എങ്കിൽ പിന്നെ സമനില!; ലോക ചെസ് ചാംപ്യൻഷിപ്പിലെ ആറാം ഗെയിം സമനില; സ്കോർ തുല്യം (3–3)
Mail This Article
ചെസിന്റെ വിശ്വമഹാസമുദ്രം. അതിൽ ലോകചാംപ്യൻ ഡിങ് ലിറൻ എന്ന മഞ്ഞുമല. പരിചയസമ്പന്നനായ കപ്പിത്താനെപ്പോലെ, ആ മഞ്ഞുമല മറികടന്നും, പോകും വഴി ചില പാഠങ്ങൾ പകർന്നും ദൊമ്മരാജു ഗുകേഷ് കരുക്കൾ നീക്കിയപ്പോൾ ലോക ചെസ് ചാംപ്യൻഷിപ്പിലെ ആറാം ഗെയിമിൽ സമനില. സ്കോർ തുല്യം (3-3). ഇന്നു വിശ്രമദിനം. ഏഴാം ഗെയിം നാളെ.
നൂറുമീറ്റർ ഓട്ടത്തിന്റെ ഫൈനൽ പോലെയൊരു തുടക്കം. ഉസൈൻ ബോൾട്ട് ആവേശിച്ചപോലെ അതിവേഗമായിരുന്നു ഡിങ് ലിറന്റെ ആദ്യ നീക്കങ്ങൾ. വെള്ളക്കരുക്കളുമായി രാജ്ഞിയുടെ മുന്നിലുള്ള കാലാളെ തള്ളി, രണ്ടാം നീക്കത്തോടെ ഏറെ പ്രചാരത്തിലുളള ലണ്ടൻ സിസ്റ്റം തിരഞ്ഞെടുത്തു ലോകചാംപ്യൻ. റഷ്യൻ താരം യാൻ നീപോംനീഷിക്കെതിരെ കഴിഞ്ഞ ലോക ചാംപ്യൻഷിപ്പിന്റെ ആറാം ഗെയിമിൽ ഡിങ് കളിച്ചത് ഇതേ പ്രാരംഭമായിരുന്നു. മധ്യദൂര ഓട്ടക്കാരനെപ്പോലെ അൽപം ആലോചിച്ചായിരുന്നു ഗുകേഷിന്റെ നീക്കങ്ങൾ.
16–ാം മൂവിൽ നവീന നീക്കം കളിച്ച് ഡിങ് ഈ പ്രാരംഭത്തിലെ തന്റെ തയാറെടുപ്പ് വ്യക്തമാക്കി. മറുപടികൾ അധികം വൈകിയില്ലെങ്കിലും ഇടവേളകളിലെ ആലോചന, അണിയറയിൽ തയാറാക്കിയതല്ല ബോർഡിൽ ആലോചിച്ചെടുത്താണ് ഗുകേഷിന്റെ നീക്കങ്ങൾ എന്നു വ്യക്തമാക്കി. 17 നീക്കങ്ങൾ കഴിഞ്ഞപ്പോൾ 40 നീക്കങ്ങൾക്കായുള്ള 2 മണിക്കൂറിൽ ഡിങ് ചെലവാക്കിയത് ആകെ 6 മിനിറ്റു മാത്രം.
ഇരുതല മൂർച്ചയുള്ള കരുനിലയിൽ ഡിങ്ങിനാണ് കളിക്കാൻ എളുപ്പമെന്ന അഭിപ്രായക്കാരനായിരുന്നു മുൻ ലോക ചാംപ്യൻ വിശ്വനാഥൻ ആനന്ദ്. ‘എന്തെങ്കിലും മോശം നീക്കം നടത്തിയാൽ ഡിങ് ഗുകേഷിനെ ശിക്ഷിക്കാൻ സാധ്യതയുള്ള കരുനില’- ആനന്ദ് പറഞ്ഞു. 20–ാം നീക്കത്തിൽ ചെസ് എൻജിനുകൾ തിരഞ്ഞെടുത്ത മികച്ച രണ്ടാമത്തെ നീക്കമായിരുന്നു ഗുകേഷ് തിരഞ്ഞെടുത്തത്. ഇതോടെ ഡിങ്ങും ചിന്തയിലാണ്ടു. പക്ഷേ മുഖം വികാരരഹിതമായിരുന്നു അപ്പോഴും. ‘‘കളിക്കളത്തിൽ അധികം വികാരം പ്രകടിപ്പിക്കാത്തയാളാണ് ഡിങ്. ഒരു പക്ഷേ, ചാംപ്യൻഷിപ് വിജയിച്ചാൽ മാത്രം ചിരിച്ചേക്കാം’’- ആനന്ദ് പറഞ്ഞു.
