന്റെ ട്രാക്കിലേക്കു തിരിച്ചെത്തുന്നു. സംസ്ഥാന സ്കൂൾ കായികമേളയിലെ 4 റെക്കോർഡുകൾ ഇപ്പോഴും കയ്യടക്കി വച്ചിരിക്കുന്ന തൃശൂർ നാട്ടിക സ്വദേശിനി ആൻസിയുടെ തിരിച്ചുവരവ് പരിശീലക വേഷത്തിലാണ്. സീനിയർ പെൺകുട്ടികളുടെ ലോങ്ജംപിലും ട്രിപ്പിൾ ജംപിലും മത്സരിക്കുന്ന അനുജത്തി ഇ.എസ്.അഞ്ജലിയുടെ പരിശീലകയാണ് ആൻസി.
ബെംഗളൂരുവിലെ ദേശീയ അത്‌ലറ്റിക്സ് ക്യാംപിൽ പരിശീലനം നടത്തിവരുന്ന ആൻസി ഓഫ് സീസണിന്റെ ഭാഗമായി നാട്ടിലെത്തിയതാണ്. ചേച്ചിയുടെ മേൽനോട്ടത്തിൽ പരിശീലനം ആരംഭിച്ച ശേഷമുള്ള ആദ്യ മത്സരമായ തൃശൂർ റവന്യു ജില്ലാ മേളയിൽ 2 സ്വർണം നേടിയാണ് അഞ്ജലി സംസ്ഥാന മീറ്റിന് ടിക്കറ്റെടുത്തത്.
സ്കൂൾ കായികമേളകളിൽ കേരളത്തിന്റെ മിന്നും താരമായിരുന്ന ആൻസി 2019ൽ സ്ഥാപിച്ച സീനിയർ വിഭാഗം 100, 200, ലോങ്ജംപ് മത്സരങ്ങളിലെ മീറ്റ് റെക്കോർഡിന് ഇതുവരെ ഇളക്കം തട്ടിയിട്ടില്ല. ഇതിനു പുറമേ ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ റെക്കോർഡും ആൻസിക്കു സ്വന്തമാണ്. അഞ്ജലിയും സ്കൂൾ മീറ്റിൽ പുതുമുഖമല്ല. 2022ൽ ലോങ്ജംപിലും കഴിഞ്ഞവർഷം ട്രിപ്പിൾ ജംപിലും അഞ്ജലി സ്വർണം നേടിയിരുന്നു. തൃശൂർ നാട്ടിക ജിഎഫ്എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.