ADVERTISEMENT

കൊച്ചി∙ സിന്തറ്റിക് ട്രാക്കിൽ ആദ്യമായി മത്സരിക്കുന്നതിന്റെ അന്ധാളിപ്പ് ഒരുവശത്ത്. ശാസ്ത്രീയമായ പരിശീലനത്തിന്റെ പിൻബലമില്ലാതെ, സ്പോർട്സ് സ്കൂളുകളിൽനിന്ന് ഉൾപ്പെടെ മത്സരിക്കാനെത്തിയവരെ നേരിടുന്നതിന്റെ പകപ്പ് മറുവശത്ത്. ഇതിനെല്ലാം പുറമേ കാഴ്ചക്കുറവിന്റെ പരിമിതികൾ മറികടക്കാൻ വലിയ കട്ടിക്കണ്ണട വച്ചു മത്സരിക്കുന്നതിന്റെ വെല്ലുവിളികൾ വേറെ! പൊതുവായ കാഴ്ചയിൽ എല്ലാം കൊണ്ടും പ്രതികൂലമെന്ന് പറയാവുന്ന സാഹചര്യങ്ങളെക്കൂടി ഓടിത്തോൽപ്പിച്ചാണ് നിയാസ് അഹമ്മദ് എന്ന ഒൻപതാം ക്ലാസുകാരൻ സംസ്ഥാന കായികമേളയിൽ സബ്ജൂനിയർ വിഭാഗത്തിൽ വേഗരാജാവായത്. ഒപ്പം, കാസർകോട് ജില്ലയ്ക്കായി ട്രാക്കിൽനിന്ന് ആദ്യ സ്വർണം ഓടിയെടുത്തതും.

അംഗഡിമൊഗർ ജിഎച്ച്എസ്എസിലെ വിദ്യാർഥിയായ ബി.എ. നിയാസ് അഹമ്മദ് ആദ്യ കാഴ്ചയിൽത്തന്നെ ആരും ഒന്നു ശ്രദ്ധിക്കും. ആകാരവടിവുകൊണ്ട് കായികതാരമാണെന്ന് ഒറ്റക്കാഴ്ചയിൽത്തന്നെ തോന്നിപ്പിക്കുന്നവർക്കിടയിൽ, വലിയ കട്ടിക്കണ്ണയും വച്ച് ഒരു സാധാരണക്കാരനാണ് നിയാസ്. കാഴ്ചയിൽ സാധാരണക്കാരനെങ്കിലും, ട്രാക്കിൽ നിയാസ് പുലിയാണ്. ആദ്യമായി സംസ്ഥാന തലത്തിൽ മത്സരിക്കാനെത്തിയ നിയാസ് മടങ്ങുന്നത് സ്വർണ മെഡലുമായി. ഒപ്പം മത്സരിച്ച വിവിധ സ്പോർട്സ് സ്കൂളുകളിൽനിന്ന് ഉൾപ്പെടെയുള്ള എതിരാളികളെ പിന്തള്ളി 12.40 സെക്കൻഡിലാണ് നിയാസ് അഹമ്മദ് മത്സരം പൂർത്തിയാക്കിയത്. കൊല്ലം ജില്ലയെ പ്രതിനിധീകരിച്ചെത്തിയ എസ്. സൗരവ് 12.41 സെക്കൻഡോടെ രണ്ടാം സ്ഥാനവും തിരുവനന്തപുരത്തിന്റെ പി.കെ. സായൂജ് 12.43 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മൂന്നാം സ്ഥാനവും നേടി

കാഴ്ചയ്ക്ക് കാര്യമായ പ്രശ്നങ്ങളുള്ളതിനാൽ, കണ്ണട ഒഴിവാക്കുന്നത് ആലോചിക്കാനേ കഴിയില്ലെന്ന് നിയാസിന്റെ പിതാവ് അബ്ദുൽ ഹമീദ് പറയുന്നു. ‘‘രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കുഞ്ഞിന് കാഴ്ചയ്ക്ക് എന്തോ പ്രശ്നമുള്ളതായി അധ്യാപകർ പറയുന്നത്. വായിക്കുമ്പോഴും എഴുതുമ്പോഴും ബർഡിനോട് വളരെ ചേർന്നാണ് നിൽക്കുന്നതെന്നും അടുത്തുചെന്ന് സൂക്ഷിച്ച് നോക്കുന്നതായും അവർ പറയുമ്പോഴാണ് കാഴ്ചയുടെ പ്രശ്നം ശ്രദ്ധിക്കുന്നത്. അന്നുമുതൽ കണ്ണട അവനൊപ്പമുണ്ട്’ – ഹമീദ് പറയുന്നു.

