ഇവിടെയുണ്ട് ഞങ്ങൾ; റെക്കോർഡുകളും!
Mail This Article
∙ ബിന്ദു മാത്യു
ജിവിഎച്ച്എസ്എസ് കണ്ണൂർ (1987)
സബ് ജൂനിയർ ഗേൾസ് 100 മീറ്റർ: 12.70 സെക്കൻഡ്, 200 മീറ്റർ: 26.30 സെക്കൻഡ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ശബ്ദത്തിന്റെ ഉടമയായ ബിന്ദുവിന്റെ പേരിലാണ് സംസ്ഥാന കായികമേളയിലെ ഏറ്റവും പഴക്കമേറിയ റെക്കോർഡ്. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വിവരങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ശബ്ദം നൽകിയ ബിന്ദു മാത്യു 1987ൽ സ്ഥാപിച്ച സബ് ജൂനിയർ ഗേൾസ് 100 മീറ്റർ, 200 മീറ്റർ റെക്കോർഡുകൾ ഇനിയും തകർന്നിട്ടില്ല. ഇതിൽ 100 മീറ്ററിൽ പി.ടി.ഉഷയുടെ റെക്കോർഡാണ് മറികടന്നത്. രേഖകളിൽ റെക്കോർഡ് ഉടമയുടെ പേര് തെറ്റായി സിന്ധു മാത്യു എന്നാണ് നൽകിയിട്ടുള്ളത്. കൊച്ചിയിൽ റെയിൽവേ ഉദ്യോഗസ്ഥയാണ് ബിന്ദു ഇപ്പോൾ.
∙ പി. റാം കുമാർ
ജി.വി.രാജാ സ്പോർട്സ് സ്കൂൾ മൈലം (1988)
ജൂനിയർ ബോയ്സ് 100 മീറ്റർ: 10.90 സെക്കൻഡ്
കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ മൂന്നരപ്പതിറ്റാണ്ടു മുൻപ് താൻ കുറിച്ച റെക്കോർഡ് തകരുന്നത് കാണാൻ പല മേളകളിലായി റാംകുമാർ എത്തിയിരുന്നു. മംഗളൂരുവിൽ റെയിൽവേ ഉദ്യോഗസ്ഥനായ അദ്ദേഹം ജോലി ത്തിരക്കു കാരണം ഇത്തവണ കൊച്ചിയിൽ മേളയ്ക്ക് എത്തില്ല. പക്ഷേ ഇത്തവണയും ഈ റെക്കോർഡ് തകരില്ലെന്ന് അദ്ദേഹത്തിന്റെ പ്രവചനം.
∙ ബി.രശ്മി
സെന്റ് മേരീസ് ജിഎച്ച്എസ്എസ്, പാലാ (1990)
സബ് ജൂനിയർ ഗേൾസ്: ലോങ് ജംപ്, 5.28 മീറ്റർ
കായികമേഖലയിൽനിന്ന് മാറിയെങ്കിലും താൻ റെക്കോർഡ് കുറിച്ച ആവേശകരമായ ആ കാലം മറന്നിട്ടില്ല പത്തനംതിട്ട സ്വദേശി ഡോ.ബി.രശ്മി. ഹൈജംപിലും അതേ വർഷം റെക്കോർഡ് സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് തിരുത്തപ്പെട്ടു. സ്കൂൾ കാലഘട്ടം കഴിഞ്ഞ് കോളജ് തുടക്കം വരെ സ്പോർട്സ് രംഗത്തുണ്ടായിരുന്നു. പരുക്ക് കാരണം ഉപേക്ഷിക്കേണ്ടി വന്നു. നിലവിൽ മലപ്പുറം കൊട്ടപ്പുറത്ത് സ്കൂൾ അധ്യാപികയാണ്.
∙ ടി. താലിബ്
ജി.വി.രാജാ സ്പോർട്സ് സ്കൂൾ, മൈലം (1993)
സബ് ജൂനിയർ ബോയ്സ് 200 മീറ്റർ 200 മീറ്റർ: 23.70 സെക്കൻഡ്
സബ് ജൂനിയർ ബോയ്സ് 80 മീറ്റർ ഹർഡിൽസ്: 11.00 സെക്കൻഡ്
‘റെക്കോർഡുകളുടെ രാജകുമാരൻ’– ഇരട്ടറെക്കോർഡ് സ്വന്തമാക്കിയപ്പോൾ പത്രത്തിൽ ഒന്നാം പേജ് പടത്തിനൊപ്പം വന്ന വാർത്തയുടെ തലക്കെട്ടും ടി.താലിബ് മറന്നിട്ടില്ല. അന്നു താൻ മണ്ണിൽ ഓടി നേടിയ റെക്കോർഡ് സിന്തറ്റിക് ട്രാക്കിൽ വിദ്യാർഥികൾ മറികടക്കട്ടെയെന്നു താലിബിന്റെ ആശംസ. നിലവിൽ സ്പോർട്സ് കൗൺസിലിന്റെ പരിശീലകനായി വയനാട്ടിൽ ജോലി ചെയ്യുന്ന താലിബ് ഇത്തവണയും മേളയ്ക്കായി കൊച്ചിയിലെത്തിയിട്ടുണ്ട്.
∙ ഷെറി മാത്യു
ജിവിഎച്ച്എസ്എസ് കണ്ണൂർ (1988)
ജൂനിയർ ഗേൾസ് 100 മീറ്റർ: 12.10 സെക്കൻഡ്
സർക്കാർ രേഖകളിൽ ഷെറി എന്നതിനു പകരം ഷേർളി മാത്യു എന്ന് തെറ്റായാണ് നൽകിയിരിക്കുന്നത്. തന്റെ റെക്കോർഡ് തകർക്കപ്പെടാത്തത് കായികകേരളത്തിന്റെ അവസ്ഥയുടെ നേർചിത്രമാണെന്ന് ഷെറി. അന്നത്തെക്കാലത്ത് പരിമിതമായ സൗകര്യങ്ങളിലാണ് മത്സരിച്ചിരുന്നത്. എന്നാൽ, ഇന്നു സൗകര്യങ്ങൾ വർധിച്ചിട്ടും പ്രകടനം മെച്ചപ്പെടുന്നില്ല.
23 വർഷം പഴക്കമുള്ള റെക്കോർഡ് തകർക്കൂ; പാരിതോഷികം പ്രഖ്യാപിച്ച് നിലവിലെ റെക്കോർഡ് ഉടമ കെ.ജെ. വിജില; ‘എന്റെ റെക്കോർഡ് തകർക്കുന്ന മിടുക്കിക്ക് 5001 രൂപ’
സംസ്ഥാന സ്കൂൾ കായികമേളയിൽ 23 വർഷം പഴക്കമുള്ള തന്റെ റെക്കോർഡ് തകർക്കാനെത്തുന്ന മിടുക്കിക്ക് 5001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കണ്ണൂർ പള്ളിക്കുന്ന് സ്വദേശിനി കെ.ജെ.വിജില. പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ 2001ലെ കായികമേളയിലാണ് വിജില മീറ്റ് റെക്കോർഡ് (1.01 മിനിറ്റ്) സ്ഥാപിച്ചത്. റെയിൽവേയിൽ ചീഫ് കമേഴ്സ്യൽ ക്ലാർക്കാണ് കെ.ജെ.വിജില.