ഗ്രാൻഡ് റിട്ടേൺ!; ലോക ചെസ് ചാംപ്യൻഷിപ്പിലെ മൂന്നാം മത്സരത്തിൽ ഗുകേഷിന് ജയം
Mail This Article
ടൈംബോംബിൽ എന്നവണ്ണം ക്ലോക്കിന്റെ മിടിപ്പും ലോക ചാംപ്യന്റെ ഹൃദയമിടിപ്പും. 3 നീക്കം ബാക്കിയുള്ളപ്പോൾ ഡിങ് ലിറന്റെ സൂചിത്തുമ്പിൽ നിശ്ചലം നിന്നൂ നിമിഷം. സ്വിസ് ക്ലോക്കിന്റെ കണിശതയോടെ നീക്കങ്ങൾ നടത്തുകയും ഒരിക്കലും ശാന്തത കൈവിടാതിരിക്കുകയും ചെയ്ത ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന് ലോക ചെസ് ചാംപ്യൻഷിപ്പിൽ ആദ്യ ജയം. ആദ്യ ഗെയിമിലേറ്റ തിരിച്ചടിക്ക് ഗുകേഷ് മൂന്നാം ഗെയിമിൽ തിരിച്ചടി നൽകിയപ്പോൾ സ്കോർ തുല്യം (1.5-1.5). ഇന്നു വിശ്രമദിനം. നാലാം ഗെയിം നാളെ നടക്കും.
ഒരു പോയിന്റ് ലീഡുള്ള ഡിങ് ലിറനും ആദ്യ കളിയിലെ തോൽവിയിൽ നിന്നു തിരിച്ചുവന്ന ഗുകേഷും അതിചിന്ത വഹിച്ച് ആദ്യ നീക്കത്തിനു കാത്തിരുന്നു. വെള്ളക്കരുക്കളുമായി രാജ്ഞിയുടെ മുന്നിലുള്ള കാലാളെ നീക്കി ഗുകേഷിന്റെ തുടക്കം. നാലാം നീക്കത്തിൽ ഗുകേഷ്, ഡിങ്ങിന്റെ കാലാളെ വെട്ടാൻ തീരുമാനിച്ചപ്പോൾ ക്വീൻസ് ഗാംബിറ്റിന്റെ എക്സ്ചേഞ്ച് വേരിയേഷനായി കളത്തിൽ. അതിലുപരി ചെസ് പ്രേമികളിലുറച്ചത് ഗുകേഷിന്റെ മുഖത്തേക്കുള്ള ഡിങ്ങിന്റെ നോട്ടമായിരുന്നു. തന്നെ ചെറുതായെങ്കിലും അദ്ഭുതപ്പെടുത്തിയ എതിരാളിയോടുള്ള ആദരം നിറഞ്ഞ നോട്ടം.
ഒൻപതാം നീക്കത്തോടെ രാജ്ഞിമാർ കളമൊഴിഞ്ഞു. 13 നീക്കം പിന്നിട്ടപ്പോൾ ഗുകേഷ് എടുത്തത് നാലു മിനിറ്റോളം മാത്രം. എന്നാൽ, ഡിങ്ങിന്റെ ക്ലോക്കിൽ സമയം പകുതി അവസാനിച്ചിരുന്നു. സാധാരണമെന്നു തോന്നിക്കാവുന്ന, എന്നാൽ അതീവ അപകടകരമായ കരുനില. 2023 ലോക റാപിഡ് ടീം ചാംപ്യൻഷിപ്പിൽ നടന്ന വ്ലാഡിമിർ ക്രാംനിക്-അർജുൻ എരിഗെയ്സി മത്സരത്തിന്റെ തനിയാവർത്തനമായിരുന്ന കളിയിൽ ആദ്യം വ്യതിചലിച്ചത് ഡിങ്ങായിരുന്നു.
