ADVERTISEMENT

‘ക്ലാസ് ഈസ് പെർമനന്റ്, ഫോം ഈസ് ടെംപററി’ എന്നു ലോകചാംപ്യൻ തെളിയിച്ച ദിനം. ലോക ചെസ് ചാംപ്യൻഷിപ്പിലെ ആദ്യ കളിയിൽ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിനെ 43 നീക്കങ്ങളിൽ തോൽപിച്ച് ചൈനയുടെ ഡിങ് ലിറന് ലീഡ് (1–0). രണ്ടാം ഗെയിം ഇന്നു നടക്കും. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാൾക്കാണ് കിരീടം. മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഗുകേഷ് സൂചിച്ചതുപോലെ, ഇരുവരും പിഴവുകൾ വരുത്തിയെങ്കിലും സമയസമ്മർദത്തിൽ ഗുകേഷിന്റെ പിഴവുകൾ മത്സരഫലത്തിൽ നിർണായകമായി. മുന്നിൽ ഏറെ കളികൾ ബാക്കിയുണ്ടെന്നും കളിയോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകില്ലെന്നും ഗുകേഷ് പറഞ്ഞു.

304 ദിവസം!

ക്ലാസിക്കൽ ചെസിൽ ലോക ചാംപ്യൻ ഡിങ് ലിറൻ അവസാനമായി ജയിച്ചത് 304 നാൾ മുൻപായിരുന്നു. ദീർഘമായ ആ കാത്തിരിപ്പും ആശങ്കകളുമാണ് ഡിങ് ഒറ്റ വിജയത്തോടെ മറികടന്നത്. വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷിന്റെ കിങ് പോൺ പ്രാരംഭത്തിനെതിരെ ലോക ചാംപ്യന്റെ ഫ്രഞ്ച് പ്രതിരോധം. ഗുകേഷിന്റെ ഏഴാം നീക്കത്തോടെ ഡിങ് ചിന്തയിലാണ്ടു. 27 മിനിറ്റിനുശേഷം ഡിങ് മറുപടി നൽകിയെങ്കിലും ഗുകേഷിനായിരുന്നു മേൽക്കൈ. പത്താം നീക്കത്തോടെ രാജാവിന്റെ വശംതുറന്ന് ഗുകേഷ് നടത്തിയ കാലാൾ നീക്കം ആവേശത്തോടെയാണ് ചെസ് ആരാധകർ ഏറ്റെടുത്തെങ്കിലും അതിന്റെ വരുംവരായ്കകൾ സംബന്ധിച്ച് ചെസ് വിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നു. ഇപ്പോൾ ഒരു നിലപാടെടുക്കുകയാണെങ്കിൽ വെള്ളക്കരുക്കളുമായി കളിക്കാനാണ് തനിക്ക് താൽപര്യമെന്ന് മത്സരം വിശകലനം ചെയ്യവേ ഹംഗേറിയൻ ഗ്രാൻഡ്മാസ്റ്റർ ജൂഡിത് പോൾഗർ പറഞ്ഞു. 

ആദ്യ നീക്കങ്ങൾ വേഗം നടത്തിയ ഗുകേഷ് പതിനൊന്നാം നീക്കത്തിനാണ് ആദ്യമായി സമയമെടുത്തത്–20 മിനിറ്റ്. 17–ാം നീക്കത്തിലും ഗുകേഷ് ഏറെ സമയമെടുത്തതോടെ (30 മിനിറ്റിലധികം) ഡിങ് പതിയെ കളം പിടിക്കുന്ന സൂചന നൽകി. ഗുകേഷിന്റെ 18–ാം നീക്കവും കംപ്യൂട്ടർ അനുകൂലിച്ചില്ല. അതിനുള്ള ഡിങ്ങിന്റെ മറുപടി മികച്ചതും പെട്ടെന്നുമായിരുന്നു. ഗുകേഷിന്റെ കരുനിലയിലെ ദുർബലത മുതലെടുക്കാൻ ഡിങ് രാജ്ഞിയെ സി 4 കളത്തിലേക്ക് വിന്യസിച്ചു. സമയസമ്മർദത്തിലടിപ്പെട്ട് ഗുകേഷിനു തുടരെ പിഴച്ചു. ആദ്യ സമയക്രമം പൂർത്തിയാക്കാൻ ഏഴുനീക്കം കൂടി ബാക്കിയുള്ളപ്പൾ 45 സെക്കൻഡ് മാത്രമായിരുന്നു ഗുകേഷിന്റെ ക്ലോക്കിൽ. ഗുകേഷ് അതുമറികടന്നെങ്കിലും വീണ്ടെടുക്കാനാവാത്ത വിധം കരുനില തകർന്നുകഴിഞ്ഞിരുന്നു.

English Summary:

Ding Liren wins first match in World Chess championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com