ADVERTISEMENT

കൊച്ചി ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിനു രണ്ടാം സ്ഥാനം നൽകിയതിൽ പ്രതിഷേധം തുടരാൻ മലപ്പുറം തിരുനാവായ നവാമുകുന്ദ സ്കൂളും കോതമംഗലം മാർ ബേസിൽ സ്കൂളും. കായികമേളയിൽ സ്പോർട്സ് സ്കൂൾ എന്നും ജനറൽ സ്കൂൾ എന്നും വേർതിരിവില്ലെന്ന ഔദ്യോഗിക വിശദീകരണം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണിവർ. രണ്ട് സ്കൂളുകളും ചേർന്നു സർക്കാരിനു നൽകിയ പരാതിയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ആലോചന. മേളയുടെ സമാപനദിവസം നവാമുകുന്ദ സ്കൂളിലെയും മാർ ബേസിൽ സ്കൂളിലെയും താരങ്ങൾ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വലിയ പ്രതിഷേധം നടത്തിയിരുന്നു.

2018ൽ സ്കൂൾ സപോർട്സ് മാന്വൽ പരിഷ്കരിച്ചിരുന്നെന്ന വിശദീകരണം അംഗീകരിക്കാനാകില്ലെന്ന് ഈ സ്കൂളുകൾ പറയുന്നു. അന്നു പരിഷ്കരിച്ചെങ്കിൽ അതു നടപ്പാക്കാൻ ഇത്ര വൈകിയതെന്ത് എന്നാണു ചോദ്യം. മാത്രമല്ല, അതിനുശേഷം ഒരു തവണ സായി സ്കൂളിന് മറ്റ് സ്കൂളുകളെക്കാൾ പോയിന്റ് ലഭിച്ചിട്ടും സ്കൂൾ കിരീടം അവർക്കു നൽകാതിരുന്നത് എന്തുകൊണ്ടാണെന്നും ചോദ്യമുയരുന്നുണ്ട്. മേളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടെ പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്തായിരുന്ന മാർ ബേസിലിനെ നാലാമതാക്കിയും രണ്ടാം സ്ഥാനത്തുനിന്ന നവാമുകുന്ദ സ്കൂളിനെ മൂന്നാം സ്ഥാനത്താക്കിയും ജി.വി.രാജ സ്പോർട്സ് സ്കൂളിനു രണ്ടാം സ്ഥാനം നൽകിയതിലാണു പ്രതിഷേധം.

അതേസമയം, ദേശീയ സ്കൂൾ മീറ്റിൽ പങ്കെടുക്കാതെ പ്രതിഷേധിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. അതു കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കാമെന്നതാണു കാരണം. അതിനിടെ, സർക്കാർ തീരുമാനത്തിൽ മാറ്റമില്ലെന്നും സ്പോർട്സ് സ്കൂളുകളെക്കൂടി ഉൾപ്പെടുത്തിയാണു  മത്സരം  നടത്തിയതെന്നും മന്ത്രിയടക്കം പ്രഖ്യാപിച്ചതോടെ സ്കൂളുകൾ നൽകിയ പരാതിയിൽ അനുകൂല നടപടിയുണ്ടാകില്ലെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്.

പൊതുവിദ്യാലയങ്ങളെയും സർക്കാറിന്റെ മുഴുവൻ കായികവിദ്യാഭ്യാസ ആനുകൂല്യങ്ങളും കൈപ്പറ്റി പ്രവർത്തിക്കുന്ന സ്പോർട്സ് സ്കൂളുകളെയും ഒരുപോലെ കാണരുതെന്നു മാർബേസിൽ സ്കൂളിലെ കായികാധ്യാപിക ഷിബി മാത്യു പറഞ്ഞു. നേട്ടത്തിനു കിട്ടുന്ന ട്രോഫികളും കാഷ് അവാർഡുകളും മാത്രമാണു ഞങ്ങളെപ്പോലുള്ള സ്കൂളുകൾക്കും കുട്ടികൾക്കുമുള്ള പ്രോൽസാഹനം. ഞങ്ങൾക്ക് അവകാശപ്പെട്ടതു മറ്റൊരു സ്കൂളിനു നൽകിയപ്പോൾ പൊടുന്നനെയുണ്ടായ സങ്കടമാണു ഞങ്ങൾ പ്രകടിപ്പിച്ചത്– അവർ പറഞ്ഞു.

English Summary:

Sports fair issue: Schools will approach High Court if action is not taken

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com