ഒളിംപിക്സിലേക്കുള്ള സ്റ്റാർട്ടിങ് പോയിന്റ്
Mail This Article
സംസ്ഥാന സ്കൂൾ കായികമേളയിൽ ഇന്ന് അത്‌ലറ്റിക്സിനു തുടക്കമാകുന്നു. ജനകീയതകൊണ്ടും നടത്തിപ്പുകൊണ്ടും ഒളിംപിക്സ് മാതൃകയിലുള്ള കായികമേള. ഇതു കാണുമ്പോൾ എന്റെ നോട്ടം 2036 ഒളിംപിക്സിലേക്കാണ്. അതിനു വേദിയാകാൻ ഇന്ത്യ ശ്രമം തുടങ്ങിക്കഴിഞ്ഞു. ശരിയായ ദിശയിൽ മുന്നേറിയാൽ ഈ സ്കൂൾ മേളയിൽനിന്നുള്ള താരങ്ങളാകും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഒളിംപിക്സിൽ മത്സരിക്കുക!
നമ്മുടെ കൊച്ചുകേരളം എത്രയെത്ര അത്‌ലിറ്റുകളെയാണു സൃഷ്ടിച്ചിട്ടുള്ളത്. കേരളത്തെ ഇന്ത്യയുടെ സ്പോർട്സ് ഫാക്ടറി എന്നു വിശേഷിപ്പിച്ച കാലമുണ്ടായിരുന്നു. ഇന്നത്തെ സ്ഥിതിയോ? ഒളിംപിക്സിൽ നമ്മളൊരു ശ്രീജേഷിലേക്ക് ഒതുങ്ങുന്നു. സ്കൂൾ തലത്തിൽനിന്ന് ഒരു തുടർച്ച ലഭിച്ചതായിരുന്നു ഞങ്ങളുടെ കാലത്തെ സൗഭാഗ്യം. സ്കൂൾതലത്തിൽ മികച്ച പ്രകടനം നടത്തിയാൽ പല കോളജുകളും അത്‌ലീറ്റുകളെ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. കോളജ് വിട്ടാൽ ജോലി ലഭിക്കുന്ന സ്ഥാപനങ്ങളിലും സ്പോർട്സ് തുടരാനായിരുന്നു. എന്നാൽ ഇന്ന് സ്കൂൾ തലത്തിൽ മികവുകാട്ടുന്ന പലരെയും പിന്നീടു കാണാതാകുന്നു.
കേരളത്തിൽ മികച്ച തൊഴിൽ അവസരമില്ലെന്നതാണ് ഇതിനു പ്രധാന കാരണം. പലരും കോളജ് തലത്തിലേക്കെത്തുന്നില്ല. പാതിവഴിയിൽ നമുക്ക് ഒരുപാടു ചാംപ്യന്മാരെ നഷ്ടമാകുന്നു.
മികവു തെളിയിക്കുന്നവർക്കു പഠിക്കാൻ ഒരുപാടു മേഖലകളുണ്ട് എന്നതാണു യഥാർഥ്യം. ഇത്തവണത്തെ കായികമേളയിൽ മികവു തെളിയിക്കുന്നവർ ഏതു കോളജുകളിലേക്കു പോകുന്നു, എങ്ങനെ അവരുടെ കരിയർ മുന്നോട്ടുപോകുന്നു എന്നിവയെല്ലാം കൃത്യമായി നിരീക്ഷിക്കാൻ സംവിധാനം വേണം. അവർ, രാജ്യത്തിന്റെ വാഗ്ദാനങ്ങളാണ്. സ്കൂൾ മീറ്റ് ഒരു അവസാനമല്ല, മികച്ച സ്റ്റാർട്ടിങ് പോയിന്റാണ്. രാജ്യാന്തര തലത്തിലേക്കുള്ള സ്റ്റാർട്ടിങ് പോയിന്റ്!