സംസ്ഥാന സ്കൂൾ കായികമേളയിൽ സന്തോഷത്തിനു വകയുണ്ട്, പക്ഷേ...: ഒളിംപ്യൻ മെഴ്സി കുട്ടൻ എഴുതുന്നു
Mail This Article
സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രാക്കിലെ അതിവേഗ പോരാട്ടങ്ങളെല്ലാം ഗാലറിയിലിരുന്ന് കാണുകയായിരുന്നു ഞാൻ. മേളയിലെ ഏറ്റവും ഗ്ലാമർ മത്സരയിനമായ 100 മീറ്ററിൽ പുതിയ ചാംപ്യൻമാരുടെ പിറവിയും പുതിയ സ്കൂളുകൾ രംഗപ്രവേശവും ആവേശത്തോടെ കണ്ടു. അതിൽ ചില സമയക്കണക്കുകൾ എന്നെ സന്തോഷിപ്പിച്ചപ്പോൾ മറ്റൊന്ന് ആശങ്കപ്പെടുത്തി.
സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം നേടിയ അൻസ്വാഫ് കെ.അഷ്റഫിന് പ്രത്യേക കയ്യടി. സീനിയർ ആൺകുട്ടികളിൽ കഴിഞ്ഞ 5 സ്കൂൾ മീറ്റുകളെക്കാൾ മികച്ച പ്രകടനമായിരുന്നു അൻസ്വാഫിന്റേത്. എന്നാൽ പെൺകുട്ടികളിൽ സമീപകാലത്തെ ഏറ്റവും മോശം സമയമാണ് ഇന്നലെ കുറിക്കപ്പെട്ടത്.
100 മീറ്ററിൽ ജൂനിയർ പെൺകുട്ടികളിലെ ചാംപ്യൻ സീനിയർ ജേതാവിനെ മറികടക്കുന്നതും അപൂർവ സംഭവമായി. അത്‌ലറ്റിക്സിൽ കേരളത്തിന്റെ പിന്നോട്ടുപോക്കിന്റെ ഒരു ലക്ഷണമായി ഇതിനെ കാണാം. മുൻപ് ഇന്ത്യയുടെ 4–100 റിലേ വനിതാ ടീമിൽ അടക്കം ഒട്ടേറെ മലയാളികൾ അണിനിരന്നപ്പോൾ ഇപ്പോൾ ദേശീയ അത്‌ലറ്റിക്സിൽ തന്നെ മലയാളി വനിതകളുടെ പ്രാതിനിധ്യം കുറയുകയാണ്.
കഴിഞ്ഞ ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിൽ ഒരു മലയാളി പോലുമുണ്ടായിരുന്നില്ലെന്നത് ഇതിനോടൊപ്പം ചർച്ചയാകും. 100 മീറ്ററിലെ 6 മത്സരങ്ങളിൽ അഞ്ചിലും പുതിയ ചാംപ്യൻമാരുണ്ടായി. പുതിയ താരങ്ങൾ ഉയർന്നുവരുന്നതും കൂടുതൽ പരിശീലന കേന്ദ്രങ്ങളുണ്ടാകുന്നതും നേട്ടമാണ്.
പക്ഷേ, കഴിഞ്ഞ സ്കൂൾ മീറ്റുകളിൽ സ്വർണം നേടിയവരിൽ പലരും ഇത്തവണ ഫൈനൽ മത്സരത്തിനു പോലും യോഗ്യത നേടിയില്ലെന്നത് ആശങ്കപ്പെടുത്തുന്നു. താരങ്ങളുടെ കൊഴിഞ്ഞുപോക്ക് ഒരിക്കലുമുണ്ടാകരുത്. സ്കൂൾ മീറ്റുകളിൽ തുടങ്ങി രാജ്യാന്തര മെഡലിലേക്ക് ലക്ഷ്യംവച്ചു കുതിക്കുന്ന സംവിധാനമാണ് നമ്മുടെ നാട്ടിലുണ്ടാകേണ്ടത്.