ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനും പാര അത്‍ലീറ്റ് പ്രവീൺ കുമാറിനും മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരത്തിനു ശുപാർശ. പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചത് ഹർമൻപ്രീത് സിങ്ങായിരുന്നു. പാരിസ് പാരാലിംപിക്സിൽ ടി64 പുരുഷ ഹൈജംപില്‍ സ്വർണം നേടിയ താരമാണ് പ്രവീൺ കുമാർ.

സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ നേതൃത്വം നൽകുന്ന 12 അംഗ സില‌ക്ഷൻ കമ്മിറ്റിയാണ് പുരസ്കാരത്തിനായി താരങ്ങളെ ശുപാർശ ചെയ്തത്. അതേസമയം പാരിസിൽ ഇരട്ട മെഡലുകൾ നേടിയ ഷൂട്ടിങ് താരം മനു ഭാകറിന്റെ പേര് പട്ടികയിൽ ഇല്ല. മനു പുരസ്കാരത്തിനായി അപേക്ഷിച്ചിട്ടില്ലെന്നാണ് കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ മനു അപേക്ഷ അയച്ചിരുന്നതായി താരത്തിന്റെ കുടുംബം പ്രതികരിച്ചിട്ടുണ്ട്.

മനു അപേക്ഷിച്ചില്ലെങ്കിലും പാരിസിലെ ഗംഭീര വിജയങ്ങൾ പരിഗണിച്ച് കമ്മിറ്റിക്ക് പുരസ്കാരത്തിനായി ശുപാർശ ചെയ്യാമായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അപേക്ഷിക്കാതെ തന്നെ അര്‍ജുന പുരസ്കാരം നൽകിയിരുന്നു. 2020 ൽ മനു ഭാകറിന് രാജ്യം അർജുന പുരസ്കാരം നൽകി ആദരിച്ചിരുന്നു.

പാരിസിൽ വനിതാ 10 മീറ്റര്‍ എയർ പിസ്റ്റൽ, 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം ഇനങ്ങളിൽ മനു ഭാകർ വെങ്കല മെഡലുകൾ നേടിയിരുന്നു. പാരിസ് ഒളിംപിക്സിനു പിന്നാലെ ‘ഞാൻ ഖേൽരത്ന അർഹിക്കുന്നുണ്ടോയെന്ന്’ എക്സ് പ്ലാറ്റ്ഫോമിൽ ചോദിച്ച മനുവിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു.

English Summary:

Manu Bhaker's Name Missing From Nominees List For Major Dhyan Chand Khel Ratna Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com