2025 നോർവെ ചെസിൽ മത്സരിക്കും, പോരാട്ടത്തിന് ഒരുങ്ങാൻ ഡി. ഗുകേഷ്
Mail This Article
ന്യൂഡൽഹി∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ തോൽപിച്ച് ചരിത്രമെഴുതിയ ഇന്ത്യൻ താരം ഡി. ഗുകേഷ് അടുത്ത വർഷം നടക്കുന്ന നോർവെ ചെസ് ടൂര്‍ണമെന്റിൽ പങ്കെടുക്കും. അടുത്ത വർഷം മേയ് 26 മുതൽ ജൂൺ ആറു വരെ നോർവെയിലെ സ്റ്റവങ്കറിലാണു ടൂർണമെന്റ് നടക്കേണ്ടത്. മുൻ ലോകചാംപ്യൻ മാഗ്നസ് കാൾസനും അർജുൻ എരിഗാസിയും ടൂർണമെന്റിൽ മത്സരിക്കും. ചൈനയുടെ വെയ് യിയും ടൂർണമെന്റിനെത്തും.
2024 നോര്‍വെ ചെസിൽ ഗുകേഷ് മത്സരിച്ചിരുന്നില്ല. ഇന്ത്യൻ താരങ്ങളായ ആർ. പ്രഗ്നാനന്ദ, വൈശാലി രമേഷ് ബാബു, കൊനേരു ഹംപി എന്നിവരായിരുന്നു കഴിഞ്ഞ വർഷത്തെ ടൂര്‍ണമെന്റിൽ പങ്കെടുത്തത്. മികച്ച തയാറെടുപ്പുകൾക്കു ശേഷം, നോർവെയിൽ ശക്തമായ മത്സരം തന്നെ നടത്തുമെന്നു ഗുകേഷ് പ്രതികരിച്ചു. 2023 ലെ നോർവെ ചെസിൽ പങ്കെടുത്തിട്ടുള്ള ഗുകേഷ് മൂന്നാം സ്ഥാനത്തായിരുന്നു. ഗുകേഷും പരിശീലകനായ ഗ്രെഗോർസ് ഗജെവ്സ്കിയും ഒരുമിച്ച ആദ്യ ടൂർണമെന്റായിരുന്നു ഇത്.