ADVERTISEMENT

ആ ഫ്രെയിം മറക്കാനാവില്ല; 2023ൽ ലോക ചെസ് ചാംപ്യനായ ശേഷം വികാരാധിക്യത്താൽ കൈ കൊണ്ടു മുഖം പൊത്തിയിരുന്ന ഡിങ് ലിറനെ. എവറസ്റ്റ് കൊടുമുടി കീഴടക്കിയ പർവതാരോഹകനെപ്പോലെ അപാരശൂന്യതയും അഗാധനീലിമയും മാത്രം മുന്നിൽ. ഉയർന്ന മറ്റു ലക്ഷ്യങ്ങളൊന്നുമില്ല. ആ ശൂന്യത തീർത്ത നിസ്സംഗത മാറിയില്ലെന്നതു ഡിങ്ങിന്റെ പിന്നീടുള്ള കളികളിൽ വ്യക്തമായിരുന്നു. കിരീടം നിലനിർത്താൻ വേണ്ടി ഇന്ത്യൻ താരം ഡി. ഗുകേഷിനെ നേരിടുമ്പോൾ അതുതന്നെയാകും ഡിങ് നേരിടുന്ന പ്രധാന വെല്ലുവിളി.

‘ഒരു കൊടുങ്കാറ്റ് ഉള്ളിൽ കൊണ്ടു നടക്കുന്ന ശാന്തൻ’ എന്നാണ് ഡിങ് ലിറനുള്ള വിശേഷണം പോലും. നാടകീയതകളൊന്നുമില്ലാത്ത വ്യക്തി. ചൈനയുടെ വൻമറയ്ക്കുള്ളിൽ ആദ്യ 10 വർഷങ്ങളിൽ ആ പ്രതിഭയുടെ മിന്നലാട്ടം അധികമൊന്നും പുറംലോകം അറിഞ്ഞിരുന്നില്ല. 2800 എന്ന ഇലോ റേറ്റിങ് മറികടന്ന് മാഗ്നസ് കാൾസന്റെ ഒന്നാം സ്ഥാനത്തെ കളിമികവുകൊണ്ടാണ് ഡിങ് ലിറൻ വെല്ലുവിളിച്ചത്. ആ പ്രതിഭയോടു മതിപ്പായിരുന്നു മാഗ്നസ് അടക്കമുള്ള ചെസ് പ്രതിഭകൾക്കെല്ലാം.

എന്നാൽ, ലോക ചെസ് ചാംപ്യൻ പദവിയിലേക്കുള്ള ഡിങ്ങിന്റെ കുതിപ്പ് ആകസ്മികമായിരുന്നു. ലോക ചാംപ്യൻ മാഗ്നസിന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റ് വിജയിച്ചത് റഷ്യൻ താരം യാൻ നീപോംനീഷിയായിരുന്നു. ഡിങ്ങിനു രണ്ടാം സ്ഥാനം. എന്നാൽ, നിലവിലെ ഫോർമാറ്റിൽ മത്സരിക്കുന്നില്ലെന്ന് മാഗ്നസ് കാൾസൻ തീരുമാനമെടുത്തതോടെ കാൻഡിഡേറ്റ്സിലെ ഒന്നാം സ്ഥാനക്കാരനും രണ്ടാം സ്ഥാനക്കാരനും തമ്മിലുള്ള ലോക പോരാട്ടത്തിനു വഴിയൊരുങ്ങി.

അങ്ങനെ നീപോംനീഷി – ഡിങ് ലോക ചെസ് പോരാട്ടത്തിൽ, ആദ്യമൊന്നു പതറിയെങ്കിലും സമചിത്തത കൈവിടാതെ ഡിങ് കിരീടം കൈപ്പിടിയിലൊതുക്കി. എന്നാൽ, അതിനുശേഷം മാനസിക തകർച്ചയിലേക്കു ഡിങ് കൂപ്പുകുത്തുന്നതാണു ലോകം കണ്ടത്. കുറച്ചുകാലം ചെസ് ബോർഡിൽനിന്നു വിട്ടുനിന്ന ഡിങ് മരുന്നുകളുടെ പിൻബലത്തിൽ തിരിച്ചെത്തി. 2 മാസം മുൻപു നടന്ന ചെസ് ഒളിംപ്യാഡിൽ ചൈനയുടെ ഒന്നാം ബോർഡിൽ ഡിങ്ങിന്റെ പ്രകടനം ദയനീയമായിരുന്നു.

ഡിങ്ങിന്റെ ഈ അവസ്ഥയിലും പ്രധാന കളിക്കാർ ഓർമിപ്പിക്കുന്ന ഒന്നുണ്ട്: മികച്ച ഫോമിൽ മാഗ്നസിനെ അമ്പരപ്പിച്ച ഡിങ്ങിന് ആ ഫോമിന്റെ പകുതിയെങ്കിലും കാഴ്ചവയ്ക്കാനായാൽ ഫലം പ്രവചനാതീതമാകും. അടുത്തകാലത്തെ അഭിമുഖങ്ങളിലെല്ലാം തന്റെ മാനസികാവസ്ഥ തുറന്നുപറയാൻ ആർജവം കാണിച്ച ഡിങ് ഒന്നുകൂടി പറയുന്നു: ‘‘പലർ പങ്കെടുക്കുന്ന ടൂർണമെന്റ് പോലെയല്ല, രണ്ടു കളിക്കാർ നേരിട്ടുള്ള മത്സരം വ്യത്യസ്തമാണ്. ദിവസവും ബോർഡിനുമുന്നിൽ ഇരുന്നു കളിക്കുമ്പോൾ നിർണായകമാവുക പരിചയസമ്പത്താണ്. ഓരോ സന്ദർഭത്തോടും എങ്ങനെ പ്രതികരിക്കുക എന്നതാണ് പ്രധാനം’’.

കളിയുടെ മധ്യഘട്ടത്തിലും പൊസിഷൻ വിലയിരുത്തുന്നതിലും മികവുള്ള ഗുകേഷിനോട് ഏറ്റുമുട്ടുന്നതിനു മുൻപ് പരിശീലനത്തിൽ ആ മേഖലകളിൽ ശ്രദ്ധയൂന്നാനാണു ഡിങ്ങിന്റെ തീരുമാനം. ‘‘2023നു ശേഷം എന്റെ കരിയറിൽ താഴ്ചയുണ്ടായെന്നു പറയാമെങ്കിലും അടുത്തുതന്നെ അതിൽ ഒരു വൻ മാറ്റം വരുമെന്നാണ് പ്രതീക്ഷ’’.–ഡിങ് പറയുന്നു. ബുഡാപെസ്റ്റ് ഒളിംപ്യാഡിലെ പ്രകടനം മോശമായിരുന്നെങ്കിലും ലോക ചാംപ്യൻഷിപ്പിനു മുന്നോടിയായി കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അതു സഹായിച്ചെന്നാണ് ഡിങ് ലിറന്റെ വിലയിരുത്തൽ.

English Summary:

World Chess Champion Ding Liren in Declining Form

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com