ഒരു ദിവസം ഇന്ത്യയ്ക്ക് 3 കിരീടങ്ങൾ; സിംഗിൾസിൽ സിന്ധു, ലക്ഷ്യ; വനിതാ ഡബിൾസിൽ ട്രീസ-ഗായത്രി
Mail This Article
ലക്നൗ ∙ കിരീടനഷ്ടങ്ങളുടെ 868 ദിവസങ്ങൾക്കുശേഷം പി.വി.സിന്ധുവിന്റെ മുഖത്ത് വിജയത്തിന്റെ പുഞ്ചിരി വിരിഞ്ഞു. സയ്യിദ് മോദി സൂപ്പർ 300 ബാഡ്മിന്റൻ ടൂർണമെന്റിൽ വനിതാ സിംഗിൾസ് ചാംപ്യനായ സിന്ധു, 2022 ജൂലൈയ്ക്കു ശേഷം തന്റെ ആദ്യ ലോക നേട്ടം സ്വന്തമാക്കി. വിജയത്തിന്റെ കോർട്ടിലേക്ക് സിന്ധു തിരിച്ചുവരവ് പ്രഖ്യാപിച്ച ദിവസം ഇന്ത്യൻ ബാഡ്മിന്റനും സൂപ്പർ സൺഡേയായി മാറി.
പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും വനിതാ ഡബിൾസിൽ ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യവും ജേതാക്കളായതോടെ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് 3 കിരീടങ്ങൾ. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ പൃഥ്വി കൃഷ്ണമൂർത്തി– സായ് പ്രതീക് സഖ്യവും മിക്സ്ഡ് ഡബിൾസിൽ ധ്രുവ് കപില– തനിഷ ക്രാസ്റ്റോ സഖ്യവും റണ്ണറപ്പായതോടെ ആകെ മെഡലുകൾ അഞ്ചായി.
കലാശപോരാട്ടത്തിൽ സിന്ധു ചൈനയുടെ വുലോ യുവിനെ തോൽപിച്ചത് നേരിട്ടുള്ള സെറ്റുകൾക്ക് (21-14, 21-16). ലോക റാങ്കിങ്ങിൽ 119–ാം സ്ഥാനത്തുള്ള വുലോ യുവിന്റെ ഇടംകൈ റാക്കറ്റും ഡ്രോപുകളും തുടക്കത്തിൽ സിന്ധുവിനു വെല്ലുവിളിയുയർത്തിയെങ്കിലും റാലികളിലൂടെ മേധാവിത്തം തിരിച്ചുപിടിച്ചു.
ബോഡി ലൈൻ സ്മാഷുകളിലൂടെ പോയിന്റ് നേടിയ ഇന്ത്യൻ താരത്തിന് എതിരാളിയുടെ തുടർ പിഴവുകളും നേട്ടമായി. 2022 ജൂലൈയിൽ സിംഗപ്പൂർ ഓപ്പണിൽ ജേതാവായ സിന്ധുവിന് അതിനുശേഷം രാജ്യാന്തര വേദികളിൽ കാലിടറിയിരുന്നു. സയ്യിദ് മോദി ബാഡ്മിന്റനിൽ സിന്ധുവിന്റെ മൂന്നാം കിരീടമാണിത്.
∙ പവർ ഗേൾസ്
ഡബിൾസിൽ ഇന്ത്യയുടെ പവർ ഗേൾസായ ട്രീസാ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യവും 2 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിച്ചാണ് ഇന്നലെ പോഡിയം കയറിയത്. ചൈനയുടെ ബോലി യിങ്– ലി ഷിയാൻ സഖ്യത്തിനെതിരെ 21-18, 21-11 എന്ന സ്കോറിനായിരുന്നു ട്രീസ– ഗായത്രി സഖ്യത്തിന്റെ വിജയം. ചൈനീസ് സഖ്യം കടുത്ത വെല്ലുവിളിയുയർത്തിയ ആദ്യ ഗെയിമിൽ 16–14 എന്ന സ്കോറിൽനിന്നായിരുന്നു ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം.
ട്രീസ ബാക്ക് കോർട്ടിൽനിന്ന് തുടരെ ആക്രമണം അഴിച്ചുവിട്ട രണ്ടാം ഗെയിമിൽ ഇന്ത്യൻ ടീമിന് കാര്യമായ വെല്ലുവിളിയുണ്ടായില്ല. സൂപ്പർ 300 ബാഡ്മിന്റനിൽ തങ്ങളുടെ ആദ്യ കിരീടമുയർത്തിയ ഇരുവരും സയ്യിദ് മോദിയിൽ വനിതാ ഡബിൾസിൽ ജേതാക്കളാകുന്ന ആദ്യ ഇന്ത്യൻ സഖ്യമെന്ന നേട്ടവും സ്വന്തമാക്കി.
∙ അനായാസം ലക്ഷ്യ
സിംഗപ്പൂരിന്റെ ജേസൻ ജാഹെങ്ങിനെ തോൽപിച്ച് സയ്യിദ് മോദിയിലെ തന്റെ കന്നികിരീടമുറപ്പിക്കാൻ ഇരുപത്തിമൂന്നുകാരൻ ലക്ഷ്യ സെന്നിന് വേണ്ടിവന്നത് വെറും 31 മിനിറ്റ് (21-6, 21-7). ലക്ഷ്യയുടെ അതിവേഗ നീക്കങ്ങൾക്കു മുൻപിൽ മത്സരത്തിന്റെ തുടക്കത്തിലേ പകച്ചുപോയ സിംഗപ്പൂർ താരത്തിന് പിന്നീടൊരിക്കലും താളം വീണ്ടെടുക്കാനുമായില്ല. ടൂർണമെന്റിൽ ഒന്നാം സീഡായിരുന്ന ലക്ഷ്യയുടെ കരിയറിലെ അഞ്ചാം വേൾഡ് ടൂർ കിരീടമാണിത്.