ADVERTISEMENT

മുംബൈ∙ ഈ മാസം വിവാഹിതരാകുന്ന ബാഡ്മിന്റനിൽ ഒളിംപിക്സ് വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധുവിനും പ്രതിശ്രുത വരൻ വെങ്കട്ട ദത്ത സായിക്കും ആശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. നേരിട്ടെത്തി വിവാഹം ക്ഷണിച്ച ഇരുവർക്കുമൊപ്പം ക്ഷണക്കത്തുമായി നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് സച്ചിൻ ആശംസകൾ നേർന്നത്.

ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട്ട ദത്ത സായിയുമായി ഈ മാസം 22ന് ഉദയ്‌പുരിൽ വച്ചാണ് സിന്ധുവിന്റെ വിവാഹം.

‘‘ബാഡ്മിന്റനിൽ സ്കോർ ആരംഭിക്കുന്നത് എപ്പോഴും ‘ലവ്’ വച്ചാണ്. വെങ്കട്ട ദത്ത സായിക്കൊപ്പമുള്ള താങ്കളുടെ സുന്ദരമായ യാത്ര ഇതേ ‘ലവു’മായി എക്കാലവും തുടരാനുള്ളതാണ്. നിങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാന ദിവസത്തിന്റെ ഭാഗമാകാൻ നേരിട്ടെത്തി ക്ഷണിച്ചതിനു പ്രത്യേക നന്ദി. വിഷിങ് യു ബോത് എ ലൈഫ്ടൈം ഓഫ് സ്മാഷിങ് മെമ്മറീസ് ആൻഡ് എൻഡ്‌ലെസ് റാലീസ് ഓഫ് ജോയ്’ – സച്ചിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

രണ്ടു കുടുംബങ്ങളും തമ്മിൽ വർഷങ്ങളായുള്ള പരിചയമാണെന്നും എന്നാൽ കഴിഞ്ഞ മാസമാണ് വിവാഹക്കാര്യം തീരുമാനമായതെന്നും സിന്ധുവിന്റെ പിതാവ് പി.വി.രമണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജനുവരി മുതൽ സിന്ധു വീണ്ടും മത്സരരംഗത്ത് സജീവമാകുന്നതിലാണ് ഡിസംബറിൽ തന്നെ കല്യാണം നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഹൈദരാബാദ് സ്വദേശിയായി വെങ്കട്ട ദത്ത സായി നിലവിൽ പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. കടുത്ത കായികപ്രേമിയായി ഇദ്ദേഹം ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകനാണ്. ബാഡ്മിന്റൻ, ക്രിക്കറ്റ് തുടങ്ങിയ കായിക മേഖലകളും കൃത്യമായി ശ്രദ്ധിക്കുന്ന വ്യക്തിയാണ്.

ഫൗണ്ടേഷൻ ഓഫ് ലിബറൽ ആൻഡ് മാനേജ്മെന്റ് എഡ്യുക്കേഷനിൽനിന്ന് അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ ബിരുദം നേടിയ വെങ്കട്ട ദത്ത സായ്, ബെംഗളൂരുവിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽനിന്ന് ഡേറ്റ സയൻസ് ആൻഡ് മെഷീൻ ലേണിങ്ങിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ലിബറൽ ആർട്സ് ആൻഡ് സയൻസസിൽ ഡിപ്ലോമയുമുണ്ട്.

English Summary:

PV Sindhu, fiance Venkata Datta Sai invite Sachin Tendulkar for wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com