ദേശീയ ജൂനിയർ അത്ലറ്റിക്സ്: കേരളത്തിന് ഇന്നലെ ഒരു മെഡൽ മാത്രം
Mail This Article
ദേശീയ ജൂനിയർ അത്‌ലറ്റിക്സിന്റെ രണ്ടാം ദിനം കേരളത്തിന് ആശ്വാസമായൊരു സ്വർണമെഡൽ. അണ്ടർ 20 ആൺകുട്ടികളുടെ ലോങ്ജംപിൽ 7.39 മീറ്റർ ചാടി മലപ്പുറം സ്വദേശി മുഹമ്മദ് മുഹ്സിനാണ് സ്വർണം നേടിയത്. കടകശ്ശേരി ഐഡിയൽ കോളജിൽ ഒന്നാം വർഷ ബികോം വിദ്യാർഥിയാണ് മുഹ്സിൻ.
കാലിനു പരുക്കേറ്റതിനാൽ സംസ്ഥാന ജൂനിയർ മീറ്റിൽ ലോങ്ജംപിൽ വെള്ളിയിൽ ഒതുങ്ങിപ്പോയ പ്രകടനമാണ് ദേശീയ മീറ്റിൽ മുഹ്‌സിൻ സ്വർണമാക്കി മാറ്റിയത്. തവനൂർ ഇരണ്ടാപ്പുറത്ത് കുടുംബാംഗമാണ്. മുൻ കായിക താരങ്ങളുടെ കൂട്ടായ്മയായ ‘സ്പോർട്സ് ഈസ് മൈ ലൈഫ്’ നൽകിയ ട്രെയിൻ ടിക്കറ്റിലാണ് മുഹ്സിൻ ഭുവനേശ്വറിൽ മത്സരിക്കാനെത്തിയത്.
ദ്യുതിക്കൊപ്പം അഭിനയ
തിരുവനന്തപുരം സായ് സെന്ററിൽ പരിശീലിക്കുന്ന തമിഴ്നാട് സ്വദേശിനി അഭിനയ രാജരാജൻ, പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗം 100 മീറ്ററിൽ ദ്യുതി ചന്ദിന്റെ 11 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡിനൊപ്പമെത്തി. തിരുനെൽവേലി ആലംകുളം സ്വദേശിനി അഭിനയ മീറ്റ് റെക്കോർഡും തിരുത്തി.
ഹീറ്റ്സിൽ, ഇന്ത്യയുടെ രാജ്യാന്തര അത്‌ലീറ്റ് ദ്യുതി ചന്ദ് 2013ൽ കുറിച്ച 11.62 സെക്കൻഡ് സമയത്തിലാണ് അഭിനയയും ഫിനിഷ് ചെയ്തത്. അഭിനയയുടെ പിതാവ് എ.രാജരാജൻ തിരുവനന്തപുരം കിളിമാനൂരിൽ പാറമടകൾക്കുള്ള മെഷീനറി സ്പെയർ പാർട്സ് വിൽക്കുന്ന സ്ഥാപനം നടത്തുകയാണ്. അമ്മ ആർ.ശങ്കരിയും സഹോദരിയും തിരുനെൽവേലിയിലാണ് താമസം.
റെക്കോർഡ് മഴ
അണ്ടർ 20 പെൺകുട്ടികളുടെ 10,000 മീറ്റർ നടത്തത്തിൽ ഹരിയാനയുടെ ആരതി സ്വർണം നേടി. കഴിഞ്ഞ ഓഗസ്റ്റിൽ, പെറുവിൽ നടന്ന അണ്ടർ 20 ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ താരമാണ് ആരതി. അണ്ടർ 18 ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ ഉത്തർപ്രദേശിന്റെ നിതിൻ ഗുപ്ത ദേശീയ റെക്കോർഡോടെ (20:01:64) സ്വർണം നേടി. ഈയിനത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയവർ 2018ൽ ഉത്തരാഖണ്ഡിന്റെ സൂരജ് പൻവർ കുറിച്ച 20:23:30 എന്ന റെക്കോർഡ് തിരുത്തി. പുണെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒളിംപ്യൻ കെ.ടി.ഇർഫാന്റെ പരിശീലകൻ കൂടിയായിരുന്ന ഒളിംപ്യൻ ബസന്ത റാണയാണ് ആരതിയുടെയും നിതിന്റെയും പരിശീലകൻ.
അണ്ടർ 20 പോൾ വോൾട്ടിൽ ഹരിയാനയുടെ വൻഷിക ഘൻഗസ് മീറ്റ് റെക്കോർഡും ദേശീയ റെക്കോർഡും തിരുത്തി സ്വർണം നേടി. 2019ൽ കേരളത്തിന്റെ നിവ്യ ആന്റണി നേടിയ മീറ്റ് റെക്കോർഡും എ.ആന്റണി നേടിയ ദേശീയ റെക്കോർഡുമാണ് വൻഷിക മറികടന്നത്.