ഡിങ്ങിന് ഓഫിസ് കസേര, ഗുകേഷിന് ഗെയിമിങ് കസേര
Mail This Article
സിംഗപ്പുർ ∙ കൊത്തുപണികൾ നിറഞ്ഞതും രത്നങ്ങൾ പതിച്ചതുമാണ് ചക്രവർത്തിമാരുടെ സിംഹാസനമെങ്കിൽ ‘ചെസ് രാജാക്കൻമാർ’ ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്നവരാണെന്ന് അവരുടെ ഇരിപ്പിടങ്ങൾ വിളിച്ചുപറയും. കളി തുടങ്ങും മുൻപേ രണ്ടു കളിക്കാർക്കും 7 വ്യത്യസ്ത മോഡൽ കസേരകൾ നൽകി. ലളിതമായ ഓഫിസ് കസേരയാണ് ഡിങ് തിരഞ്ഞെടുത്തത്. പിൻഭാഗത്ത് ഉയരം കൂടുതലുള്ള ഗെയിമിങ് കസേരയായിരുന്നു ഗുകേഷിനു താൽപര്യം.
ആദ്യ ഗെയിം കഴിഞ്ഞപ്പോൾ കണക്കുകൾ വന്നു. ഡിങ് കളി നടന്ന മുഴുവൻ സമയവും (245 മിനിറ്റ്) കസേരയിലിരുന്നപ്പോൾ ഗുകേഷ് 28 മിനിറ്റ് സമയം കസേരയിൽ ഉണ്ടായിരുന്നില്ല. പിന്നീടുള്ള കളികളുടെ കണക്കെടുപ്പ് വ്യത്യസ്തമായിരുന്നു. കളിക്കിടെ എഴുന്നേറ്റു പോയത് ഡിങ്ങായിരുന്നു അധികവും.
ചാംപ്യൻഷിപ്പിന് ഉപയോഗിക്കുന്ന ചെസ് മേശയ്ക്കുമുണ്ട് പ്രത്യേകത. സിംഗപ്പൂരിൽ കിട്ടുന്ന മരങ്ങൾ മാത്രം ഉപയോഗിച്ചാണ് അതു നിർമിച്ചിരിക്കുന്നത്.
കളിക്കാർ കൈവയ്ക്കുന്ന ഭാഗത്ത് കുറച്ചു കുഷ്യൻ. ചെസിനെപ്പോലെതന്നെ അത്ര ലളിതമല്ല, അകത്തുള്ള കാര്യങ്ങളും. കളികൾ നേരിട്ടു സംപ്രേഷണം ചെയ്യുന്നതടക്കമുള്ള സംവിധാനങ്ങൾ മേശയ്ക്കകത്തുണ്ട്.