ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക്സ്: മഹാരാഷ്ട്ര ജേതാക്കൾ, 27 പോയിന്റുമായി കേരളം നാലാം സ്ഥാനത്ത്
Mail This Article
ലക്നൗ ∙ ഗുരു ഗോബിന്ദ് കോളജ് സിന്തറ്റിക് സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീൽഡിലും അഞ്ചുദിനങ്ങളിലായി നടന്ന ദേശീയ സ്കൂൾ ജൂനിയർ അത്‌ലറ്റിക്സിൽ 70 പോയിന്റോടെ ചാംപ്യൻ പട്ടം പിടിച്ചെടുത്ത് മഹാരാഷ്ട്ര. ഹരിയാനയും (42 പോയിന്റ്) ആതിഥേയരായ ഉത്തർപ്രദേശും (32 പോയിന്റ്) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ 27 പോയിന്റുമായി കേരളം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2 സ്വർണവും 5 വെള്ളിയും 2 വെങ്കലവുമുൾപ്പെടെ 9 മെഡലുകളാണ് കേരളത്തിന്റെ നേട്ടം. കഴിഞ്ഞവർഷം പാടലിപുത്രയിൽ നടന്ന മത്സരത്തിൽ 4 സ്വർണവും 5 വെള്ളിയും 3 വെങ്കലവുമായി 12 മെഡലുകളുണ്ടായിരുന്നു കേരളത്തിന്.
മീറ്റിന്റെ തുടക്കം മുതൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ തുടർന്ന കേരളം അവസാനദിനത്തിലാണ് നാലാം സ്ഥാനത്തേക്കു വീണത്. ഇന്നലെ 10 ഫൈനലുകളുണ്ടായിരുന്നെങ്കിലും ആകെ 2 വെള്ളിയാണ് കേരള താരങ്ങൾക്കു നേടാനായത്. ആൺകുട്ടികളുടെ 4–400 മീ. റിലേയിൽ ആരോമൽ ഉണ്ണി, എം.അമൃത്, സ്റ്റെഫിൻ സാലു, സാബിൻ ജോർജ് എന്നിവരുൾപ്പെടുന്ന ടീമും പെൺകുട്ടികളുടെ ലോങ്ജംപിൽ എസ്.അനന്യയുമാണ് രണ്ടാം സ്ഥാനം നേടിയത്.
ആൺകുട്ടികളുടെ വിഭാഗത്തിൽ ഉത്തർപ്രദേശിനും (26 പോയിന്റ്) മഹാരാഷ്ട്രയ്ക്കും (24 പോയിന്റ്) പിന്നിലാണ് കേരളം (14 പോയിന്റ്). പെൺകുട്ടികളുടെ വിഭാഗത്തിൽ മഹാരാഷ്ട്രയും (45), ഹരിയാനയും (35) ആദ്യ രണ്ടു സ്ഥാനം നേടിയപ്പോൾ 13 പോയിന്റോടെ ജാർഖണ്ഡിനൊപ്പം കേരളം മൂന്നാം സ്ഥാനം പങ്കിട്ടു. കേരള ടീം ഇന്നു നാട്ടിലേക്ക് മടങ്ങും.