വിഡിയോഗ്രഫർ ഇല്ലെങ്കിലെന്താ, മൊബൈൽ ഫോൺ ഉണ്ടല്ലോ!; മത്സരങ്ങളുടെ ദൃശ്യങ്ങൾ പരിശോധനയ്ക്കായി ചിത്രീകരിക്കുന്നത് മൊബൈൽ ഫോണിൽ
Mail This Article
ഒളിംപിക്സ് മാതൃകയിലാണ് സ്കൂൾ കായികമേള സംഘടിപ്പിക്കുന്നതെന്നാണ് പ്രഖ്യാപനമെങ്കിലും ജൂഡോ, റസ്‌ലിങ്, ഫെൻസിങ് മത്സരങ്ങളുടെയെല്ലാം അപ്പീൽ തീർപ്പാക്കാൻ മൊബൈൽ ക്യാമറയിൽ മത്സരം ഷൂട്ട് ചെയ്തു കാണേണ്ട ഗതികേടിലായിരുന്നു സംഘാടകരും ജൂറിമാരും. അപ്പീൽ സാധ്യതയുള്ള ഈ മത്സരങ്ങൾ എല്ലാ വശങ്ങളിൽ നിന്നും ക്യാമറയിൽ ഷൂട്ട് ചെയ്ത് ജൂറിക്കു മുന്നിൽ തൽസമയം മോണിറ്ററിൽ കാണിക്കണമെന്നാണ് നിയമം.
അപ്പീലുണ്ടെങ്കിൽ ഈ ദൃശ്യങ്ങൾ പരിശോധിച്ചാണ് വിധി നിർണയിക്കുക. രാജ്യാന്തര മത്സരങ്ങളിൽ 8 ക്യാമറകളിലാണ് മത്സരം ഷൂട്ട് ചെയ്യുക. എന്നാൽ ഇവിടെ സാമ്പത്തിക ഞെരുക്കം കാരണം ഒരു ക്യാമറ പോലും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ് സംഘാടകർ കൈമലർത്തി. ഇതോടെ കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിൽ നടന്ന ജൂഡോ മത്സരം സംഘടിപ്പിക്കുന്ന ജൂഡോ അസോസിയേഷൻ സ്വന്തം നിലയ്ക്ക് വൊളന്റിയർമാരെ മൊബൈൽ ഫോണിൽ മത്സരം ചിത്രീകരിക്കാൻ ഏൽപിച്ചു. കോർട്ടിന്റെ ഇരുവശത്തുമിരുന്ന വൊളന്റിയർമാർ മൊബൈലിൽ പകർത്തിയ വിഡിയോ കണ്ടാണ് ജൂറി തർക്ക പരിഹാരം നടത്തിയത്.
ജൂഡോ, ഗുസ്തി, ഫെൻസിങ് തുടങ്ങിയ മത്സരങ്ങൾക്ക് പോയിന്റുകൾ തീരുമാനിക്കുന്നത് കോർട്ടിന്റെ വശങ്ങളിലിരിക്കുന്ന വിധികർത്താക്കളാണ്. ഇവരുടെ തീരുമാനം സംബന്ധിച്ച് തർക്കങ്ങൾ ഉയരുമ്പോഴാണ് ജൂറിയുടെ പരിഗണനയ്ക്കെത്തുന്നത്. ചിത്രീകരിച്ച ദൃശ്യങ്ങൾ നോക്കി മാത്രമേ ഇക്കാര്യത്തിൽ തീർപ്പുണ്ടാക്കാനാകൂ. അതിനാണ് മൊബൈൽ ഫോൺ ഉപയോഗിച്ചത്.