സമയസമ്മർദ്ദം, സമനില!: കളിക്കൊടുവിൽ വരുത്തിയ പിഴവുകൾ ഗുകേഷിന് തിരിച്ചടിയായി; ഗുകേഷ്– ഡിങ് ലിറൻ ഏഴാം ഗെയിം സമനില
Mail This Article
ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ, തൊട്ടടുത്തെത്തിയ വിജയം ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെടുത്തി. ഡിങ് ലിറനെതിരായ ലോക ചെസ് ചാംപ്യൻഷിപ്പിലെ ഏഴാം ഗെയിം സമനില. നിർണായകമായ ആധിപത്യം നേടി വിജയത്തിലേക്കു കുതിക്കുമ്പോൾ, സമയസമ്മർദത്തിൽ ഗുകേഷ് വരുത്തിയ പിഴവുകളാണു തിരിച്ചടിയായത്. സ്കോർ തുല്യം (3.5-3.5). എട്ടാം ഗെയിം ഇന്നു നടക്കും.
റെട്ടി ഓപ്പണിങ്. 95 വർഷങ്ങൾക്കു മുൻപ് പ്രാഗിൽ അന്തരിച്ച റിച്ചഡ് റെട്ടിയുടെ പേരിലുള്ള പ്രാരംഭം. വെള്ളക്കരുക്കളുമായി കുതിരയെ പുറത്തിറക്കി ഗുകേഷ് ആദ്യനീക്കം നടത്തിയപ്പോൾ ചെസ് നിയമപ്രകാരം അത് എഴുതി വയ്ക്കുന്നതിനു മുൻപ് ഒരു നിമിഷം ലോക ചാംപ്യൻ ഡിങ് ലിറൻ കാത്തു. ചാംപ്യൻഷിപ്പിൽ ഇതുവരെ എതിരാളിയെ വ്യത്യസ്ത പ്രാരംഭനീക്കങ്ങളുമായി അമ്പരപ്പിച്ച എന്നോടോ എന്ന ഭാവം. അതിവേഗം കളിച്ച 6 നീക്കങ്ങൾക്കു ശേഷം, ഇരുവരും രാജാവിന്റെ വശത്ത് കോട്ട കെട്ടി. സമാധാനകരമായ, പരിചിതമായ നീക്കങ്ങൾ. ഗുകേഷിന്റെ ഏഴാം നീക്കം വിശ്രമമുറിയിലിരുന്നു കണ്ട ഡിങ് പോയതുപോലെ തിരിച്ചുവന്ന് ഒരു കവിൾ വെള്ളം കുടിച്ചു. പരിചിതമായ കരുനിലയിൽ പരിചിതമല്ലാത്ത ആ കരുനീക്കത്തിനു മറുപടി നൽകാൻ നീണ്ട 28 മിനിറ്റുകൾ. ഗുകേഷിന്റെ കംപ്യൂട്ടർ തയാറെടുപ്പാണ് ഡിങ്ങിനെ ചിന്തിപ്പിച്ചതെന്നു വ്യക്തം..
എന്നാൽ, ഡിങ് സമയം വെറുതെ കളയുകയായിരുന്നില്ല. നിർണായകമായ 10 (ഇ6), 13 നീക്കങ്ങൾ (എൻബിഡി7) ഡിങ് കൃത്യതയോടെ കണ്ടെത്തി. 16 നീക്കം കഴിഞ്ഞപ്പോൾ എതിരാളിയുടെ ഓപ്പണിങ് തയാറെടുപ്പുകളെ ഡിങ് വിജയകരമായി മറികടന്നെന്നു പറയാമെങ്കിലും ക്ലോക്കിൽ ഒരു മണിക്കൂർ മുന്നിലായിരുന്നു ഗുകേഷ്.
19–ാം നീക്കത്തിൽ ബി നിരയിലെ കാലാളെ രണ്ടു കളം തള്ളി ഗുകേഷ്. നിർണായകമായ കരുനില. 22–ാം നീക്കത്തിൽ ഗുകേഷിന്റെ എ കളത്തിലുള്ള കാലാളെ എടുക്കാൻ ഡിങ് എടുത്ത തീരുമാനം നിർണായകമായിരുന്നു. പ്രത്യേകിച്ചും ഡിങ്ങിന്റെ ക്ലോക്കിൽ 17 നീക്കങ്ങൾക്ക് 17 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ. മൂന്നു നീക്കം കഴിഞ്ഞപ്പോൾ നിർണായകമായ മുൻതൂക്കം ഗുകേഷ് നേടി. ബോർഡിൽ ബദ്ധശ്രദ്ധനെങ്കിലും ആത്മവിശ്വാസം തുടിക്കുന്ന ശരീരചലനങ്ങളോടെ ഗുകേഷും. 30 ാം നീക്കമായതോടെ സമയസമ്മർദം ഗുകേഷിനെയും ബാധിച്ചു തുടങ്ങി. രാജാവിന്റെ വശത്തുള്ള ആക്രമണം കൂടി ലക്ഷ്യമിട്ട് നടത്തിയ നീക്കം ചെസ് എൻജിനുകൾക്കു പ്രിയമുള്ളതായിരുന്നില്ല.
ഗുകേഷിന്റെ 37–ാം നീക്കവും പിഴച്ചതോടെ കളി സമനിലയിലേക്കെന്നു വിദഗ്ധർ വിലയിരുത്തി. എന്നാൽ, 7 സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഡിങ് നടത്തിയ 40–ാം നീക്കം ഗുകേഷിനു വീണ്ടും വിജയത്തിലേക്കു നയിക്കാവുന്ന ആനുകൂല്യം നൽകി. എന്നാൽ, 44, 45 നീക്കങ്ങളിൽ ഗുകേഷിനു വീണ്ടും പിഴച്ചു. ഇടയ്ക്കൊരുവേള ഗുകേഷിന്റെ ക്ലോക്കിൽ 2 സെക്കൻഡ് മാത്രം ബാക്കിയെന്ന സ്ഥിതി വന്നു. ഒടുവിൽ 72 നീക്കങ്ങളിൽ സമനില പിറന്നു. വിജയിക്കാമായിരുന്ന കളി സമനിലയായതു സുഖമുള്ള കാര്യമല്ലെങ്കിലും എതിരാളിക്കുമേൽ മുൻതൂക്കം നേടാനായതിൽ സന്തോഷമുണ്ടെന്ന് കളിക്കു ശേഷം ഗുകേഷ് പറഞ്ഞു.
എട്ടാം ഗെയിം ഇന്ന്
ലോക ചെസ് ചാംപ്യൻഷിപ്പിലെ എട്ടാം ഗെയിം ഇന്നു നടക്കും. 7 ഗെയിം പിന്നിട്ടപ്പോൾ സ്കോർ തുല്യമാണ്(3.5-3.5). 14 കളികളുള്ള ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാൾ ജേതാവാകും.