ADVERTISEMENT

കൊച്ചി∙ സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നടത്തത്തിനിടെയാണ് കൂട്ടത്തിലെ ‘ജൂനിയറിനെ’ എല്ലാവരും ശ്രദ്ധിച്ചത്. ജൂനിയർ വിഭാഗത്തിൽ മത്സരിക്കേണ്ട പാലക്കാട് പനങ്ങാട്ടിരി ആർപിഎംഎസ്എസിലെ യു. ശ്രേയ സീനിയർ വിഭാഗത്തിൽ പോരാട്ടത്തിനിറങ്ങാൻ ഒരു കാരണമുണ്ട്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ചേച്ചിയായതിന്റെ പക്വത. ശ്രേയയുടെ ഇരട്ടസഹോദരി ശ്രദ്ധ മൂന്നു കിലോമീറ്റർ നടത്തത്തില്‍ ജൂനിയർ വിഭാഗത്തിൽ മത്സരിക്കുന്നുണ്ട്. അനുജത്തിക്കൊപ്പം മത്സരിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് സീനിയർ വിഭാഗത്തിലേക്കു മാറാൻ ശ്രേയ തീരുമാനിക്കുകയായിരുന്നു.

17:01.20 മിനിറ്റിൽ ഫിനിഷ് ചെയ്ത ശ്രേയ മത്സരത്തിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി ഞെട്ടിച്ചു. മലപ്പുറത്തിന്റെ കെ.പി. ഗീതുവിനാണ് ഈയിനത്തിൽ ഒന്നാം സ്ഥാനം. പാലക്കാടിന്റെ വി. അനശ്വര രണ്ടാം സ്ഥാനത്തുമെത്തി.

ശ്രേയ നടത്തത്തിൽ മത്സരിക്കാന്‍ തുടങ്ങിയിട്ട്‍ ഒരു വർഷം മാത്രമേ ആകുന്നുള്ളു. വിജയസാധ്യത കൂടി പരിഗണിച്ചാണ് ഓട്ടം ഉപേക്ഷിച്ച് നടത്തത്തിലേക്കു മാറിയത്. സാധാരണയായി കൊല്ലങ്കോട്ടെ സ്കൂൾ ഗ്രൗണ്ടിലും ആഴ്ചയില്‍ മൂന്നു ദിവസം പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലുമാണ് ശ്രേയയും സഹോദരി ശ്രദ്ധയും പരിശീലിക്കുന്നത്.

സ്ഥിരം പരിശീലനത്തിന് മികച്ചൊരു മൈതാനമില്ലാത്തതിന്റെ ബുദ്ധിമുട്ട് ശ്രേയ തുറന്നുപറഞ്ഞു. കൊല്ലങ്കോട്ടെ സൗകര്യങ്ങൾ പരിമിതമായതിനാലാണ് പരിശീലനം പാലക്കാട്ടു കൂടി നടത്തേണ്ടിവരുന്നതെന്നും ശ്രേയ വ്യക്തമാക്കി. സഹോദരി ശ്രദ്ധയുടെ മത്സരം വെള്ളിയാഴ്ചയാണ്. കായികാധ്യാപകനായ ബിജു വാസുദേവന്റെ കിഴിലാണ് ഈ ഇരട്ടക്കുട്ടികൾ പരിശീലിക്കുന്നത്.

ദുബായിൽ ഡ്രൈവറായ ഉണ്ണികൃഷ്ണന്റെയും ശാന്തയുടേയും മക്കളാണ് ഇവർ. സബ്ജൂനിയർ വിഭാഗത്തിൽ മത്സരം ഇല്ലാത്തതുകൊണ്ട് ഒരാൾ സീനിയർ, മറ്റൊരാൾ ജൂനിയർ വിഭാഗത്തിൽ മത്സരിക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. കൊച്ചി മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ മത്സരം പൂർത്തിയാക്കിയതിനു പിന്നാലെ തളര്‍ന്നുപോയ ശ്രേയ ചികിത്സ തേടിയ ശേഷമാണ് മാധ്യമങ്ങളെ കാണാനെത്തിയത്.

English Summary:

Twin Power: Junior Athlete Makes Waves Competing in Senior Category for Her Sister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com