കിരീടസൂര്യോദയം കാത്ത് കേരളം
Mail This Article
ഇന്നലെ വൈകിട്ട് അഞ്ചുമണിയാകും മുൻപേ കലിംഗ സ്പോർട്സ് കോംപ്ലക്സിൽ സൂര്യനസ്തമിച്ചു. ഒരു മണിക്കൂറിനകം ഇരുട്ടും തണുപ്പും പരന്നു, അമ്പിളക്കല മാനത്തുദിച്ചതിനൊപ്പം ഫ്ലഡ്‌ലൈറ്റ് തെളിഞ്ഞു. ഈ സമയമെല്ലാം പരിശീലന മൈതാനത്ത് ഇന്ത്യയുടെ കൗമാര താരങ്ങൾ 39–ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിനായുള്ള തയാറെടുപ്പിലായിരുന്നു. മത്സരങ്ങൾ ഇന്ന് ആരംഭിക്കും.
നേരത്തേ സൂര്യനുദിക്കുന്ന ഭുവനേശ്വറിൽ രാവിലെ 6 മുതൽ ഉച്ചയ്ക്കു 12 വരെയും വൈകിട്ട് 4.30 മുതൽ രാത്രി 8.30 വരെയുമാണ് മത്സരങ്ങൾ. ആകെ 12 ഫൈനലുകൾ ഇന്നു നടക്കും. അതിൽ 7 ഫൈനലുകളിലായി 12 അത്‌ലീറ്റുകൾ കേരളത്തിനായി മത്സരത്തിനിറങ്ങും. 9 സ്വർണവും 8 വെള്ളിയും 3 വെങ്കലവുമായി 5–ാം സ്ഥാനത്തായിരുന്നു കഴിഞ്ഞ വർഷം കേരളം. ഇത്തവണ ഭുവനേശ്വറിലെത്തിയ ശേഷമാണ് കേരളം ടീമായി ഒന്നിച്ചത്. കേരള ടീമിനെ സാന്ദ്ര മോൾ സാബുവും കെ.സി.സർവാനും നയിക്കും.
പ്രതീക്ഷ ഇവരിൽ
ഇന്ന് വൈകിട്ട് 4.30നു തുടങ്ങുന്ന സെഷനിലാണ് കേരളം ട്രാക്കിലിറങ്ങുന്നത്. ത്രോ മത്സരങ്ങളിൽ പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗത്തിൽ ഹെനിൻ എലിസബത്ത്, ഡെന ഡോണി, പ്രതിക പ്രദീപ് ഇല്ലത്ത് എന്നിവരും അണ്ടർ 20 വിഭാഗത്തിൽ അഖില രാജു, ഡോണ ഡോണി എന്നിവരും മെഡൽ പ്രതീക്ഷകളാണ്.