ത്രില്ലർ നില !
Mail This Article
അഗ്നിവീര്യത്തോടെ പൊരുതി ഡി.ഗുകേഷ്, മഞ്ഞുമല പോലെ പ്രതിരോധിച്ച് ലോക ചാംപ്യൻ ഡിങ് ലിറൻ. ഫലം ലോക ചെസ് ചാംപ്യൻഷിപ്പിലെ പതിമൂന്നാം ഗെയിമിൽ 69 നീക്കങ്ങളിൽ സമനില. സ്കോർ തുല്യം (6.5-6.5).
ലോക ചാംപ്യനെ കണ്ടെത്താനുള്ള അവസാന ഗെയിം ഇന്നു നടക്കും. ഇന്ന് ജയിക്കുന്നയാൾ ലോക ചാംപ്യനാകും. ആ കളിയും സമനിലയായാൽ ചാംപ്യനെ കണ്ടെത്താൻ നാളെ ടൈബ്രേക്കർ നടക്കും.
വിശ്വനാഥൻ ആനന്ദിന്റെ 55–ാം ജന്മദിനമായിരുന്നു ഇന്നലെ. മുൻ ലോക ചാംപ്യന് ജന്മദിന സമ്മാനം നൽകാനുറപ്പിച്ചെന്നവണ്ണം ഗുകേഷിന്റെ മികച്ച തുടക്കം. വെളുത്ത കരുക്കളുമായി രാജാവിന്റെ മുന്നിലെ കാലാളെ നീക്കിയ ഗുകേഷിന് ആദ്യ ഗെയിമിൽ കളിച്ച ഫ്രഞ്ച് പ്രതിരോധവുമായി ഡിങ് ലിറന്റെ മറുപടി. ഏഴാം നീക്കത്തിൽ ആദ്യം മാറിക്കളിച്ചത് ഗുകേഷാണ്. ഡിങ് അതോടെ ചിന്തയിലാണ്ടു.
8 നീക്കങ്ങൾക്ക് ഒരു മിനിറ്റിൽ താഴെ മാത്രമാണ് ഗുകേഷ് എടുത്തതെങ്കിൽ ‘ആലോചന’ ഡിങ്ങിന്റെ സമയത്തെ കാർന്നു തിന്നുകൊണ്ടിരുന്നു. ചെസ് ഡേറ്റാ ബേസുകൾക്ക് അപരിചിതമായ കരുനില. 37 മിനിറ്റ് നീണ്ടു ഡിങ്ങിന്റെ ആലോചന. നിർണായക നീക്കങ്ങൾക്ക് സമയം ചെലവഴിക്കണമെന്ന നിലപാടുള്ള ലോക ചാംപ്യൻ അപ്പോഴേക്കും ക്ലോക്കിൽ 40 മിനിറ്റ് പിന്നിലായിരുന്നു. ഡിങ്ങിന്റെ മറുപടിക്ക് അൽപമൊന്ന് ആലോചിച്ചത് തയാറെടുപ്പുകളിൽനിന്നു ഗുകേഷ് പുറത്തു കടന്നെന്നതിന്റെ സൂചനായായി വിദഗ്ധർ വിലയിരുത്തി. എന്നാൽ ഗുകേഷിന്റെ കൃത്യമായ മറുപടി അധികം വൈകിയില്ല. ചെസ് എൻജിനുകൾ അപ്പോഴേക്കും ഗുകേഷിന് നേരിയ ആനൂകൂല്യം പ്രവചിച്ചു തുടങ്ങിയിരുന്നു.
