തിരിച്ചടിച്ച് ഡിങ് ലിറൻ, ഇന്നു വിശ്രമദിനം; ഇനി രണ്ടു ഗെയിമുകൾ ബാക്കി
Mail This Article
തന്റെ പ്രതാപകാലത്തേക്കുള്ള ലോക ചാംപ്യന്റെ പരകായപ്രവേശം കണ്ട കളിയിൽ ഡി.ഗുകേഷിനെ 39 നീക്കങ്ങളിൽ തോൽപിച്ച് ഡിങ് ലിറന്റെ തിരിച്ചുവരവ്. 11–ാം ഗെയിമിലെ തോൽവിക്കു 12–ാം ഗെയിമിൽ തിരിച്ചടി. സിംഗപ്പൂരിൽ നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ 2 കളി മാത്രം ബാക്കി നിൽക്കെ സ്കോർനില വീണ്ടും തുല്യം 6–6. ഇന്നു വിശ്രമദിനം. നിർണായകമായ 13–ാം ഗെയിം നാളെ.
ചേരുംപടി ചേർക്കുക എന്ന ചോദ്യത്തിനു കൃത്യമായും വ്യക്തമായും ഉത്തരമെഴുതിയ കുട്ടിയെപ്പോലെ ലോക ചാംപ്യന്റെ പ്രകടനം. ചങ്ങലയിലെ ഒരുമയുള്ള കണ്ണികൾ പോലെ തുടർച്ചയായി നല്ല നീക്കങ്ങൾ. അതിനായി ഡിങ് തിരഞ്ഞെടുത്തത് ഇംഗ്ലിഷ് ഓപ്പണിങ്. ചാംപ്യൻഷിപ്പിൽ ഒരു പോയിന്റിനു പിന്നിൽ നിൽക്കുന്ന തന്റെ സ്ഥിതി ഓർത്തിട്ടെന്നവണ്ണം രണ്ടാം നീക്കത്തിനു തെല്ലിട കാത്തിരിപ്പ്. നിയോ കാറ്റലൻ എന്നു വിശേഷിപ്പിക്കാവുന്ന നവീനമായ പ്രാരംഭത്തിലേക്ക് അതു വഴിമാറിയെങ്കിലും ആശങ്കയേതുമില്ലാതെ അതിവേഗമായിരുന്നു ഗുകേഷിന്റെ മറുപടികൾ.
ഡിങ്ങിന്റെ 10–ാം നീക്കത്തോടെ തുല്യമായ കരുനിലയിൽ ഗുകേഷിന്റെ ചിന്ത തുടങ്ങി. തലേന്നത്തെപോലെ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനും വ്യക്തമായി പ്രതികരിക്കാനുമാണ് ഗുകേഷിന്റെ ശ്രമം എന്നായി കമന്റേറ്റർമാർ.
14–ാം നീക്കത്തോടെ ഡിങ്ങിനു വേണമെങ്കിൽ വിദൂരമായ ജയത്തിനായി ശ്രമിച്ചു നോക്കാവുന്ന മധ്യഘട്ടം രൂപപ്പെട്ടു. പുതിയ ബലതന്ത്രങ്ങൾ പരീക്ഷിക്കാൻ പാകമായ പടനിലം. കരുനിലയിൽ തനിക്ക് നേരിയ ആനുകൂല്യമുണ്ടെന്നതിനപ്പുറം കളി ജയിച്ചേ പറ്റൂ എന്ന തിരിച്ചറിവിൽനിന്നായിരുന്നു ഡിങ്ങിന്റെ പതിനേഴാം നീക്കം (ക്യൂഡി2).
സംശയമുണർത്തുന്ന ഗുകേഷിന്റെ മറുപടിക്കു രാജ്ഞിയുടെ കളത്തിലെ കാലാളിനെ തള്ളി ഡിങ്ങിന്റെ മനോഹരമായ മറുപടി. കരുനിലയിൽ ഡിങ്ങിന്റെ ആധിപത്യം എല്ലാവരും അംഗീകരിച്ച നിമിഷം. ഗുകേഷിന്റെ 20–ാം നീക്കത്തോടെ ഡിങ്ങിന്റെ മുൻതൂക്കം കൂടുതൽ വ്യക്തമായെങ്കിലും അതു വിജയത്തിലെത്തിക്കൽ അത്ര എളുപ്പമല്ലായിരുന്നു. എന്നാൽ, 22–ാം നീക്കത്തിൽ ബിഷപ്പിനെ വിന്യസിച്ചതിൽ ഗുകേഷ് വരുത്തിയ പിഴവ് (ബിജി5) ഡിങ് മുതലെടുത്തു. ഏറ്റവും മികച്ച 23–ാം നീക്കം തന്നെ (എൻഎഫ്4) തിരഞ്ഞെടുത്ത ഡിങ്ങിനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
എപ്പോഴാണ് ഗുകേഷ് അടിയറവു പറയുക എന്നതിലേ എനിക്കു സംശയമുള്ളൂ.- ഏതാനും നീക്കം കഴിഞ്ഞപ്പോൾ, തിരിച്ചുവരാനാകാത്ത വിധം തകർന്ന ഗുകേഷിന്റെ പൊസിഷൻ കണ്ട് ഹംഗേറിയൻ ഗ്രാൻഡ് മാസ്റ്റർ പീറ്റർ ലീക്കോ പറഞ്ഞു.
39–ാം നീക്കത്തിൽ റൂക്കിനെ ബലി നൽകി ഡിങ് വിജയത്തിലേക്കുള്ള അവസാന ചടങ്ങും പൂർത്തിയാക്കി.