കാസ്പറോവിന്റെ വെളിപാടുകൾ!
Mail This Article
വാക്കിൽ തീകൂട്ടുന്നയാളാണ് മുൻ ലോക ചാംപ്യനും ചെസ് ഇതിഹാസവുമായ ഗാരി കാസ്പറോവ്. താൻ വേറെ ലോകം വേറെ എന്നാണ് നിലപാട്.കാനഡയിലെ ടൊറന്റോയിൽ ലോക ചാംപ്യന്റെ എതിരാളിയാകാൻ പ്രതീക്ഷയർപ്പിച്ചിരുന്നവരെ കടത്തിവെട്ടി ഇന്ത്യക്കാരനായ ഡി. ഗുകേഷ് നേടിയ വിജയത്തെ ‘ടൊറന്റോയിൽ ഇന്ത്യൻ ഭൂകമ്പ’മെന്നും ‘ടെക്റ്റോണിക് ഷിഫ്റ്റ് ഇൻ ഗ്ലോബൽ ഓർഡർ ഓഫ് ചെസ് ’ എന്നുമാണ് കാസ്പറോവ് വിശേഷിപ്പിച്ചത്.
ഡിങ്–ഗുകേഷ് ലോക ചാംപ്യൻഷിപ് അടുത്തപ്പോൾ കാസ്പറോവ് അടുത്ത വെടിപൊട്ടിച്ചു: ‘‘ഇത് ഒരു ലോക ചാംപ്യൻഷിപ്പായി ഞാൻ കരുതുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ കണ്ടെത്താനായിരിക്കണം ലോക ചാംപ്യൻഷിപ്. 1886ൽ വില്യം സ്റ്റീനിറ്റ്സിലൂടെ തുടങ്ങിയ ലോക ചാംപ്യൻമാരുടെ ചരിതം മാഗ്നസ് കാൾസനിൽ അവസാനിച്ചിരിക്കുന്നു. 16 ലോക ചാംപ്യൻമാരുണ്ടായിട്ടുണ്ട്. അവരായിരുന്നു അതതു കാലത്തെ ഏറ്റവും മികച്ച കളിക്കാർ. അന്നത്തെ ഏറ്റവും മികച്ച കളിക്കാരെ തോൽപിച്ചു ജേതാക്കളായവർ.’’– കാസ്പറോവ് തുറന്നടിച്ചു.
‘‘ഡിങ്–ഗുകേഷ് മത്സരം വളരെ പ്രധാനപ്പെട്ടതാണ്. ഗുകേഷിനാണു ജയസാധ്യത. എന്നാലും ഭൂമിയിലെ ഏറ്റവും മികച്ച കളിക്കാരനെ കണ്ടെത്താനുള്ള പോരാട്ടമെന്ന് അതിനെ വിളിക്കാനാകുമോയെന്ന് സംശയം’’
തന്റെ പഴയ ശിഷ്യനും ലോക ഒന്നാം നമ്പർ താരവുമായ മാഗ്നസ് കാൾസൻ ലോകചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നില്ലെന്നു പ്രഖ്യാപിച്ചശേഷം പുതിയ ചാംപ്യനായ ഡിങ് ലിറനെ കാസ്പറോവ് അംഗീകരിച്ചിട്ടില്ലെന്നു വ്യക്തം. നിലവിലെ ഫോർമാറ്റിൽ കളിക്കാനില്ലെന്ന മാഗ്നസിന്റെ നിലപാടിനെയും കാസ്പറോവ് ന്യായീകരിക്കുന്നു.
‘‘ചെസിനു വേഗം കൂടി, ജീവിതത്തിനും വേഗം കൂടി, ലോക ചാംപ്യന്റെ എതിരാളിയെ കണ്ടെത്താൻ ഒന്നരവർഷം നീണ്ട കാലയളവ് കാലഹരണപ്പെട്ടതാണ്’’–കാസ്പറോവ് പറഞ്ഞു.
എന്നാൽ, കാസ്പറോവിന്റെ അഭിപ്രായത്തെ വിടുവായത്തമായാണ് പല കളിക്കാരും കാണുന്നത്. 1972 ലെ വിജയത്തിനുശേഷം ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നില്ലെന്ന് ബോബി ഫിഷർ തീരുമാനിച്ചതും അനറ്റൊലി കാർപോവ് ലോക ചാംപ്യനായതും കാസ്പറോവ് മറന്നോ എന്നാണ് അവരുടെ ചോദ്യം. വിക്ടർ കോർച്ചനോയിയെ തോൽപിച്ച് പിന്നീട് രണ്ടുവട്ടം കിരീടം നിലനിർത്തിയ കാർപോവിനെ തോൽപിച്ചാണ് കാസ്പറോവ് ലോക ജേതാവായതെന്നു ചരിത്രം.