കേരളം മങ്ങി, ഹരിയാന മിന്നി; ദേശീയ ജൂനിയർ അത്ലറ്റിക്സിന്റെ ആദ്യദിനം കേരളത്തിന് ഒരു വെങ്കലം മാത്രം
Mail This Article
കലിംഗ സ്റ്റേഡിയത്തിനു മുകളിൽ ഇന്നലെ വൈകിട്ട് കാർമേഘം മൂടിയതു പോലെ, കേരളവും നിരാശയിൽ മുങ്ങിയപ്പോൾ നിലവിലെ ചാംപ്യൻമാരായ ഹരിയാനയ്ക്ക് മിന്നുംതുടക്കം. ദേശീയ ജൂനിയർ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ ആദ്യദിനത്തിൽ 2 സ്വർണമടക്കം 8 മെഡലുകളുമായി ഹരിയാന കുതിപ്പ് തുടങ്ങി. 7 ഇനങ്ങളിൽ മത്സരിച്ച കേരളത്തിന് നേടാനായത് ഒരു വെങ്കലം മാത്രം. അണ്ടർ 20 പെൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ കാസർകോട് ചീമേനി സ്വദേശിനി അഖില രാജുവിലൂടെയായിരുന്നു കേരളത്തിന്റെ ആശ്വാസ മെഡൽ (47.41 മീറ്റർ).
മറ്റു 6 മത്സരങ്ങളിലും കേരള താരങ്ങൾ നിരാശപ്പെടുത്തി. അണ്ടർ 20 മിക്സഡ് റിലേയിൽ കേരള ടീമിന് മത്സരം പൂർത്തിയാക്കാനായില്ല. കേരളത്തിനായി ആദ്യ ലാപ്പിൽ ഓടിയ ടി.ആഘോഷ് പരുക്കേറ്റു പിൻമാറുകയായിരുന്നു.
അൻഷുവിന് റെക്കോർഡ്
അണ്ടർ 18 പെൺകുട്ടികളുടെ ഷോട്പുട്ടിൽ നിലവിലെ ദേശീയ റെക്കോർഡ് തകർത്ത ഹരിയാനയുടെ അൻഷു ധൻകർ മീറ്റിന്റെ ആദ്യദിനത്തിലെ സൂപ്പർ താരമായി. 16.85 മീറ്റർ പിന്നിട്ട് സ്വർണം നേടിയ അൻഷു കഴിഞ്ഞവർഷം പഞ്ചാബിന്റെ ഗുർലീൻ കൗർ കുറിച്ച 16.75 മീറ്ററിന്റെ റെക്കോർഡാണ് തിരുത്തിയത്. അണ്ടർ 18 പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ പഞ്ചാബിന്റെ അമാനദ് കാംബോജ് മീറ്റ് റെക്കോർഡോടെ സ്വർണം നേടി. ഇന്ന് 22 ഇനങ്ങളിൽ ഫൈനൽ നടക്കും. 17 ഇനങ്ങളിൽ കേരള താരങ്ങൾ മത്സരിക്കും. ത്രോ മത്സരങ്ങളിൽ കെ.സി.സർവാൻ, പാർവണ ജിതേഷ് എന്നിവർ മെഡൽ പ്രതീക്ഷയാണ്.