ADVERTISEMENT

ചെന്നൈ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ വീഴ്ത്തി ജേതാവായ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന് സമ്മാനപ്പെരുമഴ. ഗുകേഷിന്റെ മാതൃസംസ്ഥാനമായ തമിഴ്നാട്, താരത്തിന്റെ നേട്ടത്തിനുള്ള പ്രോത്സാഹനമായി 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്. ലോക ചെസ് ചാംപ്യൻഷിപ്പിൽ വിജയിച്ചതിലൂടെ ഗുകേഷിന് 12 കോടിയോളം രൂപ സമ്മാനമായി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്നാട് സർക്കാരും 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചത്.

സിംഗപ്പൂരിലെ സെന്റോസ റിസോർട്സ് വേൾഡിൽ നടന്ന 2024 ലോക ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യനെ അവസാന ഗെയിമിൽ കീഴടക്കിയാണ് 18–ാം ലോകചാംപ്യനായി ഗുകേഷ് കിരീടം നേടിയത്. 58 നീക്കങ്ങളിലാണ് ഗുകേഷ്, ഡിങ് ലിറനെ തോൽപിച്ചത്. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ 13 കളികൾ തീർന്നപ്പോൾ സ്കോർനില തുല്യമായിരുന്നു (6.5–6.5). അവസാന ഗെയിമിലെ ജയത്തോടെ സ്കോർ 7.5– 6.5 എന്ന നിലയിലായി. 14ാ–ം ഗെയിമിലെ 55–ാം നീക്കത്തിൽ ഡിങ് ലിറൻ വരുത്തിയ അപ്രതീക്ഷിത പിഴവാണ് ഗുകേഷിന്റെ വിജയത്തിലേക്കു നയിച്ചത്.

നേരത്തേ, 2023 ൽ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ യാൻ നീപോംനീഷിയെ തോൽപിച്ചാണു ഡിങ് ചാംപ്യനായത്. ചാംപ്യന്റെ എതിരാളിയെ കണ്ടെത്താൻ നടത്തിയ, 8 പേർ പങ്കെടുത്ത കാൻഡിഡേറ്റ്സ് ടൂർണമെന്റ് വിജയിച്ചാണ് ഗുകേഷ് ഡിങ്ങിനെ നേരിട്ടത്.

English Summary:

Gukesh Crowned World Chess Champion, Tamil Nadu Announces Rs 5 Crore Reward

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com