അർഹിച്ച ജയം, അച്ഛന് അവകാശപ്പെട്ടത്: ഗുകേഷിന്റെ വിജയത്തെക്കുറിച്ച് നിഹാൽ സരിൻ എഴുതുന്നു
Mail This Article
ചാംപ്യനാകാൻ എല്ലാത്തരത്തിലും അർഹതയുള്ളയാളുടെ വിജയം–ഗുകേഷിന്റെ ലോകകിരീടത്തെ ഇങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. 2022ൽ ചെന്നൈയിൽ നടന്ന ചെസ് ഒളിംപ്യാഡിൽ എന്റെ ടീം മേറ്റ് ആയിരുന്നു ഗുകേഷ്. ഗുകേഷ് കളിച്ചത് ഒന്നാം ബോർഡിൽ, ഞാൻ രണ്ടിലും. രണ്ടുപേർക്കും അതതു ബോർഡുകളിൽ സ്വർണം നേടാനായി. അദ്ദേഹവുമായുള്ള പരിചയം അതിനും വർഷങ്ങൾക്കു മുൻപേ ആരംഭിച്ചതാണ്. രാജ്യത്തിനകത്തും പുറത്തുമായി ടൂർണമെന്റുകളിൽ കണ്ടുമുട്ടിയിരുന്നവരാണു ഞങ്ങൾ.
പ്രഗ്നാനന്ദയും ഗുകേഷും ഞാനും ഒരുമിച്ച് ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തതു ഇപ്പോഴും ഓർക്കാൻ ഇഷ്ടമുള്ള അനുഭവമാണ്. ഗുകേഷിനെക്കുറിച്ചു പറയുമ്പോൾ ആദ്യം പരാമർശിക്കേണ്ടത് അദ്ദേഹം എത്രത്തോളം ഫോക്കസ്ഡ് ആണ് എന്നതു തന്നെ. ടൂർണമെന്റ് തുടങ്ങുന്നതു മുതൽ തീരുന്നതുവരെ മറ്റൊന്നും അദ്ദേഹത്തിന്റെ മനസ്സിലുണ്ടാകില്ല.
ഒരിക്കലും വിനയംവിട്ട് ആരോടും പെരുമാറില്ല. സമ്മർദ നിമിഷങ്ങളിൽ പോലും തികഞ്ഞ മര്യാദ. ടൂർണമെന്റുകളിൽ വിജയം നേടിയാലും തലക്കനമില്ല. ഇങ്ങനെയൊരാളായി ഗുകേഷിനു മാറാൻ കഴിഞ്ഞതിനും വലിയ നേട്ടങ്ങളിലേക്ക് ഉയരാനായതിനും പിന്നിൽ അദ്ദേഹത്തിന്റെ പിതാവിനുള്ള പങ്ക് അടുത്തു പരിചയമുള്ളവർക്കെല്ലാം അറിയാം. ഒരു സ്പോൺസറുടെ സഹായം പോലുമില്ലാതെയാണു മകനെ അദ്ദേഹം ഏറെക്കാലം ടൂർണമെന്റുകൾക്കു കൊണ്ടുപോയിരുന്നത്.
ഏതു നേട്ടത്തിലും അഹങ്കരിക്കരുതെന്നു മകനെ പഠിപ്പിച്ച ആ അച്ഛനു കൂടി അവകാശപ്പെട്ടതാണ് ഈ വിജയം. ഇൻഡോ–ചൈന പോരാട്ടമായി മാറിക്കഴിഞ്ഞ ലോക ചാംപ്യൻഷിപ്പിൽ കോടിക്കണക്കിനു പേരുടെ പ്രതീക്ഷയുടെ ഭാരമുണ്ടായിട്ടും പൊരുതി വിജയം നേടാൻ ഗുകേഷിനായി.