വാക്കുപാലിച്ച് സ്റ്റാലിൻ; ലോക ചാംപ്യനായി ചെന്നൈയിലെത്തിയ ഗുകേഷിന് പിറ്റേന്നു തന്നെ 5 കോടി രൂപയുടെ ചെക്ക് കൈമാറി– വിഡിയോ
Mail This Article
ചെന്നൈ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ വീഴ്ത്തി ജേതാവായ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന്, തമിഴ്നാട് സർക്കാരിന്റെ സമ്മാനമായി പ്രഖ്യാപിച്ച 5 കോടി രൂപ ‘കയ്യോടെ’ കൈമാറി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈയിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച ഔദ്യോഗിക സ്വീകരണ പരിപാടിയിലാണ്, 5 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി സ്റ്റാലിൻ ഗുകേഷിന് കൈമാറിയത്. മാതാപിതാക്കൾക്കൊപ്പമാണ് ഗുകേഷ് സമ്മാനം ഏറ്റുവാങ്ങിയത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മുൻ ലോക ചാംപ്യൻ വിശ്വനാഥൻ ആനന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സമ്മാനം കൈമാറിയതിനൊപ്പം, ചെന്നൈയിൽ ഒരു ചെസ് അക്കാദമി സ്ഥാപിക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു. സംസ്ഥാന കായിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാകും അക്കാദമി സ്ഥാപിക്കുക. ചെസിൽ മികവു പുലർത്തുന്ന താരങ്ങളെ കണ്ടെത്തി വളർത്താനും തമിഴ്നാട്ടിൽനിന്ന് കൂടുതൽ ചാംപ്യൻമാരെ സൃഷ്ടിക്കാനുമാണ് ഈ അക്കാദമികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചു.
‘‘ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടുള്ള 85 ചെസ് ഗ്രാൻഡ് മാസ്റ്റർമാരിൽ 31 പേരെയും സംഭാവന ചെയ്തത് തമിഴ്നാടാണ്. ഈ അംഗീകാരവും സ്വീകരണവും ഗുകേഷിനു മാത്രമുള്ളതല്ല, ഇവിടെനിന്ന് ചെസിൽ ശോഭിച്ചിട്ടുള്ള എല്ലാവർക്കുമായിട്ടുള്ളതാണ്. പ്രതിഭകളെ കണ്ടെത്താനും വളർത്തി ചാംപ്യൻമാരാക്കാനുമായി ഒരു ചെസ് അക്കാദമി സ്ഥാപിക്കും’ – സ്റ്റാലിൻ പറഞ്ഞു.
12–ാം വയസിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ഗുകേഷ്, 18 വയസ്സായപ്പോഴേക്കും ലോക ചാംപ്യനുമായെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
‘‘വെറും 18 വയസ് മാത്രം പ്രായമുള്ളപ്പോഴേക്കും ലോക ചെസ് ചാംപ്യനായ ഗുകേഷിന് അഭിനന്ദനങ്ങൾ. ചെന്നൈയിൽ നിന്നുള്ള നമ്മുടെ പയ്യൻ ഒരു പുതിയ റെക്കോർഡ് കൂടി സ്ഥാപിച്ചിട്ടുണ്ട്. ഈ ലോകം ഒന്നടങ്കം അവനെ അഭിനന്ദനങ്ങൾകൊണ്ട് മൂടുന്നു. എല്ലാവരും ഗുകേഷിനെ മാതൃകയാക്കി വലിയ നേട്ടങ്ങൾ കൊയ്യുക. നമ്മൾ ലക്ഷക്കണക്കിന് ഗുകേഷുമാരെ സൃഷ്ടിക്കണം’ – സ്റ്റാലിൻ പറഞ്ഞു.
ഗുകേഷിന്റെ മാതൃസംസ്ഥാനമായ തമിഴ്നാട്, താരത്തിന്റെ വിജയത്തിനു പിന്നാലെ തന്നെ പ്രോത്സാഹനമായി 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്. ലോക ചെസ് ചാംപ്യൻഷിപ്പിൽ വിജയിച്ചതിലൂടെ ഗുകേഷിന് 12 കോടിയോളം രൂപ സമ്മാനമായി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്നാട് സർക്കാരും 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചത്.
സിംഗപ്പൂരിലെ സെന്റോസ റിസോർട്സ് വേൾഡിൽ നടന്ന 2024 ലോക ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യനെ അവസാന ഗെയിമിൽ കീഴടക്കിയാണ് 18–ാം ലോകചാംപ്യനായി ഗുകേഷ് കിരീടം നേടിയത്. 58 നീക്കങ്ങളിലാണ് ഗുകേഷ്, ഡിങ് ലിറനെ തോൽപിച്ചത്. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ 13 കളികൾ തീർന്നപ്പോൾ സ്കോർനില തുല്യമായിരുന്നു (6.5–6.5). അവസാന ഗെയിമിലെ ജയത്തോടെ സ്കോർ 7.5– 6.5 എന്ന നിലയിലായി.