സി 2 കളത്തിൽ കുടുങ്ങിയ ബിഷപ്പിനെ രക്ഷപ്പെടുത്താൻ, അരമണിക്കൂറിലധികം ചിന്തിച്ച ശേഷം കുതിരയെ ഡി 7 കളത്തിൽ വിന്യസിച്ചപ്പോൾ മറന്നുപോയ തയാറെടുപ്പുകൾ ഡിങ് വീണ്ടെടുത്തിട്ടുണ്ടാവാമെന്ന ചിന്തയാണ് കമന്ററിയിൽ വിശ്വനാഥൻ ആനന്ദ് പങ്കുവച്ചത്.
തന്റെ മറുപടിക്കു മുൻപ് സിഗ്നേച്ചർ മൂവ് പോലെ ഗുകേഷ് കുപ്പായക്കോളർ ഒന്നു പിടിച്ചുയർത്തി. തുടർന്ന് കൃത്യമായ നീക്കം. പൊസിഷനിൽ സമനില സാധ്യതകളാണെന്നായിരുന്നു അപ്പോഴും ആനന്ദിന്റെ വിലയിരുത്തൽ. ‘ഡിങ് ആത്മവിശ്വാസത്തിലാണ്’- ജൂഡിത്തും പറഞ്ഞു. എന്നാൽ, 22 നീക്കങ്ങൾക്ക് 30 മിനിറ്റു മാത്രമായിരുന്നു ഡിങ്ങിന്റെ ക്ലോക്കിൽ ബാക്കി. ഗുകേഷിന്റെ കാലാളിനെ ലക്ഷ്യമിട്ട് ഡിങ് നടത്തിയ 18–ാം നീക്കം (റൂക്ക് എച്ച് 5) പിഴച്ചു. തുടർനീക്കങ്ങൾ ഡിങ് കടുകിട തെറ്റാതെ കണ്ടെത്തേണ്ട സ്ഥിതി. തന്റെ ആനുകൂല്യം നിലനിർത്താൻ 21–ാം നീക്കത്തിൽ അനിവാര്യമായിരുന്ന റൂക്ക് നീക്കം ഗുകേഷ് കൃത്യമായി കണ്ടെത്തി.
തന്റെ ആനുകൂല്യം ജയത്തിലേക്കു നയിക്കാവുന്ന ഏക തുടർനീക്കവും (എൻഇ2) ഗുകേഷ് നടത്തി. പത്മവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെപ്പോലെ ഡിങ്ങിന്റെ ബിഷപ് എതിർപാളയത്തിൽ കുടുങ്ങി. കംപ്യൂട്ടർ പോലെ കണിശമായിരുന്നു ഗുകേഷിന്റെ തുടർനീക്കങ്ങളെല്ലാം. പക്ഷേ വിജയം മണത്ത ആവേശത്തിനു പകരം ശാന്തമായിരുന്നു മുഖഭാവം. നിറയെ കുഴിബോംബുകൾ നിരത്തിയ പാടം പോലെ അടർക്കളം. നേരിയപിഴവുകൾപോലും നിർണായകമായേക്കാവുന്ന സ്ഥിതി.
31–ാം നീക്കം നടത്തുമ്പോൾ ഡിങ്ങിന്റെ സമ്മർദം മുഖത്തുകാണാമായിരുന്നു. പകുതി ബോർഡിലും പകുതി ഗുകേഷിന്റെ മുഖത്തും ആ നോട്ടം തങ്ങിനിന്നു. 2 മിനിറ്റിൽ 9 നീക്കം. അതിലുപരി ഗുകേഷിന്റെ പഴുതടച്ച നീക്കങ്ങൾ. 37–ാം നീക്കത്തോടെ ഡിങ്ങിന്റെ ക്ലോക്ക് നിലച്ചു. സമയക്കണക്കിൽ തോൽവി. ലോകചാംപ്യൻഷിപ്പുകളിൽ അപൂർവം. അതല്ലെങ്കിലും കളത്തിൽ അതിനകം വിജയത്തിന്റെ കൊടി നാട്ടിയിരുന്നു ഗുകേഷ്. ക്ലാസിക്കൽ ചെസിൽ ഡിങ്ങിനെതിരെ ഗുകേഷിന്റെ ആദ്യ ജയം കൂടിയായി ഇത്.