കോടതി ഉത്തരവുമായി മത്സരിച്ച രോഹിത്തിന് ഹാമർ സ്വർണം
Mail This Article
കൊച്ചി∙ ഹൈക്കോടതി അനുമതിയോടെ സീനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയിൽ മത്സരിച്ച പാലക്കാട് ബിഇഎം എച്ച്എസ്എസിലെ രോഹിത് ചന്ദ്രന് സ്വർണം. പാലക്കാട് ജില്ലാ കായിക മേളയിൽ കണ്ണാടി സ്കൂൾ മൈതാനത്ത് മണ്ണിൽ സർക്കിൾ ഒരുക്കിയാണ് ഹാമർ ത്രോ ഉൾപ്പെടെയുള്ള ത്രോ ഇനങ്ങൾ നടത്തിയത്. ജില്ലാ മത്സരത്തിൽ മൂന്ന് ശ്രമങ്ങളിലും കാലുതെന്നി അയോഗ്യനായി.
തുടർന്നാണ് കോടതിയെ സമീപിച്ചത്. മുൻ വർഷങ്ങളിൽ ദേശീയ കായികമേളകളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച കുട്ടിയാണെന്നു വിലയിരുത്തിയാണ് കോടതി അനുമതി നൽകിയത്. സാധാരണ കോൺക്രീറ്റ് സർക്കിളാണ് ത്രോ ഇനങ്ങൾക്ക് ഉപയോഗിക്കുന്നത്. പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലായിരുന്നു ജില്ലാ മേള. അവിടെ മറ്റൊരു മേള നടന്നതു കൊണ്ട് ത്രോ ഇനങ്ങൾ കണ്ണാടി സ്കൂളിലേക്കു മാറ്റുകയായിരുന്നു.
ഇന്നലെ 57.06 മീറ്റർ എറിഞ്ഞാണ് രോഹിത് സ്വർണം നേടിയത്. എറണാകുളം കീരംപാറ സെന്റ് സ്റ്റീഫൻസ് സ്കൂളിലെ ജോൺസ് ഡൊമിനിക്കിന് വെള്ളിയും (52.90 മീറ്റർ), മലപ്പുറം എംഇഎസ് എച്ച്എസ്എസിലെ വി.പി. ഇയാഷ് മുഹമ്മദിന് വെങ്കലവും (51.21 മീറ്റർ) ലഭിച്ചു. ഈ ഇനത്തിലെ ഫലം ഒന്നാം സ്ഥാനക്കാരന്റെ പേരു പറയാതെയാണു പുറത്തു വിട്ടത്. മത്സരഫലം കോടതിയിൽ സമർപ്പിച്ച് രോഹിത്തിനു സ്വർണം സ്വന്തമാക്കാം.
മുൻ ഇന്ത്യൻ താരം സി. ഹരിദാസിന്റെ ഒളിംപിക് അത്‌ലറ്റിക് ക്ലബ്ബിൽ ഹരിദാസിന്റെ മകൻ അശ്വിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീദർപണത്തിൽ കെ.സി. വിനുവിന്റെയും വി.എസ്. ശിൽപയുടെയും മകനാണ്.