രാജാവിന്റെ വശത്ത് കനത്ത ആക്രമണത്തിനു വഴിയൊരുക്കുന്ന രാജ്ഞിയുടെ നീക്കമായിരുന്നു ആനുകൂല്യം മുതലാക്കാൻ ഗുകേഷിന് ഏറ്റവും വിജയസാധ്യത നൽകിയത്. എന്നാൽ അതിലേക്കു നീങ്ങാതെ ഏറക്കുറെ സമാധാനപരമായി കരുവിനെ വിന്യസിക്കാനാണ് (എൻജി ഇ2) ഗുകേഷ് ശ്രമിച്ചത്. അത്യാക്രമണത്തിലുപരി സുരക്ഷ മുഖ്യം എന്ന നിലപാട്. ഗുകേഷ് സജീവമായി കളിക്കേണ്ടിയിരിക്കുന്നുവെന്നും അല്ലെങ്കിൽ മധ്യകളങ്ങളിലെ കാലാളുകൾ അന്ത്യഘട്ടത്തിൽ ബാധ്യതയാകാമെന്നുമായിരുന്നു കമന്ററി ബോക്സിൽ ബ്രിട്ടിഷ് ഗ്രാൻഡ് മാസ്റ്റർ ഡേവിഡ് ഹോവലിന്റെ അഭിപ്രായം. 15–ാം നീക്കത്തോടെ തനിക്കുള്ള നേരിയ ആനുകൂല്യം മുതലാക്കാൻ കൃത്യമായ തന്ത്രം കണ്ടെത്തുകയായി ഗുകേഷിന്റെ ലക്ഷ്യം. എതിർ പാളയത്തിൽ കുതിരയെ വിന്യസിച്ച ഗുകേഷിന്റെ നീക്കത്തിന് സംഘർഷം ലഘൂകരിക്കാനെന്നവണ്ണം കാലാളെ തള്ളി ഡിങ്ങിന്റെ മറുപടി. നിലവിലെ സ്ഥിതിയിൽ ഗുകേഷിനു മുൻതൂക്കമെങ്കിലും കൃത്യമായ നീക്കം കണ്ടെത്തിയില്ലെങ്കിൽ ഡിങ്ങിനു പതിയെ കളം പിടിക്കാൻ സാധ്യതയുള്ള പൊസിഷൻ. വ്യക്തമായ ആനുകൂല്യമുള്ള കരുനില മുൻകൂട്ടിക്കാണാനാകാതെ ഗുകേഷ് കുഴങ്ങിയെന്നു സംശയം. നേരിയ മുൻതൂക്കത്തിൽ പിടിച്ചുകയറണോ ഇരുവർക്കും സാധ്യതയുള്ള സങ്കീർണമായ പൊസിഷനിലേക്കു നീങ്ങണോ? 14 മിനിറ്റ് ചിന്തയ്ക്കു ശേഷം രണ്ടാമത്തെ പാതയാണ് ഗുകേഷ് തിരഞ്ഞെടുത്തത്. വിഷം പുരട്ടിയ അമ്പു പോലെ കെണിയൊരുക്കി ഗുകേഷിന്റെ 22–ാം നീക്കം. ഗുകേഷ് വച്ചു നീട്ടിയ ബിഷപ്പിനെ എടുത്താൽ എതിരാളിക്ക് റൂക്ക് നഷ്ടപ്പെടുന്ന സ്ഥിതി. പരിചയസമ്പന്നനെപ്പോലെ സംഘർഷം ലഘൂകരിച്ചെങ്കിലും വെട്ടിമാറ്റലുകൾ തുടർന്നപ്പോൾ ഡിങിന്റെ ശരീരഭാഷയിൽ അസ്വസ്ഥത പ്രകടമായിരുന്നു.
27–ാം നീക്കത്തിൽ ഏറ്റവും മികച്ച വഴി കണ്ടെത്തുന്നതിനപ്പുറം രാജ്ഞിയുടെ കളത്തിലെ കാലാളെ മുന്നോട്ടു തള്ളാനുള്ള ഗുകേഷിന്റെ തീരുമാനം എതിരാളിയുടെ സമയസമ്മർദം കണക്കിലെടുത്തായിരുന്നെന്നു വ്യക്തം. 31–ാം നീക്കത്തിൽ മധ്യകളത്തിൽ കുതിരയെ വിന്യസിച്ച് ഗുകേഷ് ഒരുക്കിയ വൻ അപകടങ്ങൾക്ക് സമയസമ്മർദത്തിലും രക്ഷപ്പെടാനുള്ള ഏക മറുനീക്കം കണ്ടെത്തി ലോക ചാംപ്യൻ. ഗുകേഷ് ഒരുക്കിയ തുടരൻ കെണികളെ അഭ്യാസിയുടെ പാടവത്തോടെ നേരിട്ടു ഡിങ്. 55–ാം നീക്കത്തോടെ ഗുകേഷ് രാജാവിന്റെ വശത്ത് ഒരു കാലാളെ കൂടുതൽ നേടിയെങ്കിലും ഒരേ വശത്തുള്ള കാലാൾ ആനുകൂല്യം ചെസ് തത്വങ്ങളനുസരിച്ച് സമനിലയ്ക്കു തുല്യമായിരുന്നു. 14 നീക്കങ്ങൾ കൂടി കളിച്ച് ഇരുവരും സമനില സമ്മതിച്ചു.