ഇത് ചരിത്രം, ഗുകേഷിന്റെ വിജയം കഠിനാധ്വാനത്തിന്റെ ഫലം: അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Mail This Article
സിംഗപ്പൂർ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ തോൽപിച്ച ഡി. ഗുകേഷിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുകേഷിന്റെ നേട്ടം ചരിത്രമാണെന്നും മാതൃകാപരമാണെന്നും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
‘‘ഗുകേഷിന്റെ നേട്ടത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ കഴിവിന്റെയും കഠിനാധ്വാനത്തിന്റേയും നിശ്ചയദാർഢ്യത്തിന്റേയും ഫലമാണ് ഈ വിജയം. ദശലക്ഷക്കണക്കിന് യുവ മനസ്സുകളെ സ്വപ്നം കാണാൻ പ്രചോദിപ്പിക്കുന്ന വിജയമാണിത്.’’– പ്രധാനമന്ത്രി പ്രതികരിച്ചു.
ലോക ചെസ് ചാംപ്യൻഷിപ്പ് വിജയിക്കുന്ന പ്രായം കുറഞ്ഞ താരമായ ഡി. ഗുകേഷിന്റെ നേട്ടത്തിൽ രാജ്യമാകെ അഭിമാനിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും വ്യക്തമാക്കി. ‘‘അഭിമാനകരമായ വിജയമാണിത്. ഈ വിജയം ചെസിലെ ഇന്ത്യയുടെ ആധിപത്യം ഊട്ടിയുറപ്പിക്കുന്നു. ഗുകേഷിന്റെ ഭാവി മികവുറ്റതാകാൻ എല്ലാവിധ ആശംസകളും.’’– രാഷ്ട്രപതി പ്രതികരിച്ചു.
ഗുകേഷിന്റെ വിജയം വ്യക്തിപരമായും ഏറെ അഭിമാനം നൽകുന്നതാണെന്ന് ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് പ്രതികരിച്ചു. വളരെ മികച്ച പോരാട്ടം തന്നെ നടത്തിയ ചൈനീസ് താരം ഡിങ് ലിറൻ ഒരു ചാംപ്യന്റെ പ്രകടനമാണു പുറത്തെടുത്തതെന്നും ആനന്ദ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.