ഗുകേഷിന്റെ നികുതി ബാധ്യത ഒഴിവാക്കണം, കേന്ദ്രസർക്കാർ പാരിതോഷികം പ്രഖ്യാപിക്കണമെന്നും ആവശ്യം
Mail This Article
ചെന്നൈ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ തോൽപിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ താരം ഡി. ഗുകേഷിന് സമ്മാനത്തുകയുടെ നികുതിയിൽ ഇളവു നൽകണമെന്ന് ആവശ്യം. തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ് പ്രതിനിധി ആർ. സുധയാണ് നികുതി ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയത്. ഗുകേഷിന് കേന്ദ്രസർക്കാർ സമ്മാനത്തുക പ്രഖ്യാപിക്കണമെന്നും കോൺഗ്രസ് എംപി ആവശ്യപ്പെട്ടു.
കോൺഗ്രസ് സർക്കാരുകൾ ഭരിച്ചിരുന്ന കാലത്ത് ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുൽക്കർ, രവി ശാസ്ത്രി എന്നിവർക്ക് നികുതിയിൽ ഇളവ് അനുവദിച്ചിരുന്നതായും സുധ അവകാശപ്പെട്ടു. അഞ്ച് കോടി രൂപയാണ് ഗുകേഷിന് തമിഴ്നാട് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്. സിംഗപ്പൂരിൽനിന്ന് നാട്ടിലെത്തിയ ഗുകേഷിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ തുക കൈമാറുകയും ചെയ്തു.
ലോക ചെസ് ചാംപ്യൻഷിപ്പിലെ വിജയത്തിലൂടെ 11.45 കോടി രൂപയോളം പ്രതിഫലമായി ലഭിച്ചെങ്കിലും, അതിന്റെ വലിയൊരു ഭാഗം ഗുകേഷിന് നികുതിയായി അടയ്ക്കേണ്ടി വരും. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 4.67 കോടി രൂപയാണ് ഗുകേഷ് നികുതിയായി അടയ്ക്കേണ്ടി വരിക.
ലോക ചെസ് ചാംപ്യൻഷിപ്പിലെ ആകെ സമ്മാനത്തുക 2.5 മില്യൻ യുഎസ് ഡോളറാണ്. അതായത് ഏതാണ്ട് 21.20 കോടി രൂപ! ആകെയുള്ള 14 ഗെയിമുകളിൽ ഓരോ ഗെയിം ജയിക്കുമ്പോഴും ജേതാവിന് ലഭിക്കുക 1.69 കോടിയോളം രൂപയാണ്. ഈ കണക്കു പ്രകാരം മൂന്നു ജയം നേടിയ ഗുകേഷിന് 5.07 കോടി രൂപയോളമാണ് സമ്മാനമായി ലഭിച്ചത്. രണ്ടു ജയം നേടിയ ഡിങ് ലിറന് 3.38 കോടി രൂപയും ലഭിച്ചു. ബാക്കിയുള്ള സമ്മാനത്തുക ഇരുവർക്കുമായി തുല്യമായി വീതിക്കുകയാണ് ചെയ്യുക.