തിരിച്ചടിയായത് ചികിത്സയ്ക്കായി ഉപയോഗിച്ച മരുന്ന്: വിസ്മയ
Mail This Article
ന്യൂഡൽഹി ∙ പ്രസവ ചികിത്സയുടെ ഭാഗമായി ഉപയോഗിച്ച മരുന്നാണ് ഉത്തേജക പരിശോധനയിൽ തിരിച്ചടിയായതെന്ന് രാജ്യാന്തര അത്‌ലീറ്റ് വി.കെ.വിസ്മയ. ‘ഞാൻ ഇപ്പോൾ 2 മാസം ഗർഭിണിയാണ്. ജൂണിൽ നടന്ന ദേശീയ സീനിയർ അത്‌ലറ്റിക്സിനുശേഷം പരിശീലനം നടത്തുന്നില്ല.
പ്രസവ ചികിത്സയ്ക്ക് ഉപയോഗിച്ച മരുന്നിലൂടെയാണ് ശരീരത്തിൽ നിരോധിത മരുന്നായ ക്ലോമിഫൈനിന്റെ അംശം കണ്ടെത്തിയത്’ – വിസ്മയ പറഞ്ഞു. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) പരിശോധനയിൽ നിരോധിത വസ്തുവിന്റെ അംശം കണ്ടെത്തിയതോടെ താൽക്കാലിക വിലക്ക് നേരിടുകയാണ് വിസ്മയ ഇപ്പോൾ.
ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ റിലേ സ്വർണമടക്കം ഒട്ടേറെ രാജ്യാന്തര മെഡലുകൾ നേടിയിട്ടുള്ള വിസ്മയ കഴിഞ്ഞ 5 വർഷമായി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ പരിശോധനാ പൂളിലുണ്ട്. ഇത്തരം താരങ്ങളെ മത്സരങ്ങളില്ലാത്ത സമയത്തും ഉത്തേജക പരിശോധനയ്ക്ക് വിധേയരാക്കാറുണ്ട്. ‘ചികിത്സയിൽ തുടരുന്നതിനിടെ കഴിഞ്ഞ ഓഗസ്റ്റ് 15ന് കൊച്ചി പെരുമ്പാവൂരിലെ വീട്ടിലെത്തിയാണ് നാഡ സംഘം സാംപിൾ ശേഖരിച്ചത്. ചികിസയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ സംഘത്തിനു കൈമാറിയിരുന്നു.
പിന്നീട് നാഡ വിശദീകരണം തേടിയപ്പോഴും ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ഹാജരാക്കി. എന്നാൽ ഈ കാര്യങ്ങൾ പരിഗണിക്കാതെയാണ് നാഡ വിലക്കേർപ്പെടുത്തിയത്– വിസ്മയ പറഞ്ഞു. ക്ലോമിഫൈൻ ഉപയോഗിച്ചെന്നു വിസ്മയ സമ്മതിച്ചതിനാൽ ഇനി ബി സാംപിൾ പരിശോധനയുണ്ടാകില്ല.