സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഐ.എം. വിജയനും വിനായകനും വിശിഷ്ടാതിഥികൾ
Mail This Article
കൊച്ചി∙ സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപനം സമ്മേളനം നവംബർ 11ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലയിലെ 17 വേദികളിൽ അരങ്ങേറുന്ന കേരള സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് തിരശീല വീഴുന്നത്. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ നായകൻ ഐ.എം. വിജയനും മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നേടിയ വിനായകനും ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ടാതിഥികളും സമ്മാനവിതരണം നടത്തും. സമാപന സമ്മേളനത്തിൽ എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന കലാവിരുന്നും സംഘടിപ്പിക്കും. കൂടാതെ കായികതാരങ്ങളുടെ പരേഡും ഉണ്ടായിരിക്കും.
ആകെയുള്ള 39 കായികയിനങ്ങളിൽ 28 ഇനങ്ങൾ പൂർത്തിയായതായി മന്ത്രി അറിയിച്ചു. ജനറൽ വിഭാഗത്തിൽ മാത്രം കായികമേളയുടെ ഭാഗമാകുന്നത് 23,330 കുട്ടികൾ ആണ്. ഇൻക്ലൂസീവ് സ്പോർട്സിൽ 1587 കുട്ടികളും പങ്കെടുത്തു. ആകെ 24,917 കുട്ടികൾ മേളയുടെ ഭാഗമായി.