ഡിങ്ങിന്റെ തന്ത്രകുതന്ത്രങ്ങളും ഗുകേഷിന്റെ മറുപടികളും; ആവേശം വിതറി ലോക ചെസ് ചാംപ്യൻഷിപ്പ്
Mail This Article
വെള്ളക്കരുക്കൾ ഉപയോഗിച്ചു കളിക്കുമ്പോൾ, കറുത്ത കരുക്കളുടെ ഓപ്പണിങ് ശൈലി പരീക്ഷിച്ചും തന്ത്രകുതന്ത്രങ്ങൾ പ്രയോഗിച്ചും ഡിങ് ലിറൻ നടത്തുന്ന നീക്കങ്ങളെ ഇഴകീറിപ്പരിശോധിച്ച് പതിനെട്ടുകാരൻ ദൊമ്മരാജു ഗുകേഷ് നൽകിയ മറുപടികളാണ് ലോക ചെസ് ചാംപ്യൻഷിപ്പിലെ ആദ്യ 6 ഗെയിമുകളെ സജീവമാക്കിയത്. എന്നാൽ, ലോക ചാംപ്യൻഷിപ്പിൽ ഗൗരവം മാത്രമല്ലുള്ളത് എന്നതിനു കളിയുടെ വരാന്തകളിൽ സാക്ഷ്യമുണ്ട്.
കളിക്കിടെ പല്ലു ഡോക്ടറെ കാണാനെത്തുന്ന കുട്ടിയുടെ മുഖഭാവമാണു ഡിങ് ലിറന് പലപ്പോഴും. എന്നാൽ, ബോർഡിലെ സ്ഥിതി സ്ഫോടനാത്മകമല്ലെങ്കിൽ കളിക്കാർക്കായുള്ള സ്വകാര്യമുറിയിൽ ‘ചിൽ’ ചെയ്യുകയാകും ലോക ചാംപ്യൻ. കളിക്കിടെ വല്ലതും കഴിച്ച് ചിൽ ചെയ്യുന്ന ഡിങ് ഇപ്പോൾ ചൈനയിൽ ട്രെൻഡ് ആണ്.
രാജ്യത്ത് അടുത്തകാലത്തു പ്രശസ്തമായ ബിങ് ചിലിങ് (മൻഡാരിൻ ഭാഷയിൽ ഐസ്ക്രീം എന്നർഥം) മീമിന്റെ ചുവടുപിടിച്ച് പ്രചരിക്കുന്ന പുതിയ മീം ‘ഡിങ് ചിലിങ്ങി’നെക്കുറിച്ച് അറിവുണ്ടോയെന്ന് വാർത്താ സമ്മേളനത്തിൽ ഒരു ചോദ്യം ഉയർന്നു. ചിലിങ് എന്നാൽ എന്താണെന്നായിരുന്നു ഡിങ്ങിന്റെ മറുചോദ്യം. ഡിങ്ങിന്റെ ചോദ്യവും ‘ചിലിങ്’ എന്നാലർഥം സന്തോഷത്തോടെ വിശ്രമിക്കുക എന്നാണെന്ന അവതാരകൻ മൗറിസ് ആഷ്‌ലിയുടെ വിശദീകരണവും ഹാളിൽ ചിരി പൊട്ടിച്ചു.
