ADVERTISEMENT

കൊച്ചി ∙ സമാപനച്ചടങ്ങിൽ അപ്രതീക്ഷിതമായി നടത്തിയ പ്രഖ്യാപനത്തെത്തുടർന്ന് സംസ്ഥാന സ്കൂൾ കായികമേളയ്ക്കു വിവാദത്തിന്റെ ക്ലൈമാക്സ്. മുന്നറിയിപ്പൊന്നുമില്ലാതെ, ജനറൽ സ്കൂളുകൾക്കൊപ്പം സ്പോർട്സ് ഡിവിഷനുകളെയും ചാംപ്യൻ പട്ടത്തിനു പരിഗണിച്ചതാണ് വിവാദത്തിനു തിരികൊളുത്തിയത്. മികച്ച സ്കൂളുകളുടെ പട്ടികയിൽ തിരുവനന്തപുരം ജി.വി.രാജ സ്കൂളിനെ രണ്ടാം സ്ഥാനക്കാരായി പ്രഖ്യാപിക്കുകയായിരുന്നു. ഔദ്യോഗിക വെബ്സൈറ്റിലെ പട്ടികയ്ക്കു വിരുദ്ധമായിരുന്നു ഇത്.

തങ്ങൾക്ക് അർഹമായ രണ്ടാം സ്ഥാനം നിഷേധിച്ചെന്ന് ആരോപിച്ച് സമ്മേളന വേദിക്കരികിൽ പ്രതിഷേധിച്ച തിരുനാവായ നവാമുകുന്ദ എച്ച്എസ്‌എസിലെ വിദ്യാർഥികളെ ഉൾപ്പെടെ പൊലീസ് ബലം പ്രയോഗിച്ചു മാറ്റിയതോടെ ഉന്തും തള്ളുമായി. നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട എറണാകുളം കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ താരങ്ങളും പ്രതിഷേധിച്ചു. 

 മേളയുടെ ഔദ്യോഗിക വെബ്സൈറ്റിലെ അത്‌ലറ്റിക്സ് ടീം പോയിന്റ് പട്ടികയും ജനറൽ സ്കൂളുകൾക്കും സ്പോർട്സ് സ്കൂളുകൾക്കും പ്രത്യേകമാണ്. ഈ പട്ടിക അനുസരിച്ച് ജനറൽ സ്കൂളുകളിൽ കടകശ്ശേരി ഐഡിയൽ ഇഎംഎച്ച്എസ് ഒന്നാമതും നവാമുകുന്ദ സ്കൂൾ രണ്ടാമതും മാർ ബേസിൽ സ്കൂൾ മൂന്നാമതുമാണ്. സ്പോർട്സ് ഡിവിഷനുകളുടെ പട്ടികയിൽ ജി.വി.രാജയാണ് മുന്നിൽ.

ഒളിംപിക്സ് മാതൃകയിൽ സ്കൂൾ കായിക മേള സംഘടിപ്പിക്കുമ്പോൾ അതിൽ ജനറൽ, സ്പോർട്സ് സ്കൂളുകൾ തമ്മിൽ വേർതിരിവില്ല. എല്ലാവരെയും ഒരുമിച്ചാണ് ഓവറോൾ ചാംപ്യൻഷിപ്പിന് പരിഗണിച്ചത്. അ‌ത്‌ലറ്റിക്സിൽ മാത്രം അതിൽ വേർതിരിവ് വരുത്താനാകില്ല. പരിശോധിക്കാമെന്ന് ഞാൻ വേദിയിൽ പ്രഖ്യാപിച്ച ശേഷവും മേള അലങ്കോലമാക്കാൻ ചിലർ ശ്രമിച്ചത് ശരിയായില്ല.

പതിവു രീതിയിൽ സമ്മാനം പ്രതീക്ഷിച്ചിരിക്കെയാണ് മൂന്നാം സ്ഥാനക്കാരായി നവാമുകുന്ദ സ്കൂളിന്റെ പേരു വിളിച്ചത്. തങ്ങൾക്ക് രണ്ടാം സ്ഥാനമാണെന്ന് ഇവർ വേദിയിലെത്തി വാദിച്ചു. ഇവർ സമ്മാനം വാങ്ങാൻ മടിച്ചു നിൽക്കെ, രണ്ടാം സ്ഥാനക്കാരായി ജി.വി.രാജ സ്കൂളിനെ വിളിച്ചു ട്രോഫിയും കാഷ് അവാർഡും നൽകി. ഐഡിയൽ സ്കൂളും സമ്മാനം ഏറ്റുവാങ്ങി. ഇതോടെ മൂന്നാം സ്ഥാനം ഏറ്റുവാങ്ങാൻ കാത്തുനിന്ന മാർ ബേസിൽ സ്കൂളും പ്രതിഷേധവുമായെത്തി.

വേദിക്കു മുന്നിൽ പരസ്യപ്രതിഷേധം ആരംഭിച്ച നവാമുകുന്ദ സ്കൂളുകാരുടെ അടുത്തെത്തി കായിക മന്ത്രി വി.അബ്ദുറഹ്മാൻ സംസാരിച്ചെങ്കിലും വഴങ്ങിയില്ല. മേള അലങ്കോലമാക്കരുതെന്നും പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കാമെന്നും മന്ത്രി വി.ശിവൻകുട്ടിയും മൈക്കിലൂടെ അറിയിച്ചു. എന്നാൽ, സമ്മേളനം കഴിഞ്ഞിട്ടും പ്രശ്ന പരിഹാരമാകാത്തതോടെ നവാമുകുന്ദ സ്കൂളുകാർ വേദിക്കരികിലേക്ക് വീണ്ടും എത്തിയപ്പോഴാണ് തള്ളിക്കയറുന്നത് ഒഴിവാക്കാൻ പൊലീസ് ബലം പ്രയോഗിച്ചത്. 

English Summary:

Controversial Ending to Kerala School Sports and Games 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com