പൊലീസ് മീറ്റ്: കേരളം രണ്ടാമത്
Mail This Article
ന്യൂഡൽഹി ∙ ദേശീയ പൊലീസ് അത്‌ലറ്റിക് മീറ്റിൽ രണ്ട് റെക്കോർഡുകളടക്കം 18 മെഡലുകളോടെ കേരള പൊലീസ് ടീം രണ്ടാം സ്ഥാനക്കാരായി. ഉത്തർപ്രദേശ് പൊലീസിനാണ് ഒന്നാം സ്ഥാനം. പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ കെ.അർജുനും വനിതകളുടെ ഹൈജംപിൽ ആതിര സോമരാജുമാണ് മീറ്റ് റെക്കോർഡുകൾ നേടിയത്. 52.25 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അർജുൻ റെക്കോർഡിട്ടത്. 1.77 മീറ്റർ പ്രകടത്തോടെയാണ് ആതിര സോമരാജ് മീറ്റ് റെക്കോർഡിട്ടത്.
ദേശീയ പൊലീസ് അത്‌ലറ്റിക് മീറ്റിൽ 6 സ്വർണവും 7 വെള്ളിയും 5 വെങ്കലവും നേടിയാണ് കേരള പൊലീസ് ഓവറോൾ രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷവും കേരളമായിരുന്നു റണ്ണേഴ്സ് അപ്. ഹെപ്റ്റത്തലോണിൽ മെറീന ജോർജ്, 1500 മീറ്റർ ഓട്ടത്തിൽ അനുമോൾ തമ്പി, സൈക്ലിങ്ങിലെ 100 കിലോമീറ്റർ, 40 കിലോമീറ്റർ വിഭാഗങ്ങളിൽ ഇരട്ട നേട്ടത്തോടെ അനന്തനാരായണൻ എന്നിവരാണ് കേരള പൊലീസിനുവേണ്ടി സ്വർണം നേടിയത്. പോൾവോൾട്ടിൽ രേഷ്മ രവീന്ദ്രൻ വെള്ളിയും ദിവ്യ മോഹൻ വെങ്കലവും നേടി. 100 മീറ്റർ ഹർഡിൽസിൽ ആൻ റോസ് ടോമി (വെള്ളി), ട്രിപ്പിൾ ജംപിൽ ജെനിമോൾ ജോയ് (വെള്ളി), 800 മീറ്റർ ഓട്ടത്തിൽ പ്രസില്ല ഡാനിയൽ (വെള്ളി), 400 മീറ്റർ ഓട്ടത്തിൽ അൻസ ബാബു (വെങ്കലം), ലോങ്ജംപിൽ മുഹമ്മദ് അനീസ് (വെള്ളി), ഹൈജംപിൽ മനു ഫ്രാൻസിസ് (വെള്ളി), 110 മീറ്റർ ഹർഡിൽസിൽ ഫായിസ് മുഹമ്മദ് (വെങ്കലം), ജാവലിൻ ത്രോയിൽ അരുൺ ബേബി (വെള്ളി) എന്നിവർ മെഡൽ നേടി.