പരിശീലനത്തിനായി ദിവസവും പാലക്കാട്ടേക്ക്; കൊച്ചിയിൽവന്ന് ‘സ്വർണ ദൂരം’ നടന്ന് കീഴടക്കി മലപ്പുറത്തിന്റെ നിരഞ്ജന
Mail This Article
കൊച്ചി∙ ജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന മേളയ്ക്കു യോഗ്യത നേടിയപ്പോൾ മലപ്പുറം കെഎച്ച്എംഎച്ച്എസ് ആലത്തിയൂർ സ്കൂളിലെ പി. നിരഞ്ജനയ്ക്കും പരിശീലകൻ റിയാസിനും ഒരു കാര്യത്തിലായിരുന്നു ആശങ്ക; മികച്ച താരങ്ങളോടു മത്സരിക്കുന്നതിനായി ഒരുങ്ങാനുള്ള സൗകര്യങ്ങൾ സ്വന്തം നാട്ടിലോ മലപ്പുറം ജില്ലയിലോ ഇല്ല. മികച്ച സംവിധാനങ്ങളില്ലെങ്കിൽ മത്സരത്തിൽ പിന്നിലായിപ്പോകും. എന്തു ചെയ്യും എന്ന ചോദ്യമുയർന്നപ്പോഴാണ്, തൊട്ടപ്പുറത്തുള്ള പാലക്കാട് ജില്ലയിൽ എല്ലാ സൗകര്യങ്ങളുമുള്ള സിന്തറ്റിക് ട്രാക്ക് ഉണ്ടല്ലോയെന്ന് ഓർത്തത്.
പിന്നെ മടിച്ചില്ല, പരിശീലനത്തിനായി പാലക്കാടേക്കു വണ്ടി കയറിത്തുടങ്ങി. ചിട്ടയായി നടത്തിയ പരിശീലനം എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ പെൺകുട്ടികളുടെ നടത്ത മത്സരത്തിൽ ആഗ്രഹിച്ച ഫലം തന്നെ നിരഞ്ജനയ്ക്കു നേടിക്കൊടുത്തു. ആലത്തിയൂർ സ്കൂളിനായി രണ്ടാമത്തെ സ്വർണം. 16:10.34 മിനിറ്റിലാണ് നിരഞ്ജന മത്സരം പൂർത്തിയാക്കിയത്.
‘‘നടത്ത മത്സരത്തിലെ പോരാട്ടം കുറച്ചു കടുപ്പമായിരുന്നു. എതിരാളികളെല്ലാം ശക്തരായിരുന്നു. മികച്ച രീതിയിൽ തന്നെ എല്ലാവരും മത്സരിച്ചു. കഴിഞ്ഞ സംസ്ഥാന മേളയിൽ ലഭിച്ച രണ്ടാം സ്ഥാനം ഇത്തവണ സ്വർണമാക്കി മാറ്റാനായതിൽ സന്തോഷം.’’– നിരഞ്ജന മനോരമ ഓൺലൈനിനോടു പറഞ്ഞു.
കഴിഞ്ഞ മീറ്റിൽ സീനിയർ വിഭാഗം നടത്തത്തിലാണ് നിരഞ്ജന മത്സരിച്ചത്. കഴിഞ്ഞ വർഷം ഇതേ സ്കൂളിൽനിന്ന് തന്നെ ജൂനിയർ വിഭാഗത്തിൽ മറ്റൊരു പെൺകുട്ടി മത്സരിച്ചതോടെയാണ് നിരഞ്ജനയ്ക്കു സീനിയർ വിഭാഗത്തിലേക്കു മാറേണ്ടിവന്നത്. എന്നാൽ ഇത്തവണ ജൂനിയറിൽ തന്നെ ഇറങ്ങാൻ നിരഞ്ജന തീരുമാനിച്ചു. ആലത്തിയൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് നിരഞ്ജന.
ആലത്തിയൂർ പുത്താഞ്ചേരിയിലെ കൂലിപ്പണിക്കാരനായ പ്രസീത് – ശ്രീജിത ദമ്പതികളുടെ മകളാണ് നിരഞ്ജന. സുഹൃത്തുക്കൾ പരിശീലിക്കുന്നതു കണ്ടാണ് കായിക മേഖലയിലേക്കു വന്നതെന്ന് നിരഞ്ജന വെളിപ്പെടുത്തി.
‘‘എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണു പരിശീലനം തുടങ്ങിയത്. ആദ്യം ദീർഘദൂര ഓട്ടത്തിലാണു പങ്കെടുത്തിരുന്നത്. പിന്നീട് നടത്തത്തിലേക്കു മാറുകയായിരുന്നു.’’– നിരഞ്ജന വ്യക്തമാക്കി. സംസ്ഥാന മേളയ്ക്കു വേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ ചാത്തന്നൂർ സ്കൂളിലെ സിന്തറ്റിക്ക് ട്രാക്കിലായിരുന്നു നിരഞ്ജനയുടെ പരിശീലനം. രാവിലെ ആലത്തിയൂരിൽനിന്ന് ചാത്തന്നൂരിലെത്തി വൈകുന്നേരം വരെ പരിശീലനം നടത്തി ശേഷം നാട്ടിലേക്കു മടങ്ങുകയാണു ചെയ്തിരുന്നത്.