ഖേൽരത്ന: ആദ്യ പട്ടികയിൽ ഉൾപ്പെടാതെ മനു ഭാക്കർ
Mail This Article
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിൽ ഇരട്ട മെഡൽ നേടിയ ഷൂട്ടിങ് താരം മനു ഭാക്കറിന്റെ പേര് ഖേൽരത്ന പുരസ്കാരങ്ങളുടെ നാമനിർദേശ പട്ടികയിൽ ഉൾപ്പെട്ടില്ലെന്ന് ആരോപണം. നാഷനൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ മനുവിന്റെ പേര് നൽകിയിട്ടില്ലെന്നാണ് വിവരം. എന്നാൽ ഖേൽരത്ന ഉൾപ്പെടെയുള്ള ദേശീയ കായിക പുരസ്കാരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മനു ഭാക്കറിന്റെ പേര് അതിലുണ്ടാകുമെന്നാണു കരുതുന്നതെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയിലുള്ള 12 അംഗ സമിതിയാണു അവാർഡിനുള്ള ശുപാർശകൾ കായിക മന്ത്രാലയത്തിന്റെ അന്തിമ പരിഗണനയ്ക്കു നൽകുന്നത്.
കഴിഞ്ഞ തവണ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ പേര് അവാർഡ് നിർണയ സമിതിയുടെ പരിഗണനയിലുണ്ടായിരുന്നില്ലെങ്കിലും അന്തിമ ഘട്ടത്തിൽ അർജുന അവാർഡ് ജേതാക്കളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഈ വർഷത്തെ അവാർഡിന്റെ കാര്യത്തിൽ കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ രണ്ടു ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കുമെന്നാണു വിവരം.