കോളജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് കോളജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ് സംഘടിപ്പിക്കുന്നു. ജനുവരിയിൽ ആരംഭിക്കുന്ന ആദ്യ ലീഗിൽ ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി എന്നീ മത്സരങ്ങളാകും ഉണ്ടാകുക. സംസ്ഥാനത്തെ കോളജുകളെ നാലു മേഖലകളാക്കി തിരിച്ചാണ് മത്സരം.
കോളജുകളിൽ സ്പോർട്സ് ക്ലബ് രൂപീകരണമാണ് ആദ്യ ഘട്ടം. സ്പോർട്സ് ക്ലബ്ബുകളുടെ ഏകോപനത്തിന് മുൻ കായിക താരങ്ങളും കായിക സംഘടനാ പ്രതിനിധികളും സ്പോർട്സ് കൗൺസിൽ പ്രതിനിധികളും ഉൾപ്പെടുന്ന ജില്ലാ തല കമ്മിറ്റികളുണ്ടാകും. ഈ സമിതികളെ നിയന്ത്രിക്കാൻ സംസ്ഥാനതല സാങ്കേതിക സമിതിയും രൂപീകരിക്കും.
ജില്ലാ സമിതിയാകും കോളജ് ക്ലബ്ബുകളുടെ പ്രവർത്തനവും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി ലീഗിലേക്കുളള ടീമുകളെ തിരഞ്ഞെടുക്കുക. ലീഗിന്റെ ലോഗോ ഇന്ന് മന്ത്രിമാരായ വി.അബ്ദു റഹിമാനും ആർ.ബിന്ദുവും ചേർന്ന് പ്രകാശനം ചെയ്യും.