‘‘ഇന്ത്യയിൽ രണ്ടാം ചെസ് വിപ്ലവം..’’; മുൻ വനിതാ ലോക ചാംപ്യൻ അലക്സാൻഡ്ര കോസ്റ്റന്യൂക്ക് സംസാരിക്കുന്നു
Mail This Article
‘‘ഞാൻ ഒരു കളിക്കാരനെയും പിന്തുണയ്ക്കുന്നില്ല, സുന്ദരമായ ചെസിനെ മാത്രം ഇഷ്ടപ്പെടുന്നു’’–ലോക ചെസ് ചാംപ്യൻഷിപ്പിലെ ആദ്യ മത്സരത്തിനുമുൻപ് മുൻ ലോക വനിതാ ചാംപ്യൻ അലക്സാൻഡ്ര കോസ്റ്റന്യൂക്കിന്റെ വാക്കുകൾ. ചാംപ്യൻഷിപ് നടക്കുന്ന സെന്റോസ വേൾഡ് റിസോർട്സിലെ ഇക്വാരിയസ് ഹോട്ടലിൽ ‘മനോരമയോട് സംസാരിക്കുകയായിരുന്നു അലക്സാൻഡ്ര. 2008 മുതൽ 2010 വരെ വനിതാ ലോക ചാംപ്യനും 2021ലെ വനിതാ ലോക റാപ്പിഡ് ചാംപ്യനുമായിരുന്നു റഷ്യയിൽ ജനിച്ച് ഇപ്പോൾ സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന അലക്സാൻഡ്ര. ഉപരോധമുള്ള യുഗോസ്ലാവ്യയിൽ കളിച്ചതിന് പണ്ട് അമേരിക്ക അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോൾ ‘ജയിലിൽ എനിക്കൊപ്പം പഴയ എതിരാളി സ്പാസ്കി വേണ്ട, സുന്ദരിയായ അലക്സാൻഡ്ര മതി’ എന്ന് പണ്ട് ബോബി ഫിഷർ തമാശയായി പറഞ്ഞത് അലക്സാൻഡ്ര കോസ്റ്റന്യൂക്കിനെ കുറിച്ചായിരുന്നു.
‘‘ഞാൻ കൊൽക്കത്തയിൽ ടാറ്റാ സ്റ്റീൽ ടൂർണമെന്റിൽ പങ്കെടുത്ത് നേരിട്ട് ഇങ്ങോട്ടാണ് വന്നത്. എന്റെ ആദ്യ ഇന്ത്യൻ സന്ദർശനം 2002ൽ ചെസ് ലോകകപ്പിനായി ഹൈദരാബാദിലേക്കായിരുന്നു. അന്നു നന്നായി കളിക്കാനായില്ല. ഹോട്ടലിൽനിന്ന് ടൂർണമെന്റ് ഹാളിലേക്കും തിരിച്ചും മാത്രമായിരുന്നു യാത്ര. ഇന്ത്യ ശരിക്കു കാണാനായില്ല എന്നു സങ്കടമുണ്ട്’’– അലക്സാൻഡ്ര പറയുന്നു. ലോക ചെസ് സംഘടനയുടെ അതിഥിയായി സിംഗപ്പൂരിലെത്തിയതാണ് അലക്സാൻഡ്ര. ലോക ചാംപ്യൻഷിപ്പുമായി ബന്ധപ്പെട്ട പല പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
‘‘ഗുകേഷ് ലോക ചാംപ്യൻഷിപ് ജയിക്കുകയാണെങ്കിൽ ഇന്ത്യയിൽ ചെസ് ബൂമിന്റെ രണ്ടാം ഘട്ടത്തിനു വേഗമേറും’– അലക്സാൻഡ്രയുടെ നിരീക്ഷണം. ‘‘ഇന്ത്യൻ വനിതകളുടെ പ്രകടനവും അടുത്തകാലത്തായി മികച്ചതാണ്. ഒളിംപ്യാഡ് സ്വർണം നോക്കിയാൽ മതി.’’ കൊനേരു ഹംപിയുമായും ഡി. ഹരികയുമായും കളിച്ച അനുഭവത്തിന്റെ കൂടി വെളിച്ചത്തിൽ നാൽപ്പതുകാരി അലക്സാൻഡ്രയുടെ വിലയിരുത്തൽ.