ADVERTISEMENT

ടെക്സസ് (യുഎസ്എ) ∙ മൈക്ക് ടൈസൻ വീണ്ടും ബോക്സിങ് റിങ്ങിലേക്ക്. യൂട്യൂബറായി തുടങ്ങി പ്രഫഷനൽ ബോക്സറായി മാറിയ ജേക്ക് പോളും മുൻ ഹെവിവെയ്റ്റ് ചാംപ്യൻ മൈക്ക് ടൈസനും തമ്മിലുള്ള പോരാട്ടം ഇന്ത്യൻ സമയം നാളെ രാവിലെ 6.30ന്. എൻഎഫ്എൽ ടീം ഡാലസ് കൗബോയ്സിന്റെ ഗ്രൗണ്ടായ എടിആൻഡ്ടി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യും. ജൂലൈ 20ന് നടക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്ന ഇടിവെട്ട് പോരാട്ടം, മൈക്ക് ടൈസന് ഉദരരോഗം വന്നതിനെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. ഇത്തവണ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

അൻപത്തിയെട്ടുകാരൻ ടൈസനെക്കാൾ 31 വർഷം ചെറുപ്പമാണ് ജേക്ക് പോൾ. 6 വർഷം മുൻപു പ്രഫഷനൽ ബോക്സിങ്ങിലേക്കു വന്ന പോളിന്റെ ആദ്യത്തെ ഹെവിവെയ്റ്റ് മത്സരമാണിത്. 2005ൽ ബോക്സിങ് റിങ്ങിൽനിന്നു വിരമിച്ച ടൈസൻ നാലുവർഷം മുൻപാണ് അവസാനമായൊരു പ്രദർശന മത്സരത്തിനിറങ്ങിയത്. റോയ് ജോൺസ് ജൂനിയറുമായി നടന്ന ആ മത്സരത്തിന് ഒപ്പം നടന്ന മറ്റൊരു പ്രദർശന മത്സരത്തിൽ ജേക്ക് പോളും പങ്കെടുത്തിരുന്നു.

പോൾ Vs ടൈസൻ

മൈക്ക് ടൈസനും ജേക്ക് പോളും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച് ‘കൗണ്ട്ഡൗൺ–പോൾ Vs ടൈസൻ’ എന്ന പേരിലുള്ള ഡോക്യുമെന്ററികൾ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്തു കഴിഞ്ഞു. ഉദരരോഗത്തിനു ചികിൽസ കഴിഞ്ഞപ്പോൾ 13 കിലോയോളം ഭാരം കുറഞ്ഞതായി ഡോക്യുമെന്ററിയിൽ ടൈസൻ വെളിപ്പെടുത്തുന്നു. എന്നാൽ, ഫിറ്റ്നസ് സംബന്ധിച്ച് ആശങ്കകളൊന്നുമില്ല. ടൈസന്റെ ആരോഗ്യനില പരിശോധിച്ച ഡോക്ടർമാർ പൂർണ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞു.

എന്നാൽ, ഇത്തരമൊരു പോരാട്ടത്തിനു വേദിയാകാൻ യുഎസിലെ ടെക്സസ് ഒഴികെയുള്ള സംസ്ഥാനങ്ങളൊന്നും അംഗീകാരം നൽകിയിരുന്നില്ല. എടിആൻഡ്ടി സ്റ്റേഡിയത്തിൽ 80,000 പേർക്കു മത്സരം നേരിട്ടു കാണാൻ സാധിക്കും. നെറ്റ്ഫ്ലിക്സിലൂടെ ലോകം മുഴുവനുമുള്ള കാണികളിലേക്കും തൽസമയം മത്സരാവേശമെത്തും.

ആരാണ് ഈ ജേക്ക് പോൾ?

പ്രഫഷനൽ ബോക്സറാകും മുൻപ് യുഎസിലെ പ്രശസ്തനായ യുട്യൂബറും നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായിരുന്നു ജേക്ക് പോൾ. 2013 സെപ്റ്റംബറിൽ യുട്യൂബിൽ വിഡിയോ അപ്‌ലോഡ് ചെയ്തു തുടങ്ങിയ പോളിന് 53 ലക്ഷം ഫോളോവേഴ്സും 200 കോടി വ്യൂസും ലഭിച്ചിരുന്നു. ഫോബ്സ് സമ്പന്നരുടെ പട്ടികയിൽ (2017, 2018, 2021, 2023), യുട്യൂബ് ക്രിയേറ്റർമാരിൽ ഏറ്റവുമധികം പണം സമ്പാദിക്കുന്നവരിൽ ഒരാളായി മാറി. 2018ൽ പ്രഫഷനൽ ബോക്സിങ് ആരംഭിച്ചു. ടൈസനുമായി നടക്കുക ആദ്യത്തെ ഹെവിവെയ്റ്റ് പോരാട്ടം. മുൻപു 11 പോരാട്ടങ്ങളിൽ പത്തിലും ജയിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം മിക്സ്ഡ് മാർഷ്യൽ ആർട്സ് താരങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ ആയിരുന്നു.

മത്സരം എങ്ങനെ?

അൻപത്തിയെട്ടുകാരനായ ടൈസനും ഇരുപത്തിയേഴുകാരനായ ജേക്ക് പോളും തമ്മിലുള്ള മത്സരത്തിന് ചില ഇളവുകളുണ്ടെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. സാധാരണ 12 റൗണ്ടുകൾ നീളാറുള്ള ബൗട്ട് ഇത്തവണ 8 ആക്കി ചുരുക്കി. 3 മിനിറ്റിനു പകരം ഓരോ റൗണ്ടിന്റെയും സമയം 2 മിനിറ്റാക്കി. ഇടിയുടെ ആഘാതം കുറയ്ക്കാൻ കട്ടികൂടിയ ബോക്സിങ് ഗ്ലൗസുകളാണ് ഇരുവർക്കും നൽകുക.

English Summary:

Mike Tyson vs Jake Paul Heavyweight Boxing Match Announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com