2023ൽ ഷിക്കാഗോയിൽ കുറിച്ച 2 മണിക്കൂറൂം 35 സെക്കൻഡുമാണ് മാരത്തണിലെ ലോക റെക്കോർഡ്. അടുത്തിടെ കാറപകടത്തിൽ അന്തരിച്ച കെനിയൻ താരം കെൽവിൻ കിപ്റ്റമിന്റെ പേരിലാണിത്. 42.195 കിലോമീറ്റർ ഓടാനെടുത്ത ഏറ്റവും കുറഞ്ഞ സമയം. ചെസിലെ സമയക്രമവുമായി ഇതിനു സാമ്യമുണ്ട്. ആദ്യ 40 നീക്കം നടത്താൻ കളിക്കാരന് അനുവദിച്ചിരിക്കുന്നത് 2 മണിക്കൂറാണ്. ചിലപ്പോൾ കെൽവിൻ പത്തു കിലോമീറ്റർ പിന്നിടാൻ എടുത്ത സമയം ഒരു നീക്കത്തിനെടുക്കുന്ന ഡിങ് ലിറൻ ആറാം ഗെയിമിന്റെ തുടക്കത്തിൽ 100 മീറ്റർ വേഗരാജാവ് ഉസൈൻ ബോൾട്ടിനെപ്പോലെ കുതിച്ചുപാഞ്ഞതു കണ്ട് ചെസ് ലോകം അമ്പരന്നു.
മീഡിയ റൂമിലെ പതിവുകാർ
കളി പോലെ സജീവമാണ് കളിയെഴുത്തും. ഇവിടത്തെ മീഡിയ റൂം വ്യത്യസ്ത രാജ്യങ്ങളിലേക്കുള്ള വാതിലാണ്. പത്രത്തിനും ടിവിക്കും ഓൺലൈൻമാധ്യമങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നവരുടെ സംഗമം. ‘‘എന്റെ 14–ാം ലോക ചാംപ്യൻഷിപ്പാണിത്, കാത്തിയുടെ പന്ത്രണ്ടാമത്തേതും. - കളിയിലും കളിയെഴുത്തിലും പരിചയ സമ്പന്നനായ ഓസ്ട്രേലിയൻ ഗ്രാൻഡ് മാസ്റ്റർ ഇയാൻ റോജേഴ്സ് പറയുന്നു.
ലോക ചാംപ്യൻഷിപ് മീഡിയ മുറിയിൽ പതിവു മുഖമാണ് റോജേഴ്സ്. ഫൊട്ടോഗ്രാഫറും പഴയ ചെസ് കളിക്കാരിയുമായ ഭാര്യ കാത്തിയും ഒപ്പമുണ്ടാകും. ‘‘സംഘാടനത്തിന്റെ കാര്യത്തിൽ ഈ ലോക ചാംപ്യൻഷിപ് മികച്ചവയിൽ ഒന്നാണ്. എനിക്കേറ്റവും പ്രിയപ്പെട്ടത് 2013ലെ ചെന്നൈ ചാംപ്യൻഷിപ്പും 2012ലെ മോസ്കോ ചാംപ്യൻഷിപ്പുമാണ്. - 20 വർഷക്കാലം ഓസ്ട്രേലിയയിലെ ഒന്നാം നമ്പർതാരമായിരുന്ന ഇയാൻ പറഞ്ഞു.
യുഎസിലെ ദ് ചെസ് ജേണലിസ്റ്റ് മാഗസിനുവേണ്ടി കളിയെഴുതാനെത്തിയ നഥാൻ സ്മോളെൻസ്കി മയാമിയിൽ നിന്നുള്ളയാളാണ്. പഠനം ഫിനാൻസിലായിരുന്നെങ്കിലും ഇപ്പോൾ ചെസ് സംഘാടനവും കോച്ചിങ്ങുമാണ് മുഖ്യം. സോവിയറ്റ് യൂണിയനിൽനിന്ന് കുടിയേറിവരാണു നഥാന്റെ മാതാപിതാക്കൾ. പിന്നാലെ കുടുംബമൊന്നാകെ യുഎസിലെത്തി. സ്പെയിനിൽനിന്നുള്ള ലിയോങ്തോ ഗാർസിയയാണ് മീഡിയ റൂമിലെ മറ്റൊരു പതിവുകാരൻ. 1985 മുതലുള്ള ലോക ചാംപ്യൻഷിപ്പുകൾ റിപ്പോർട്ടു ചെയ്യുന്നുണ്ട് ഈ അറുപത്തെട്ടുകാരൻ.