നിവേദ്യ ഒരു തരം, രണ്ടുതരം, മൂന്നുതരം; കായികമേളയിൽ ‘നിവേദ്യ’മാർ ഓടിയും എറിഞ്ഞുമെടുത്തത് മൂന്നു സ്വർണം
Mail This Article
കൊച്ചി ∙ ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിക്കരുത്! മഹാരാജാസ് കോളജിലെ ട്രാക്കിലും ഫീൽഡിലും ഗോൾഡൻ പേരാണ് ‘നിവേദ്യ’. സംസ്ഥാന കായികമേളയിലെ അത്‌ലറ്റിക്സ് മത്സരങ്ങളിൽ നിന്ന് ഇന്നലെ ‘നിവേദ്യ’മാർ ഓടിയും എറിഞ്ഞുമെടുത്തത് മൂന്നു സ്വർണം.
നിവേദ്യ 1
ജൂനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടം. സ്വർണം നേടിയത് പാലക്കാട് കൊടുവായൂർ ജിഎച്ച്എസിലെ നിവേദ്യ കലാധരൻ (2:18.60 മിനിറ്റ്). നേരത്തേ 400 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയിരുന്നു. 2022ലെ കായിക മേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ 200, 400, 600 മീ. ഓട്ടങ്ങളിൽ സ്വർണം നേടിയിരുന്നു. കഴിഞ്ഞ മീറ്റിൽ ജൂനിയർ വിഭാഗം 800, 1500 ഇനങ്ങളിൽ സ്വർണം.
നിവേദ്യ 2
സീനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടം. സ്വർണം നേടിയത് കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥി ജെ.എസ്.നിവേദ്യ (2:18.62 മിനിറ്റ്). സംസ്ഥാന സ്കൂൾ കായികമേളയിലെ നിവേദ്യയുടെ ആദ്യ സ്വർണം. നേരത്തേ 400 മീറ്റർ ഓട്ടത്തിൽ വെള്ളി.
നിവേദ്യ 3
ജൂനിയർ പെൺകുട്ടികളുടെ ഹാമർത്രോ വേദിയിലെത്തിയപ്പോൾ അവിടെയും സ്വർണം നേടിയത് നിവേദ്യ. കണ്ണൂർ മണിക്കടവ് സെന്റ് തോമസ് എച്ച്എസ്എസിലെ എം.എസ്.നിവേദ്യ (37.73 മീ). സ്കൂൾ മീറ്റിലെ ആദ്യ സ്വർണം. ഇനി ഷോട്പുട്ടിലും ഡിസ്കസ് ത്രോയിലും മത്സരമുണ്ട്. മെഡൽ പട്ടികയിൽ ഇനിയും നിവേദ്യമാർ വരുമെന്നുറപ്പ്.