രാജ്യത്തിനായി മെഡലുകൾ നേടേണ്ടിയിരുന്നില്ലെന്നു പറഞ്ഞു, മനു ആകെ തകർന്നുപോയി: ഉള്ളുലഞ്ഞ് പിതാവ്
Mail This Article
ന്യൂഡൽഹി∙ ഖേൽരത്ന പുരസ്കാര വിവാദത്തിൽ ഷൂട്ടിങ് താരം മനു ഭാകർ ആകെ തകർന്ന അവസ്ഥയിലാണെന്നു മനുവിന്റെ പിതാവ് റാം കിഷൻ ഭാകർ പറഞ്ഞു. പാരിസിലേക്കു പോയി ഇന്ത്യയ്ക്കായി മെഡലുകൾ വാങ്ങരുതായിരുന്നെന്നു മനു പ്രതികരിച്ചതായി പിതാവ് റാം ഭാകർ പറഞ്ഞു. ‘‘മനുവിനെ ഷൂട്ടിങ് താരമാകാൻ അനുവദിച്ചതിൽ ഞാനിപ്പോൾ ഖേദിക്കുന്നു. അവളെ ക്രിക്കറ്ററാക്കിയാൽ മതിയായിരുന്നു. അപ്പോൾ എല്ലാ പുരസ്കാരങ്ങളും അവളെ തേടിയെത്തുമായിരുന്നു.’’– റാം ഭാകർ വ്യക്തമാക്കി.
‘‘ഒരു ഒളിംപിക്സിൽ രണ്ടു മെഡലുകൾ മനു നേടിയിട്ടുണ്ട്. മറ്റാരും ഈ നേട്ടത്തിലെത്തിയിട്ടില്ല. രാജ്യത്തിനായി ഇതിലും കൂടുതൽ എന്താണു പ്രതീക്ഷിക്കുന്നത്? അവളുടെ പരിശ്രമങ്ങൾ അംഗീകരിക്കണം. ഞാന്‍ മനുവിനോടു സംസാരിച്ചു. ഒളിംപിക്സിൽ പങ്കെടുത്ത് രാജ്യത്തിനായി മെഡലുകൾ നേടേണ്ടിയിരുന്നില്ല എന്നാണ് അവൾ പറഞ്ഞത്.’’
പുരസ്കാരത്തിനായി അപേക്ഷിക്കാത്തതിനാലാണ് മനു ഭാകറെ ഖേൽരത്ന ശുപാർശയിൽ ഉൾപ്പെടുത്താത്തതെന്നാണ് കേന്ദ്രകായിക മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ ഓണ്‍ലൈൻ പോര്‍ട്ടൽ വഴി അപേക്ഷിച്ചിരുന്നതായി മനുവിന്റെ കുടുംബം വാദിക്കുന്നു. വിവാദമായ സാഹചര്യത്തിൽ മനു ഭാകറെ കൂടി ഖേൽരത്ന പട്ടികയിൽ ഉൾപ്പെടുത്താനാണു സാധ്യത.