പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരം; ജൂനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ സ്വർണമെഡലിലേക്ക് അമൽചിത്രയുടെ ‘ജംപ്’!
Mail This Article
കൊച്ചി∙ പിറന്നാൾ ദിനത്തിൽ ഇരട്ടി മധുരമായി പോൾവോൾട്ടിൽ സ്വർണമെഡലിലേക്ക് പറന്നുയർന്ന് കെ.എസ്. അമൽചിത്രയെന്ന പതിനഞ്ചുകാരി. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇന്നു നടന്ന ജൂനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിലാണ് അമൽചിത്ര സ്വർണം നേടിയത്. സ്വർണത്തിളക്കത്തോടെ മത്സരം കഴിഞ്ഞിറങ്ങിയ അമൽ ചിത്രയെ വരവേറ്റത് പിറന്നാൾ കേക്കുമായി കാത്തുനിന്ന പരിശീലകനും അച്ഛനും.
2.90 മീറ്റർ ഉയരം താണ്ടിയാണ് അമൽചിത്ര സ്കൂൾ കായികമേളയിൽ സ്വർണം നേടിയത്. മലപ്പുറം ഐഡിയൽ ഇഎച്ച്എസ്എസ് കടകശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അമൽചിത്ര. തൃശൂർ താണിക്കുടം സ്വദേശിയായ കെ.പി. സുധീഷിഷ് – വിജിത ദമ്പതികളുടെ മകൾ. കഴിഞ്ഞ സ്കൂൾ കായികമേളയിൽ അഞ്ചാമതായിരുന്നു അമൽചിത്ര. ഐഡിയൽ സ്കൂളിലെ അഖിൽ ആണ് പരിശീലകൻ.
ഇത്തരമൊരു പിറന്നാൾ ആഘോഷം പ്രതീക്ഷിച്ചില്ലെന്ന് അമൽചിത്ര പ്രതികരിച്ചു. ‘‘നേരത്തെ 800 മീറ്റർ ഓട്ടത്തിൽ ആണ് പങ്കെടുത്തിരുന്നത്. രണ്ടു വർഷം മുൻപ് അഖിൽ സർ ആണ് പോൾവോൾട്ടിലേക്ക് കൊണ്ടുവന്നത്. സ്വർണം നേടിയതിൽ സന്തോഷം’’ – അമൽചിത്ര പറഞ്ഞു. കരാട്ടെ ഉൾപ്പെടെ പരിശീലിച്ചിട്ടുള്ള അമൽചിത്രയുടെ പോസ്റ്റേസ് കണ്ടാണ് പോൾവോൾട്ടിലേക്ക് മാറ്റിയതെന്ന് അഖിൽ പറഞ്ഞു.
എറണാകുളം കോതമംഗലം മാർ ബേസിൽ സ്കൂളിലെ സഫാനിയ നിട്ടു വെള്ളിയും കോട്ടയം സെന്റ് തോമസ് എച്ച്എസ്എസിലെ ആൻഡ്രി ആലി വിൻസെന്റ് വെങ്കലവും നേടി.