ദേശീയ സ്കൂൾ കായികമേള: കേരള ടീമിന്റെ മടക്കയാത്ര അതീവ ദുരിതത്തിൽ; എന്നു തീരും ഈ ദുരിതം?
Mail This Article
ന്യൂഡൽഹി ∙ മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ആറിലേറെപ്പേർ. തറയിലാകട്ടെ നിന്നു തിരിയാൻ ഇടമില്ലാത്ത വിധം യാത്രക്കാർ കുത്തിയിരിക്കുന്നു. ഉപയോഗിക്കാനാകാത്ത വിധം മലിനമായി ശുചിമുറികൾ... ലക്നൗവിൽ നടന്ന ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക്സിലെ മെഡൽ നേട്ടങ്ങൾക്കുശേഷം കേരളത്തിന്റെ അത്‌ലറ്റിക്സ് ടീം രപ്തിസാഗർ എക്സ്പ്രസിൽ നടത്തിയ മടക്കയാത്രയുടെ ‘വിശേഷങ്ങളാണിത്’. 3 ദിവസത്തെ ദുരിതയാത്ര പിന്നിട്ട് കേരള ടീം ഇന്നു സംസ്ഥാനത്തെത്തും.
ലക്നൗവിലേക്കുള്ള യാത്രയിൽ ഒരു ദിവസത്തോളം വൈകിപ്പിച്ച് റെയിൽവേ കേരളത്തിനെ ബുദ്ധിമുട്ടിച്ചു. മടക്കയാത്രയിൽ ടിക്കറ്റ് ഉറപ്പാക്കാൻ കേരള ടീം അധികൃതർക്കു സാധിക്കാതെ പോയതാണു ടീമിനു പ്രതിസന്ധിയായത്.
കഴിഞ്ഞമാസം 26നു തുടങ്ങിയ കായികമേള ശനിയാഴ്ച അവസാനിച്ചിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ടീം ഗോരഖ്പുർ–കൊച്ചുവേളി രപ്തിസാഗർ എക്സ്പ്രസിൽ കേരളത്തിലേക്കു തിരിച്ചത്. ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിലായിരുന്നുവെങ്കിലും കേന്ദ്രമന്ത്രി ജോർജ് കുര്യൻ, രാജ്യസഭാംഗം ഹാരിസ് ബീരാൻ എന്നിവരുടെ ഇടപെടലിൽ 30 സീറ്റുകൾ കൺഫേമായി കിട്ടി.
വെയ്റ്റിങ് ലിസ്റ്റിലുള്ള കേരള ടീമിലെ മറ്റ് 33 പേർക്കൊപ്പം ഉറപ്പില്ലാത്ത ടിക്കറ്റുമായെത്തിയ മറ്റ് യാത്രക്കാർ കൂടിയായതോടെ ബോഗി തിങ്ങിനിറഞ്ഞ അവസ്ഥയായി. കേരളത്തിന്റെ അഭിമാനമായി മടങ്ങുന്ന കായികതാരങ്ങൾ ഉറക്കവും വിശ്രമവുമില്ലാത്ത മടക്കയാത്രയാണ് നേരിടേണ്ടി വന്നത്.
27 പെൺകുട്ടികളുൾപ്പെടെ 58 കുട്ടികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന്റെ ആശങ്ക അധ്യാപകരുടെയും പരിശീലകരുടെയും ഉറക്കം കെടുത്തി. 2 സ്വർണവും 5 വെള്ളിയും 2 വെങ്കലവുമുൾപ്പെടെ ആകെ 9 മെഡലുകളാണ് കായികമേളയിൽ കേരളത്തിന്റെ നേട്ടം.