മാർച്ച് ഫാസ്റ്റ്; സ്കൂൾ കായികമേളയിലെ വേഗതാരങ്ങളായി അൻസ്വാഫും ശ്രേയയും
Mail This Article
കൊച്ചി ∙ മഴയിൽ കുതിർന്ന ട്രാക്കിൽ പുത്തൻ താരങ്ങൾ മിന്നലായപ്പോൾ 100 മീറ്ററിലെ വേഗപ്പോരിന്റെ കുത്തകകളെല്ലാം തകർന്നു. സംസ്ഥാന സ്കൂൾ കായികമേളയിലെ ചാംപ്യൻ സ്കൂളുകളുടെ മേധാവിത്വം തകർത്തെറിഞ്ഞ്, പുതിയ കളരികളിൽ നിന്നുള്ള താരങ്ങൾ മീറ്റിലെ വേഗതാരങ്ങളായി. ഇതുവരെ അതിവേഗ ട്രാക്കിൽ പേരെഴുതാത്ത ജില്ലകളും സ്കൂളുകളും ഇന്നലെ കായികമേളയുടെ മെഡൽപട്ടികയിൽ ഇടംപിടിച്ചു.
സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം നേടിയ എറണാകുളം കീരംപാറ സെന്റ്് സ്റ്റീഫൻസ് എച്ച്എസ്എസിലെ അൻസ്വാഫ് കെ.അഷ്റഫും (10.81 സെക്കൻഡ്) ജൂനിയർ പെൺകുട്ടികളിൽ ജേതാവായ ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിലെ ആർ.ശ്രേയയും (12.54 സെക്കൻഡ‍്) മീറ്റിലെ വേഗതാരങ്ങളായി. പെൺകുട്ടികളിലെ വേഗപ്പോരിൽ സീനിയർ വിഭാഗത്തെ മറികടന്ന് ജൂനിയർ താരം ഒന്നാമതെത്തിയത് മീറ്റിലെ അപൂർവതയായി.
പരിമിതികളെ തോൽപിച്ച് നിയാസ്
ജന്മനാ കാഴ്ചപരിമിതി നേരിടുന്ന ബി.എ.നിയാസ് അഹ്മദ് (12.40 സെക്കൻഡ്) സബ്ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ ജേതാവായപ്പോൾ തലകുനിച്ചത് ജീവിതത്തിലെ വെല്ലുവിളികളാണ്. കാസർകോട് അംഗടിമുഖർ ജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ നിയാസിന്റെയും ആദ്യ സംസ്ഥാന സ്കൂൾ മീറ്റാണിത്.
ഇടുക്കി കാൽവരിമൗണ്ട് സ്വദേശിയായ ദേവപ്രിയ ഷൈബുവിനാണ് സബ്ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം (13.17 സെക്കൻഡ്). കാൽവരി മൗണ്ട് സിഎച്ച്എസിലെ വിദ്യാർഥിയായ ദേവപ്രിയയും സംസ്ഥാന സ്കൂൾ കായികമേളയിൽ പുതുമുഖമാണ്.
സീനിയറിനെ തോൽപിച്ച ജൂനിയർ
സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിലെ ഏറ്റവും വലിയ അട്ടിമറി നടന്നത് പെൺകുട്ടികളുടെ 100 മീറ്റർ മത്സരത്തിലാണ്. ജൂനിയർ പെൺ 100 മീറ്ററിൽ ജേതാവായ ആർ.ശ്രേയ (12.54 സെക്കൻഡ്) സമയക്കണക്കിൽ സീനിയർ വിഭാഗം (12.62) ചാംപ്യനെ മറികടന്നു. ആലപ്പുഴ കൈതവന സ്വദേശിനിയായ ശ്രേയ കഴിഞ്ഞവർഷം എട്ടാം സ്ഥാനത്തായതിന്റെ നിരാശ തീർത്താണ് സ്വർണമണിഞ്ഞത്.
ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ചാംപ്യൻ പാലക്കാട് ചിറ്റൂർ ജിവിഎച്ച്എസ്എസിലെ ജെ.നിവേദ് കൃഷ്ണ സ്കൂൾ മീറ്റിലെ പുതിയ താരോദയമാണ്. പങ്കെടുത്ത ആദ്യ സംസ്ഥാന സ്കൂൾ കായികമേളയിൽ തന്നെ കരിയറിലെ മികച്ച സമയം കുറിച്ചാണ് (10.98 സെക്കൻഡ്) നിവേദ് ഫിനിഷ് ലൈൻ തൊട്ടത്.
അതിവേഗം അൻസ്വാഫ്
കഴിഞ്ഞവർഷം ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ ജേതാവായ കോതമംഗലം നെല്ലിക്കുഴി സ്വദേശിയായ അൻസ്വാഫ് സീനിയർ വിഭാഗത്തിൽ തന്റെ അരങ്ങേറ്റ മീറ്റിൽ കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ച് (10.81) സ്വർണം ആവർത്തിച്ചു.
സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം നേടിയ തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിലെ ഇ.പി.രഹ്ന രഘു കഴിഞ്ഞവർഷം ജൂനിയർ വിഭാഗം 100 മീറ്ററിൽ രണ്ടാമതായിരുന്നു. കാസർകോട് ഉദുമ സ്വദേശിനിയായ രഹ്നയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഇന്നലെ കുറിച്ച 12.62 സെക്കൻഡ്.
ശ്രേയ കഥകളിയിലും മിടുക്കി
കൊച്ചി∙ ആലപ്പുഴ കളർകോട് മഹാദേവ ക്ഷേത്രത്തിൽ കഥകളിയിൽ കൃഷ്ണവേഷം ആയിരുന്നെങ്കിൽ ഇന്നലെ ട്രാക്കിൽ സ്പ്രിന്ററുടെ വേഗവും ഭാവവുമായിരുന്നു ശ്രേയയ്ക്ക്. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ 12.54 സെക്കൻഡിൽ ഫിനിഷ് ചെയ്തു ശ്രേയ മേളയിലെ വേഗമേറിയ താരവുമായി. ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ 10–ാം ക്ലാസ് വിദ്യാർഥിയായ ആർ. ശ്രേയ ചെറുപ്പം മുതലേ കായിക ഇനങ്ങൾ പരിശീലിച്ചിരുന്നു.
ചേച്ചിയിൽ നിന്നാണ് കഥകളിക്കമ്പം ഒപ്പം കൂടിയത്. പിന്നാലെ കഥകളി പരിശീലനവും ആരംഭിച്ചു. ഇപ്പോൾ രണ്ടും ഒരുപോലെ കൊണ്ടുപോകുന്നു. ആലപ്പുഴ ലിയോ അക്കാദമിയിലാണ് കായിക പരിശീലനം. ആഴ്ചയിൽ ഒരിക്കൽ പാലായിലെ സിന്തറ്റിക് ട്രാക്കിൽ പോയി പരിശീലിക്കും. കഴിഞ്ഞ തവണ ജൂനിയർ 400 മീറ്ററിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. ഇത്തവണയും 400 മീറ്ററിൽ രണ്ടാമതാണ്. പഴവീട് പുഷ്പവിലാസം കെ.ശ്യാംലാലിന്റെയും രശ്മിയുടെയും മകളാണ്.