ADVERTISEMENT

ഡിങ് ലിറൻ–ഡി. ഗുകേഷ് ലോക ചെസ് ചാംപ്യൻഷിപ്പിലെ 9–ാം ഗെയിമും സമനിലയായപ്പോൾ തുടരൻ സമനിലകളെപ്പറ്റി ആശങ്കപ്പെട്ടു തുടങ്ങിയിരിക്കുന്നു പലരും. പക്ഷേ ലോക ചെസ് ചാംപ്യൻഷിപ്പിന്റെ ചരിത്രം നോക്കുകയാണെങ്കിൽ ഈ സമനില ചരിത്രം ഒട്ടും അസാധാരണമല്ല. 1984ലെ മോസ്കോ ലോക ചാംപ്യൻഷിപ്പിൽ തുടർച്ചയായി 17 കളികളാണ് സമനിലയായത്. സമനില അത്ര മോശം നിലയല്ലെന്നു ചുരുക്കം.

ലോക ചാംപ്യൻഷിപ് ചരിത്രത്തിലെത്തന്നെ ഏറ്റവും നിലവാരമേറിയ നീക്കങ്ങൾ ഇത്തവണയാണ് എന്നാണ് ചെസ് എൻജിനുകളുടെ വിലയിരുത്തലുകൾ. ലോക ചാംപ്യൻ മാത്രമല്ല, ഏതു മനുഷ്യനെയും എല്ലാ ഗെയിമിലും തോൽപിക്കാൻ കരുത്തുനേടിക്കഴിഞ്ഞു ഇന്നു കംപ്യൂട്ടറുകൾ.

ആ കംപ്യൂട്ടറുകൾ നീക്കങ്ങൾ വിലയിരുത്തിയപ്പോൾ ഒൻപതാം ഗെയിമിൽ 99.2 ശതമാനവും 99.3 ശതമാനവുമാണ് കളിക്കാരുടെ കൃത്യത. കൃത്യത കൂടുമ്പോൾ തുല്യത ഏറുമെന്നു ചുരുക്കം. അപ്പോൾ സമനിലയെന്നാൽ ഇരുവരും ഏറ്റവും നിലവാരമുള്ള കളി കളിച്ചു എന്നും.

കഴിഞ്ഞ കളിയിൽ ഏതെങ്കിലും നീക്കത്തിനു ചെസ് എൻജിനുകളുടെ സഹായം തേടാൻ അവസരമുണ്ടായെങ്കിൽ ഏതു നീക്കത്തിനായിരിക്കും എന്നു കളിക്കാരോടു ചോദ്യം; കളിയിൽ ഒരു സമയത്തും കള്ളത്തരം (ചീറ്റിങ്) കാണിക്കാൻ താനില്ലെന്ന ഗുകേഷിന്റെ മറുപടിക്കു നിറഞ്ഞ കയ്യടി. 

കൃത്യതയേറിയ 9–ാം ഗെയിമിൽ അങ്ങനെയൊരു സാധ്യതയേയുണ്ടായിരുന്നില്ലെന്നും താൻ ആ ഓഫർ മറ്റൊരു ദിവസം ഉപയോഗിക്കാമെന്നുമായിരുന്നു ഡിങ്ങിന്റെ തമാശയിൽ പൊതിഞ്ഞ മറുപടി.

ഇനി 5 കളികൾ

ലോക ചെസ് ചാംപ്യൻഷിപ്പിൽ ഇനി 5 കളികൾ മാത്രം. പത്താം ഗെയിം ഇന്നു നടക്കും. ഇരുവർക്കും ഇപ്പോൾ 4.5 വീതം. ആദ്യം 7.5 പോയിന്റ് നേടുന്നയാൾ ജേതാവാകും. 14 ഗെയിമുകളിൽ 7-7 സമനില വന്നാൽ 13ന് ടൈബ്രേക്കർ നടക്കും.

ഡിങ്ങിന് ഓഫിസ് കസേര, ഗുകേഷിന് ഗെയിമിങ് കസേര

സിംഗപ്പുർ ∙ കൊത്തുപണികൾ നിറഞ്ഞതും രത്നങ്ങൾ പതിച്ചതുമാണ് ചക്രവർത്തിമാരുടെ സിംഹാസനമെങ്കിൽ ‘ചെസ് രാജാക്കൻമാർ’ ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്നവരാണെന്ന് അവരുടെ ഇരിപ്പിടങ്ങൾ വിളിച്ചുപറയും. കളി തുടങ്ങും മുൻപേ രണ്ടു കളിക്കാർക്കും 7 വ്യത്യസ്ത മോഡൽ കസേരകൾ നൽകി. ലളിതമായ ഓഫിസ് കസേരയാണ് ഡിങ് തിരഞ്ഞെടുത്തത്. പിൻഭാഗത്ത് ഉയരം കൂടുതലുള്ള ഗെയിമിങ് കസേരയായിരുന്നു ഗുകേഷിനു താൽപര്യം. 

ആദ്യ ഗെയിം കഴിഞ്ഞപ്പോൾ കണക്കുകൾ വന്നു. ഡിങ് കളി നടന്ന മുഴുവൻ സമയവും (245 മിനിറ്റ്) കസേരയിലിരുന്നപ്പോൾ ഗുകേഷ് 28 മിനിറ്റ് സമയം കസേരയിൽ ഉണ്ടായിരുന്നില്ല. പിന്നീടുള്ള കളികളുടെ കണക്കെടുപ്പ് വ്യത്യസ്തമായിരുന്നു. കളിക്കിടെ എഴുന്നേറ്റു പോയത് ഡിങ്ങായിരുന്നു അധികവും.

ചാംപ്യൻഷിപ്പിന് ഉപയോഗിക്കുന്ന ചെസ് മേശയ്ക്കുമുണ്ട് പ്രത്യേകത. സിംഗപ്പൂരിൽ കിട്ടുന്ന മരങ്ങൾ മാത്രം ഉപയോഗിച്ചാണ് അതു നിർമിച്ചിരിക്കുന്നത്. കളിക്കാർ കൈവയ്ക്കുന്ന ഭാഗത്ത് കുറച്ചു കുഷ്യൻ. ചെസിനെപ്പോലെതന്നെ അത്ര ലളിതമല്ല, അകത്തുള്ള കാര്യങ്ങളും. കളികൾ നേരിട്ടു സംപ്രേഷണം ചെയ്യുന്നതടക്കമുള്ള സംവിധാനങ്ങൾ മേശയ്ക്കകത്തുണ്ട്.

English Summary:

Ding Liren vs. D. Gukesh: World Chess Championship reaches new heights of accuracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com