കളത്തിൽ തുല്യത എന്നു പറയാനാകില്ലെങ്കിലും 21 നീക്കം പൂർത്തിയായപ്പോൾ രണ്ടുപേർക്കും ക്ലോക്കിൽ സമയം ഏകദേശം തുല്യമായിരുന്നു. ഡിങ് തയാറെടുത്ത നീക്കങ്ങൾ കഴിഞ്ഞെന്നും ബോർഡിലെ നേർക്കുനേർ പോരാട്ടത്തിലാണ് ഇരുവരും എന്ന് സൂചനയുമായി. രാജ്ഞിയെ വെട്ടിമാറ്റിയാൽ ഡിങ്ങിനു മുൻതൂക്കം ലഭിക്കുന്ന അവസ്ഥ ആയിരുന്നു അപ്പോൾ. ഡിങ്ങിന്റെ രാജ്ഞിയുടെ വശത്തുള്ള കാലാൾ ആധിപത്യം തന്നെ കാരണം. രാജാവിന്റെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ ഗുകേഷിനു കാലാൾ മുന്നേറ്റം അസാധ്യമായ അവസ്ഥ. 22 മുതൽ 24 വരെയുള്ള നീക്കങ്ങളിൽ രാജ്ഞിമാരെ പരസ്പരം വെട്ടിമാറ്റാനുള്ള ഡിങ്ങിന്റെ ഓഫർ വന്നുകൊണ്ടേയിരുന്നു. എന്നാൽ, ഗുകേഷ് അത് സ്വീകരിച്ചില്ലെന്നു മാത്രം.
ഏറെ നേരത്തിനുശേഷം, 33–ാം നീക്കത്തിൽ, വെട്ടിമാറ്റാൻ പലതവണ അവസരം നൽകിയിട്ടും മാറിക്കളിച്ച ഗുകേഷ് സ്വന്തം രാജ്ഞിയെ തന്റെ രാജ്ഞിയുടെ അടുത്തേക്കു നീക്കിയത് ഡിങ്ങിനെ അത്ഭുതപ്പെടുത്തി. ഗുകേഷിന്റെ മുഖത്തേക്കുള്ള ഡിങ്ങിന്റെ ആ നോട്ടം അതുവിളിച്ചുപറഞ്ഞു.
ഇരുവരും സമയ സമ്മർദത്തിലേക്ക് നീങ്ങിയ നിമിഷം ഗുകേഷ് 36–ാം നീക്കത്തിൽ കാലാളെ മുന്നോട്ടു തള്ളി കളിയിൽ എരിവേറ്റി. സമയനിയന്ത്രണം അവസാനിക്കുന്ന 40–ാം നീക്കത്തിനു മിനിറ്റു മാത്രം ബാക്കിയുള്ളപ്പോൾ കംപ്യൂട്ടർ കണിശതയോടെ എച്ച് കളത്തിലെ കാലാളെയും ഗുകേഷ് മുന്നോട്ടു നീക്കി. ചെസ് എൻജിനുകളുടെ അഭിപ്രായത്തിൽ അപ്പോൾ കരുനില ആർക്കുമാർക്കും മുൻതൂക്കമില്ലാത്ത 0.00 എന്നു കാണിച്ചു. ആറു നീക്കങ്ങൾക്കു ശേഷം ഒരേ കരുനില മൂന്നുതവണ ആവർത്തിച്ച്, നേരത്തേ വേണ്ടെന്നുവച്ച സമനിലയ്ക്ക് ഇരുവരും സമ്മതിച്ചു.