ADVERTISEMENT

ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ കേരളത്തിന് പൊന്നരങ്ങേറ്റം. ആൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിൽ ജീവിതപ്രതിസന്ധികളെ ഇന്ധനമാക്കി ഉയരത്തിലേക്കു ചാടിയ മിലൻ സാബുവാണ് മീറ്റിൽ കേരളത്തിന് ആദ്യ സ്വർണം സമ്മാനിച്ചത്. 4.10 മീറ്റർ പിന്നിട്ടാണ് പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ പതിനഞ്ചുകാരന്റെ നേട്ടം. രണ്ടാം സ്ഥാനത്തെത്തിയ മധ്യപ്രദേശ് താരത്തിന് 3.90 മീറ്ററെ ചാടാനായുള്ളൂ. മിലന്റെ സ്വർണനേട്ടം കാണാൻ സഹോദരങ്ങളായ മെൽബയും മെൽബിനും പരിശീലകൻ പാലാ ജംപ്സ് അക്കാദമിയിലെ കെ.പി.സതീഷ്കുമാറും ലക്നൗവിലെത്തിയിരുന്നു.

പെൺകുട്ടികളുടെ ഹൈജംപിൽ 1.54 മീറ്റർ ചാടി കേരളത്തിന്റെ സി.പി.അശ്മിക വെങ്കലം നേടി. മലപ്പുറം കടകശ്ശേരി ഐഡിയൽ ഇഎംഎച്ച്എച്ച്എസ്എസിലെ അശ്മികയും രണ്ടാം സ്ഥാനക്കാരിയായ തമിഴ്നാട് താരം ആർ.സാധനയും ഒരേ ഉയരത്തിലാണ് മത്സരം പൂർത്തിയാക്കിയത്. എന്നാൽ ആദ്യം ഇതു പിന്നിട്ടത് സാധന ആയതിനാലാണ് അശ്മിക മൂന്നാമതായത്. പാതി മലയാളിയായ മഹാരാഷ്ട്രക്കാരി ഏയ്ഞ്ചൽ പാട്ടീലാണ് 1.65 മീറ്റർ കുറിച്ച് സ്വർണം നേടിയത്. മീറ്റിൽ ഇന്ന് 8 ഫൈനലുകളാണുള്ളത്. 

പിഴവ് തുടർക്കഥ

സംഘാടന പിഴവ് രണ്ടാം ദിവസവും മത്സരത്തെ ബാധിച്ചു. സിന്തറ്റിക് സ്റ്റേഡിയത്തിൽ വെളിച്ചത്തിനുള്ള സംവിധാനങ്ങളില്ലാത്തതിനാൽ വൈകിട്ട് നാലിനു ശേഷം നടക്കേണ്ടിയിരുന്ന പെൺകുട്ടികളുടെ പോൾവോൾട്ട്, 3000 മീറ്റർ നടത്തം എന്നിവ മാറ്റിവച്ചു. പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ സ്ഥിരം ടേക്ക് ഓഫ് ബോർഡ് ഇല്ലാത്തതും തർക്കത്തിനിടയാക്കി. കുമ്മായം ഉപയോഗിച്ചാണ് സംഘാടകർ താൽക്കാലിക ടേക്ക് ഓഫ് സംവിധാനം തയാറാക്കിയിരുന്നത്.

മടങ്ങാൻ ടിക്കറ്റില്ല

ലക്നൗവിലേക്കുള്ള യാത്രയിൽ ഏകദേശം ഒരുദിവസം ‘വൈകിപ്പിച്ചാണ്’ റെയിൽവേ കേരളത്തിനെ ബുദ്ധിമുട്ടിച്ചതെങ്കിൽ മടക്കയാത്രയിൽ ടിക്കറ്റ് ഉറപ്പാകാത്തതാണ് ടീം നേരിടുന്ന വെല്ലുവിളി. ശനിയാഴ്ച മത്സരങ്ങൾ അവസാനിക്കുന്നതിനാൽ തൊട്ടടുത്ത ദിവസം ഗോരഖ്പുർ–കൊച്ചുവേളി രപ്തിസാഗർ എക്സ്പ്രസിൽ 73 അംഗ സംഘത്തിനു കേരളത്തിലേക്ക് മടങ്ങേണ്ടതുണ്ട്. എന്നാൽ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിൽ തുടരുകയാണ്.

English Summary:

Milan Sabu wins gold in National Junior Athletics Pole Vault

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com