ഇതിനെല്ലാം പുറമേ, സിന്തറ്റിക് ട്രാക്കിൽ ഓടുന്നതിലുള്ള പരിചയക്കുറവ് സൃഷ്ടിച്ച പ്രതിസന്ധിയുമുണ്ടായിരുന്നുവെന്ന് ഹമീദ് വെളിപ്പെടുത്തി. ‘‘മുൻപ് സബ് ജില്ലാ തലത്തിൽവരെ നിയാസ് മത്സരിച്ചിട്ടുണ്ടെങ്കിലും ഇത്തവണ ആദ്യമായാണ് ജില്ലാ തലത്തിലേക്കും സംസ്ഥാന തലത്തിലേക്കും യോഗ്യത ലഭിക്കുന്നത്. ജില്ലാ തലത്തിൽ 12 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുന്നത്. അതിനു ശേഷമാണ്, കൊച്ചിയിലെ മഹാരാജാസ് കോളജിലെ സിന്തറ്റിക് ട്രാക്കിലാണ് ഇത്തവണ മത്സരം എന്ന് അറിയുന്നത്. നിയാസിനാണെങ്കിൽ സാദാ ഗ്രൗണ്ടിൽ ഓടി മാത്രമേ പരിചയമുള്ളൂ

‘‘ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ്, കാസർകോട് ജില്ലയിൽ നീലേശ്വരത്തു മാത്രമാണ് സിന്തറ്റിക് ട്രാക്ക് ഉള്ളൂവെന്ന് അറിയുന്നത്. തുടർന്ന് ഇടയ്ക്കിടെ അവിടെ പോയി പരിശീലനം നടത്തിയിരുന്നു. എന്റെ ജ്യേഷ്ഠന്റെ മകനാണ് അവനു കൂട്ടുപോയിരുന്നത്. നീലേശ്വരത്തെ കായികാധ്യാപകനായ രാജൻ സാറും കാര്യമായിത്തന്നെ സഹായിച്ചു. അദ്ദേഹമാണ് സിന്തറ്റിക് ട്രാക്കിൽ ഓടാൻ പരിശീലനം നൽകിയത്. ജില്ലാ തലത്തിൽ ഒരുക്കിയ മൂന്നു ദിവസത്തെ ക്യാംപും ഗുണം ചെയ്തു’ – ഹമീദ് പറഞ്ഞു

അതേസമയം, നിയാസിന്റെ നിശ്ചയദാർഢ്യം ഒന്നു മാത്രമാണ് സ്വർണ മെഡലിനു പിന്നിലെന്ന് അധ്യാപകനായ രാജൻ പറഞ്ഞു. ‘‘അവിടെ പരിശീലനത്തിന് എത്തിയപ്പോൾ സഹായിച്ചിരുന്നു എന്നത് സത്യമാണ്. എന്നാൽ, നിയാസിന്റെ പ്രതിഭയും മനക്കരുത്തുമാണ് ഇത്തരമൊരു സാഹചര്യത്തിൽനിന്ന് വന്നിട്ടുപോലും സ്പോർട്സ് സ്കൂളുകളിൽനിന്് ഉൾപ്പെടെയുള്ള എതിരാളികളെ മറികടന്ന് ഒന്നാമതെത്താൻ സഹായകമായത്. എന്റെ പിന്തുണ ചെറിയൊരു ശതമാനമേയുള്ളൂ’ – രാജൻ പറഞ്ഞു.

ഒന്നാം സ്ഥാനം ഉറപ്പിച്ചാണ് നിയാസ് കൊച്ചിയിലേക്കു വന്നതെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല എന്നതാണ് വാസ്തവം. കാസർകോട്ടുനിന്ന് മത്സരിക്കാനായി ഇവിടെയെത്തിയ നിയാസിനൊപ്പം പിതാവും പിതാവിന്റെ അമ്മയും ഉൾപ്പെടെ പത്തിലധികം കുടുംബാംഗങ്ങളാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. ശാസ്ത്രീയമായ പരിശീലനത്തിന്റെ കുറവുണ്ടെങ്കിലും, കുടുംബാംഗങ്ങൾ നൽകുന്ന ഈ മാനസിക പിന്തുണ തന്നെയാണ് വിജയക്കുതിപ്പിൽ നിയാസിന്റെ ഇന്ധനമെന്ന് തീർച്ച. നിയാസിനൊപ്പം ഇവിടെയെത്തിയിട്ടുള്ള കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾത്തന്നെ ആ ‘വൈബ്’ ആർക്കും മനസ്സിലാകും.

‘ഓടിക്കോടാ’ എന്നു പറഞ്ഞ് ഒപ്പം നിൽക്കാനേ ഞങ്ങൾക്കു കഴിയൂവെന്നാണ് നിയാസിന്റെ ബന്ധുക്കളൊക്കെയും ഏക സ്വരത്തിൽ പറയുന്നത്. ഇവിടുത്തെ സ്വർണ നേട്ടത്തിന്റെ പശ്ചാത്തലത്തിൽ നിയാസിന് മികച്ച പരിശീലനം ലഭ്യമാക്കണമെന്ന ആഗ്രഹം കുടുംബാംഗങ്ങൾക്കുണ്ട്. സ്പോർട്സ് സ്കൂളുകളിൽ ഉൾപ്പെടെ നിയാസിന് പ്രവേശനം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് അവർ ഏക സ്വരത്തിൽ പറയുന്നു. ഇതിനൊപ്പം, കാസർകോട് ജില്ലയിൽ കായിക പരിശീലനത്തിനുള്ള അസൗകര്യങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നു.

English Summary:

Vision of Victory: Ninth Grader Overcomes Visual Impairment to Become Athletics Champion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com