ഞങ്ങളോട് മുട്ടാൻ ആരുണ്ടെടാ?
Mail This Article
സിംഗപ്പൂർ ∙ ഒരു കളിക്കാരനെന്ന നിലയിൽ ലോക ചാംപ്യനോട് ‘മുട്ടാൻ’ അവസരം കിട്ടിയാൽ എങ്ങനെയുണ്ടാവും? ‘വൗ!’ എന്നു പറയും അല്ലേ.. എന്നാൽ, നിങ്ങൾക്ക് ഒരേസമയം രണ്ടു ചാംപ്യൻമാരുമായി കളിക്കാൻ പറ്റിയാലോ? അതിനൊരു അവസരമായിരുന്നു ഇന്നലെ.
ലോക ചെസ് ചാംപ്യൻഷിപ്പിലെ ഫാൻസോണിൽ 20 പേരുമായി ഒരേ സമയം കളിച്ചത് മുൻ ലോക വനിതാ ചാംപ്യൻ അലക്സാന്ദ്ര കോസ്റ്റന്യൂക്കും മുൻ ലോക റാപിഡ് ചാംപ്യൻ അന്ന മ്യൂസിചുക്കും. ഓരോ കളിക്കാരനെതിരെയും ആദ്യം നീക്കം നടത്തുന്നത് അന്നയാണെങ്കിൽ അടുത്ത നീക്കം നടത്തുന്നത് അലക്സാന്ദ്രയാകും. ഈ ‘ടാൻഡെം സൈമൾട്ടേനിയസ് എക്സിബിഷ’നിൽ പങ്കെടുത്തവരെല്ലാം വളരെ സന്തോഷത്തിലായിരുന്നു, കളിയിൽ തോറ്റവർ പോലും.
‘‘പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരമാണ് ലോക ചാംപ്യൻഷിപ്. കളിക്കാരുടെ വികാരങ്ങളും സമ്മർദങ്ങളും അന്തരീക്ഷവും അനന്യം.’’ - യുക്രെയ്ൻ ഗ്രാൻഡ് മാസ്റ്ററായ അന്ന മ്യൂസിചുക് ‘മനോരമ’യോടു പറഞ്ഞു. ‘ഇന്ത്യയെനിക്ക് ഇഷ്ടമാണ്.
16 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഞങ്ങളുടെ ടീം സ്വർണം നേടിയത് 2022 മഹാബലിപുരം ഒളിംപ്യാഡിലാണ്.’ അന്നയും ഇളയ സഹോദരിയും മുൻ വനിതാ ലോക ചാംപ്യനുമായ മരിയ മ്യൂസിചുക്കും ഒളിംപ്യാഡിൽ യുക്രെയ്ൻ ടീമിനായി കളിച്ചിരുന്നു.