പതിനെട്ടുകാരന്റെ സ്വപ്നങ്ങൾ: 14 ക്ലാസിക്കൽ ഗെയിമുകളിൽ മത്സരം തീർന്നാൽ മുൻതൂക്കം ഗുകേഷിന്; ടൈബ്രേക്കറിലേക്കു നീണ്ടാൽ ഡിങ് ലിറനു സാധ്യതയേറും
Mail This Article
ഒരു പതിനേഴുകാരൻ പതിവായി കാണുന്ന സ്വപ്നങ്ങൾക്ക് എത്രയോ അപ്പുറമാണ് ദൊമ്മരാജു ഗുകേഷ് എന്ന തമിഴ്നാട്ടുകാരൻ നേടിയെടുത്തത്. ലോക ചെസ് ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള ഫിഡെ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ വിജയം. ഒരു വർഷത്തിനു ശേഷം 18–ാം വയസ്സിൽ അതിലും വലിയൊരു സ്വപ്നസാക്ഷാത്കാരത്തിന് അരികിലാണ് ഗുകേഷ്. തൊട്ടുമുന്നിൽ കാത്തുനിൽക്കുന്ന ചെസിലെ ലോക ചാംപ്യൻ പദവി. ഈ പ്രായത്തിൽ ആരും കൈവരിച്ചിട്ടില്ലാത്ത നേട്ടം. 22–ാം വയസ്സിൽ ലോക ചാംപ്യനായ ചെസ് ഇതിഹാസം ഗാരി കാസ്പറോവിനാണ് ഇക്കാര്യത്തിൽ നിലവിലെ റെക്കോർഡ്.
‘‘ഇപ്പോഴത്തെ ഫോം നോക്കിയാൽ ഗുകേഷിനാണ് വിജയസാധ്യത. പക്ഷേ, ലോക ചാംപ്യൻഷിപ് മറ്റു ടൂർണമെന്റുകളിൽനിന്നു വ്യത്യസ്തമാണ്. ’’–സുഹൃത്തും ഗ്രാൻഡ്മാസ്റ്ററുമായ ആർ. പ്രഗ്നാനന്ദ പറയുന്നു. പ്രഗ്നാനന്ദയുടെ ഈ അഭിപ്രായം പങ്കുവയ്ക്കുന്നവരാണ് പ്രമുഖ കളിക്കാരിലധികവും. പക്ഷേ, അവരാരും ഡിങ് ലിറന്റെ സാധ്യതകളെ കുറച്ചു കാണുന്നില്ല.
‘‘ഗുകേഷ് വിജയിക്കുമെന്നാണ് എന്റെയും പ്രതീക്ഷ. മറ്റു പല കളിക്കാരും കരുതുന്നതുപോലെ ഈ ലോകചാംപ്യൻഷിപ്പിലെ 14 മത്സരങ്ങൾ ഗുകേഷ് കളിക്കേണ്ടി വരില്ലെന്നും ലോക ജേതാവാകുമെന്നും ഞാനും ചിന്തിക്കുന്നു – യുഎസ് സൂപ്പർ താരം വെസ്‌ലി സോ പറയുന്നു.
ഏഴാം വയസ്സിൽ, അച്ഛൻ രജനീകാന്തിന്റെ കൈ പിടിച്ച് ചെന്നൈയിൽ വിശ്വനാഥൻ ആനന്ദ് - മാഗ്നസ് കാൾസൻ ലോകചാപ്യൻഷിപ് (2013) കാണാനെത്തിയത് ഇന്നും ഗുകേഷിന്റെ ഓർമയിലുണ്ട്. അച്ഛനിൽനിന്ന് ചെസ് കളി പഠിച്ച് അധികസമയമായിട്ടില്ല അന്ന്. സീറ്റിൽ തിങ്ങിനിറഞ്ഞ കാണികൾക്കു പിന്നിൽ, കളികൾ നിന്നു കാണുമ്പോൾ ആ പയ്യൻ ഒരുപക്ഷേ അന്നു സ്വപ്നം കണ്ടിരിക്കണം ഒരുനാൾ താനും ലോകകിരീടത്തിനായി പോരാടുന്നത്.
ചിന്തിക്കാൻ കൂടുതൽ സമയമുള്ള ക്ലാസിക്കൽ ചെസിലാണ് ഗുകേഷിന്റെ ശക്തിയെന്നും ചെറിയ സമയത്തിൽ കളിക്കേണ്ട റാപിഡ്, ബ്ലിറ്റ്സ് ഗെയിമുകളിൽ ‘ചിന്ത’ ഗുകേഷിനു ബാധ്യതയാകാറുണ്ടണ്ടന്നും ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ പറയുന്നു.
'‘കളിക്കു ശേഷം പലപ്പോഴും ഗുകേഷുമായി ചർച്ച ചെയ്യുമ്പോൾ അദ്ഭുതപ്പെടാറുണ്ട്, ഞാനൊന്നും ഒരിക്കലും കണ്ടെടുക്കാത്ത നീക്കങ്ങൾ പോലും എങ്ങനെ കണ്ടെത്തുന്നുവെന്ന്? ഇതിനൊക്കെ എവിടെ സമയം? കളിക്കിടയിൽ ഗുകേഷ് നിർത്താതെ കണക്കു കൂട്ടിക്കൊണ്ടിരിക്കുകയാണെന്നു ഞാൻ കരുതുന്നു. പതിവിൽ നിന്നു വ്യത്യസ്തമായ വളരെ വിചിത്രമെന്നു പറയാവുന്ന പൊസിഷനൽ നീക്കങ്ങൾ നടത്തുന്നതിൽ വിദഗ്ധനാണ് ഗുകേഷ് ’’– മാഗ്നസ് പറയുന്നു
താനും പ്രഗ്നാനന്ദയും അറിവിനെ കൂടുതൽ ആശ്രയിക്കുമ്പോൽ കണക്കുകൂട്ടി വിശകലനം ചെയ്യുന്നതിലാണ് ഗുകേഷിന്റെ ശക്തിയെന്ന് സഹകളിക്കാരനായ അർജുൻ എരിഗെയ്സിയും അടിവരയിടുന്നു. മൂവരിൽ കളിക്കിടയിലെ ‘സാഹസികത’ തനിക്കും ഗുകേഷിനും കൂടുതലാണെന്ന് അർജുൻ പറയുന്നു. നിലവിലെ ഫോം അനുസരിച്ച് 14 ക്ലാസിക്കൽ ഗെയിമുകളിൽ കളി തീർന്നാൽ മുൻതൂക്കം ഗുകേഷിനു തന്നെയാകും; എന്നാൽ, ഗുകേഷിനെ പിടിച്ചുകെട്ടി കളി ടൈബ്രേക്കിലേക്കു നീട്ടിയാൽ ഡിങ്ങിനു സാധ്യതയേറുമെന്ന് ചുരുക്കം.